ദൈവീകതേജസ് ഇറങ്ങി വസിക്കുന്ന സംഗമകൂടാരം: ചിക്കഗോ സെന്റ്‌ തോമസ്‌ ഓർത്തഡോക്സ് ദൈവാലയം: ഫാ. ജോൺസൺ പുഞ്ചക്കോണം 

clergy മലങ്കര ഓർത്തഡോക്സ് സഭയുടെ ചിക്കഗോയിലെ പ്രഥമ ദൈവാലയമായ സെന്റ്‌ തോമസ്‌ ഓർത്തഡോക്സ് ഇടവകക്ക് ഇത് സ്വപ്‌നസാഫല്യത്തിന്റെ സുദിനം. ചിക്കഗോയുടെ നഗരഹൃദയത്തിൽ, ഒഹയർ ഇന്റർ നാഷണൽ എയർപോർട്ടിന് അടുത്ത് നോർവുഡ്‌ പാർക്കിന് സമീപം  പുതിയ ദൈവാലയം സ്വന്തമാക്കിയതോടുകൂടി നാലര പതിറ്റാണ്ട്‌ പിന്നിടുന്ന ചിക്കഗോ സെന്റ്‌ തോമസ്‌ ഓർത്തഡോക്സ് ദൈവാലയത്തിൻറെ ചരിത്രനാഴികകല്ലില്‍ പുതിയൊരധ്യായംകൂടി എഴുതിചേര്‍ക്കപ്പെടുകയായി.

ദൈവീകതേജസ് ഇറങ്ങി വസിക്കുന്ന സംഗമകൂടാരം

HolyofHoliesസ്വർഗ്ഗീയവും ഭൗമീകവുമായ ദൈവീകതേജസ്  നിറഞ്ഞുനില്‍ക്കുന്ന ദൈവമഹത്വത്തിന്റെ മനുഷ്യരുടെ ഇടയിലുള്ള ദൃശ്യമായ അടയാളമായി മാറി അക്ഷരാർത്ഥത്തിൽ ഷിക്കാഗോ സെൻറ് തോമസ് ഓർത്തഡോക്സ്  ദൈവാലയം. സമാഗമനകൂടാരത്തില്‍ ഇസ്രായേല്‍ ജനതയോടൊപ്പം ഇറങ്ങിവസിച്ച ദൈവം പുതിയ നിയമത്തില്‍ ദൈവാലയമാകുന്ന സമാഗമനകൂടാരത്തില്‍ സഭാ മക്കളിലേക്ക്  ഇറങ്ങി വസിക്കുന്നു എന്നതാണ് മലങ്കര ഓർത്തഡോക്സ് സഭയുടെ വിശ്വാസം. ഈ ദേവാലയത്തിന്റെ പ്രവേശനകവാടം മുതൽ മാലാഖമാരുടെ അകമ്പടിയോടുകൂടി  സ്വർഗ്ഗം ചായിച്ചു  താണിറങ്ങിവരുന്ന ദൈവസാന്നിധ്യം വിശ്വാസികളുടെ ഹൃദയത്തിൽ ഉറപ്പുവരുത്തുന്ന സംഗമകൂടാരമായി മാറിയിരിക്കുന്നു  ഇപ്പോൾ ഈ ദേവാലയം.  (പുറ 33:7-11). തനതായ ഓർത്തഡോക്സ് പാരമ്പര്യം അനുഭവിച്ചറിയുവാൻ  പരിശുദ്ധ ദൈവമാതാവിന്റെയും, ശ്ലീഹന്മാരുടെയും, വിശുദ്ധന്മാരുടെയും, പ്രവാചകന്മാരുടെയും. മാലാഖമാരുടെയും  ദൃശ്യസാന്നിദ്ധ്യം വിളിച്ചറിയിക്കുന്ന  അൻപത്തിയാറിൽപരം ഐക്കണുകളാൽ മനോഹരമാക്കിയിരിക്കുന്ന ഈ വിശുദ്ധ മന്ദിരം. ഇത്രയും മനോഹരമായി രൂപകല്പന ചെയ്തിട്ടുള്ള മറ്റൊരു ദേവാലയം തന്റെ ജീവിതത്തിൽ  കൂദാശ ചെയ്തിട്ടില്ല എന്നു പരിശുദ്ധ കാതോലിക്കാ ബാവ തന്റെ അനുഗ്രഹ പ്രഭാഷണത്തിൽ അനുസ്മരിച്ചു.

