ന്യൂഡല്‍ഹി: ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ നിന്ന് യാത്രചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്. ഇനി മുതല്‍ വിമാനം റദ്ദാക്കുകയോ, വൈകുകയോ, യാത്രക്കാര്‍ക്ക് പ്രവേശനം നിഷേധിക്കുകയോ ചെയ്താല്‍ അധികൃതര്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ആണ് ഇത്തരത്തിലൊരു നിബന്ധന കൊണ്ടുവന്നത്. വിമാനം റദ്ദാക്കുകയോ രണ്ടു മണിക്കുറിലേറെ വൈകുകയോ ചെയ്താല്‍ വിമാനാധികൃതര്‍ 10,000 രൂപ വരെ യാത്രക്കാരനു നല്‍കേണ്ടതായി വരും. യാത്രക്കാരനെ വിമാനത്തില്‍ പ്രവേശിപ്പിക്കാതിരുന്നാല്‍ 20,000 രൂപവരെയും യാത്രക്കാരന് നഷ്ടപരിഹാരമായി നല്‍കേണ്ടിവരും. നിലവില്‍ വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്താല്‍ 4,000 രൂപയാണ് നല്‍കുന്നത്. അടുത്തമാസം ഒന്നാം തീയതി മുതല്‍ നിര്‍ദേശങ്ങള്‍ നടപ്പില്‍ വരും.
അടുത്തിടെയാണ് രാജ്യത്തെ അന്തര്‍ദേശീയ വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് ഇനി 25,000 രൂപയുടെ വരെ സാധനങ്ങള്‍ വാങ്ങാമെന്ന ചട്ടം വ്യോമയാനമന്ത്രാലയം നടപ്പാക്കിയത്. നേരത്തെ 5,000 രൂപയുടെ വരെ സാധനങ്ങളേ വാങ്ങാന്‍ കഴിയുമായിരുന്നുള്ളൂ. അത് അഞ്ചിരട്ടിയാക്കിയാണ് കേന്ദ്രം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് വാങ്ങാവുന്ന തുകയുടെ പരിധി കൂട്ടണമെന്ന യാത്രക്കാരുടെ ആവശ്യത്തെ തുടര്‍ന്നാണ് ഈ നടപടി. അന്തര്‍ദേശീയ വിമാനത്താവളങ്ങളിലെത്തുകയും പോകുകയും ചെയ്യുന്ന യാത്രക്കാര്‍ക്ക് 25,000 രൂപയില്‍ കൂടാത്ത പണം കൈവശം വെയ്ക്കാമെന്ന് കഴിഞ്ഞ വര്‍ഷം റിസര്‍വ് ബാങ്ക് ഉത്തരവിട്ടിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here