തിരുവനന്തപുരം: പ്രവാസികള്‍ ഉള്‍പ്പെടെ കേരളത്തിലെ ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നവര്‍ ജാഗ്രത. ബാങ്കിലെ വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയെടുക്കുന്ന സംഘം കഴിഞ്ഞവര്‍ഷം സംസ്ഥാനത്തെ ദേശസാല്‍കൃത ബാങ്കുകളുടെ ഡേറ്റാ ബേസ് ചോര്‍ത്തി സ്വന്തമാക്കിയത് ഏകദേശം 130 കോടിയിലേറെ രൂപയാണ്. കേരളത്തിലെ അഞ്ചു പൊതുമേഖലാ ബാങ്കുകളുടെ ഡേറ്റാബേസാണ് ചോര്‍ന്നത്. സുരക്ഷാ നടപടികള്‍ കര്‍ശനമാക്കാന്‍ ബാങ്കുകള്‍ക്ക് രഹസ്യാന്വേഷണ വിഭാഗം നിര്‍ദേശം നല്‍കി. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ഡേറ്റാ ബേസ് സെര്‍വറില്‍ കടന്നുകയറിയാണ് ഹാക്കര്‍മാര്‍ കോടികളുടെ തട്ടിപ്പിന് കളമൊരുക്കിയത്. സെര്‍വറില്‍ നിന്ന് ഉപഭോക്താക്കളുടെ പേരും വിലാസവും അക്കൗണ്ട് സംബന്ധിച്ച സൂക്ഷ്മമായ വിവരങ്ങള്‍ വരെ തട്ടിപ്പ്‌സംഘം കൈക്കലാക്കും.

തുടര്‍ന്ന് മാഗ്‌നറ്റിക് എടിഎം കാര്‍ഡുകള്‍ ചിപ്പ് കാര്‍ഡുകളാക്കി പുതുക്കണം എന്ന നിര്‍ദേശത്തോടെ ഉപഭോക്താക്കളെ ഫോണില്‍ ബന്ധപ്പെടും. വിശ്വാസ്യത ഉറപ്പിക്കാന്‍ എടിഎം കാര്‍ഡിന് പിന്നിലെ 16 അക്ക നമ്പര്‍ കൃത്യമായി പറയും. മിനിറ്റുകള്‍ക്കകം ഉപഭോക്താവിന്റെ ഫോണിലേക്ക് ഒടിപി നമ്പര്‍ അഥവാ വണ്‍ ടൈം പാസ്!വേഡ് എസ്എംഎസ് ആയി അയക്കും. ഈ പാസ്‌വേഡ് ചോദിച്ചറിഞ്ഞാണ് തട്ടിപ്പ് സംഘം അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുക. ഒരുവര്‍ഷത്തിനിടെ ഇത്തരത്തില്‍ 130 കോടിരൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസിന് ലഭിച്ച വിവരം. 1.80 കോടി രൂപ നഷ്ടപ്പെട്ടതായി പരാതികള്‍ ലഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് ബാങ്കുകള്‍ മുന്നറിയിപ്പ് നല്‍കി. എടിഎം കാര്‍ഡ് നമ്പര്‍ മറ്റാരോടും വെളിപ്പെടുത്തരുത്, ഫോണിലൂടെ വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ നല്‍കരുത്, ഫോണ്‍ കോളുകള്‍ ലഭിച്ചാല്‍ ബാങ്കുമായി നേരിട്ട് ബന്ധപ്പെടുക, കാര്‍ഡിന്റെ നമ്പര്‍ ആവശ്യപ്പെട്ടാല്‍ ബാങ്കുമായി ബന്ധപ്പെടുക, എടിഎം കാര്‍ഡ് മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കുക, പണം പിന്‍വലിക്കുമ്പോള്‍ മെസേജ് ഉറപ്പാക്കുക, പണം നഷ്ടപ്പെട്ടാല്‍ ബാങ്കുമായി ബന്ധപ്പെടുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here