 മോശ ദൈവത്തിന്റെ അടുക്കൽ കയറിച്ചെന്നു (പുറ:19:3)
Church Outside

ദൈവാലയം കയറി ചെല്ലാനുള്ളതാണ്. ഇറങ്ങി വരുവാനുള്ളതല്ല എന്നതാണ് പഴയ നിയമ പാരമ്പര്യം. അതുകൊണ്ട് തന്നെയാണ് പടികൾ താണ്ടി കയറി ചെല്ലാത്തക്കരീതിയിൽ നമ്മുടെ ദൈവാലയങ്ങൾ പണികഴിക്കുന്നത്.  പതിനേഴു പടികളും ചവിട്ടി അകത്തളത്തിലേക്ക് പ്രവേശിക്കുന്ന വിശ്വാസികൾക്ക് ദിവ്യാനുഭൂതി നുകരുവാൻ കെരൂബുകളുടെ സംഗീതവും, ശലോമോന്റെ ആരോഹണ ഗീതങ്ങളും ഒരുപോലെ സമന്വയിക്കുന്ന ഈ ദൈവാലയത്തിന്റെ അതിവിശുദ്ധ സ്ഥലം ഭൂനിരപ്പിൽനിന്ന് ഇരുപത്തഞ്ചടിയോളം ഉയരത്തിൽ നിറഞ്ഞു പ്രശോഭിക്കത്തക്കവിധത്തിൽ ഉയർത്തി പണിതിരിക്കുന്നു. മനുഷ്യൻ വസിക്കുന്ന ഭൂമി അശുദ്ധമാക്കപ്പെട്ടതാകയാൽ അതിൽ നിന്ന് ഉയരത്തിലാകണം ദൈവം ഇറങ്ങി വരുന്ന സ്ഥലം എന്നതാണ് വിശ്വാസം.

സമാഗമന കൂടാരത്തിലും (പുറ 40:34), ശലോമോൻ പണിത ദൈവാലയത്തിലും(1 രാജാ 8:11) നിറഞ്ഞ യഹോവയുടെ ദൈവതേജസ് പുതിയനിയമസഭയിൽ ദൈവത്തിന്റെ വിശുദ്ധ നിവാസമായ അതിവിശുദ്ധ സ്ഥലത്തും, ദൈവത്തിന്റെ മന്ദിരമായ വിശ്വാസികളിലും ഇറങ്ങി വസിക്കുവാൻ സാധിക്കുന്നതായിരിക്കണം. വിശ്വാസജീവിതത്തിലും, സ്വഭാവരൂപീകരണത്തിലും കൂട്ടായ്‌മയുടെ വളര്‍ച്ചയിലും  ദൈവാലയത്തിന്റെ പ്രസക്തിയും, പ്രാധാന്യവും തിരിച്ചറിഞ്ഞതുകൊണ്ടുവേണം ദേവാലയങ്ങൾ നിർമ്മിക്കുവാൻ. വരുംതലമുറയ്‌ക്കായി വിശ്വാസി സമൂഹം കരുതിവെയ്‌ക്കുന്ന അതിശ്രേഷ്‌ഠമായ നിധിയാണ് ഈ പരിശുദ്ധ ദൈവാലയം.

ഓർത്തഡോക്സ് സഭകളുടെ പൗരാണികപാരമ്പര്യം വിളിച്ചറിയിക്കുന്ന  ചിത്രരചനാരീതി അനുവർത്തിച്ചുകൊണ്ട്, ആരാധനയുടെ വ്യത്യസ്ത ചാതുരത  പ്രകടമാക്കുന്നതാണ് അതിന്റെ ഐക്കണോഗ്രഫി.  കുമ്മായം ചേർത്ത് മിനുസ്സപ്പെടുത്തിയ കട്ടികൂടിയ പ്രതലത്തിൽ ടെമ്പർ പൗഡറും മുട്ടയുടെ വെള്ളയും ഒരു പ്രത്യക അളവിൽ കൂട്ടിക്കലർത്തി   പ്രത്യേകമായി രൂപപ്പെടുത്തിയ കൂട്ടാണ് ഇതിനായി ഉപയോഗിക്കുന്നത്.  നിരന്തരമായ പ്രാർത്ഥനയോടും ഉപവാസത്തോടും കൂടി മുനിവര്യന്മാരാൽ വരക്കപ്പെടുന്ന ഐക്കൺ ചിത്രങ്ങൾ ഓർത്തോഡോക്സ് ആദ്ധ്യാത്മികതയിലേക്കുള്ള  പ്രവേശന കവാടമാണ്.

മാർത്തോമാ സിംഹാസനത്തിന്റെ  91-മത്തെ പിൻഗാമിക്ക് സെനറ്ററുടെ ആദരം

New Doc 5_1

എ ഡി 52-ൽ ക്രിസ്തു ശിഷ്യനായ മാർത്തോമാ ശ്ലീഹായാൽ സ്ഥാപിതമായ മാർത്തോമാ സിംഹാസനത്തിന്റെ  91-മത്തെ പിൻഗാമിയും  മലങ്കര ഓർത്തോഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനുമായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവയെ  ആദരിച്ചുകൊണ്ടു  ഇല്ലിനോയി സ്റ്റേറ്റ് സെനറ്റർ ജോൺ ജി. മുൾറോയ് പ്രൊക്ലമേഷൻ പുറത്തിറക്കി

പരിശുദ്ധ കാതോലിക്ക ബാവ ഇല്ലിനോയി സ്റ്റേറ്റ് ഗസ്റ്റ്

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും, കിഴക്കിന്റെ കാതോലിക്കയും, മലങ്കര മെത്രാപോലീത്തയുമായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവയെ ഇല്ലിനോയി സ്റ്റേറ്റിന്റെ അതിഥിയിയി സ്വീകരിക്കുകയും,  ഇല്ലിനോയി സ്റ്റേറ്റ് നിയമ നിർമാണ സഭയുടെ 99 അസംബ്‌ളി ജൂലൈ 2 കാതോലിക്കാ ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു കൊണ്ട് പ്രമേയം പാസാക്കി മലങ്കര സഭയെ ആദരിച്ചു

ഗിരിപ്രഭാഷണ വേളയിൽ നമ്മുടെ കർത്താവ്‌ പറഞ്ഞ വിശപ്പും ദാരിദ്ര്യവുമൊക്കെ ഭാഗ്യാവസ്ഥയാണെന്ന തിരുമൊഴികൾ ആധുനിക ദൈവശാസ്ത്രജ്ഞന്മാർ അതു ദൗർഭാഗ്യമെന്ന്‌ പഠിപ്പിക്കുന്നത്‌ കർത്താവിന്റെ തിരുവചനം മനസിലാക്കാതെയാണെന്ന്‌ പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. വിശപ്പും ദാരിദ്ര്യവും അത്‌ ആത്മാവിലാണെങ്കിലും ഭൗതിക പ്രകാരമാണെങ്കിലും അത്‌ സൗഭാഗ്യകരമായ അവസ്ഥയാണെന്ന്‌ പഠിപ്പിക്കുന്ന ഒരു സഭയുടെ മക്കളാണ്‌ നാമെല്ലാവരും. ഒരു ക്രിസ്തുവും ഒരു ബൈബിളും അനേകം സഭകളുമുള്ള ഒരു കാലഘട്ടത്തിൽ പഠിപ്പിക്കലുകൾക്കും വ്യത്യാസമുണ്ട്‌. എന്നാൽ നമുക്ക്‌ ഒരു പൈതൃകമുണ്ട്‌. അത്‌ അനേകം മൈലുകൾ താണ്ടി ഭാരതത്തിലെത്തി ക്രിസ്തുവിന്റെ സുവിശേഷമറിയിച്ച ക്രിസ്തുശിഷ്യനായ മർത്തോമ്മാ ശ്ളീഹായുടെ പൈതൃകമാണ്‌ അത്‌. ആ പൈതൃകം നമ്മുടേതു മാത്രവുമാണ്‌. അവിടെ, നമ്മുടെ കർത്താവിൽ നിന്നു കേട്ട്‌ നമുക്കു പകർന്നു തന്ന സുവിശേഷമാണ്‌ നമ്മുടെ വിശ്വാസത്തിന്റെയും സഭാ ജീവിതത്തിന്റെയും ആധാരം. അതു മാറ്റമില്ലാതെ പരിപാലിക്കുന്ന സഭയുടെ വിശ്വാസത്തിൽ വിശപ്പും ദാരിദ്ര്യവുമൊക്കെ സൗഭാഗ്യത്തിന്റെ ദൈവരാജ്യ സുവിശേഷമാണ്‌. അതിലൂടെ മാത്രമെ ദൈവരാജ്യത്തിന്റെ സൗഭാഗ്യകരമായ അവസ്ഥയിൽ നമുക്കെത്തിച്ചേരാനാകുവെന്നു നാം മറക്കരുതെന്നും ബാവാ ഓർമ്മിപ്പിച്ചു. മലങ്കര സഭ ഇന്ന്‌ ഒരു ആഗോള സഭയാണ്‌. മാർത്തോമാ ശ്ളീഹാ സ്ഥപിച്ച മലങ്കര സഭയിലെ അമേരിക്കയിലുള്ള ഈ ദേവാലയത്തിലും നാം ദൈവചൈതന്യം നാം അനുഭവിക്കുന്നു- ബാവാ കൂട്ടിച്ചേർത്തു.

image1ജൂൺ 29 ബുധനാഴ്ച ഷിക്കാഗൊയിൽ എത്തിയ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും, കിഴക്കിന്റെ കാതോലിക്കയും, മലങ്കര മെത്രാപോലീത്തയുമായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവക്കു  ചിക്കാഗോ ഒഹയർ അന്താരാഷ്ട്ര വിമാനതാവളത്തിൽ രാജകിയ വരവേൽപ്പ് നൽകി. സൗത്ത് വെസ്റ് അമേരിക്കൻ ഭദ്രാസന മെത്രാപോലീത്ത അഭി.അലക്സിയോസ് മാർ യുസേബിയോസ്,  കണ്ടനാട് ഈസ്റ് ഭദ്രാസന മെത്രാപ്പാലീത്ത ഡോ മാത്യുസ് മാർ സേവേറിയോസ്, ഷിക്കാഗോ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. ഹാം ജോസഫ്, ഫാ.ജോൺസൺ പുഞ്ചകൊണം,ഫാ.ഡാനിയേൽ ജോർജ്, ഫാ.എബി ചാക്കോ, ഫാ. മാത്യൂസ് ജോർജ്ജ്, സഭാ മാനേജിഗ് കമ്മറ്റി അംഗങ്ങളായ ഡീക്കൻ ജോർജ് പൂവത്തൂർ, ശ്രീ ജോയ് പുലിക്കോട്ടിൽ, തുടങ്ങി അനേകം വൈദീകരും, വിശ്വാസികളും ചേർന്നു ഊഷ്മളമായ സ്വീകരണം നൽകി. അനേകം വാഹനങ്ങളുടെ അകമ്പടിയോടെ വൈകിട്ട്‌ 5.30-ന്‌ ദേവാലയകവാടത്തിൽ എത്തിച്ചേർന്ന പരിശുദ്ധ കാതോലിക്കാ ബാവക്കു സെന്റ്‌ തോമസ്‌ ഓർത്തഡോക്സ്‌ ദേവലയത്തിൽ ഇടവകയുടെ പ്രഥമ വികാരി കുര്യൻ തോട്ടുപുറം കോർ എപ്പിസ്കോപ്പാ കത്തിച്ച മെഴുകുതിരി നൽകി ദേവാലയത്തിലേക്ക്  സ്വീകരിസിച്ചാനയിച്ചു.  സന്ധ്യാനമസ്കാരത്തിനും ശേഷം വിശുദ്ധ പത്രോസ്‌ പൗലോസ്‌ ശ്ളീഹന്മാരുടെ ഓർമ്മപ്പെരുന്നാൾ കുർബ്ബാനയ്ക്  കണ്ടനാട് ഈസ്റ് ഭദ്രാസന മെത്രാപ്പാലീത്ത ഡോ മാത്യുസ് മാർ സേവേറിയോസ് പ്രധാന കാർമികത്വം വഹിച്ചു.

managing Committe1971 ഫെബ്രുവരിയിൽ കേവലം 14 ഇടവക അംഗങ്ങളുമായി ആരംഭിച്ച ഈ ഓർത്തഡോക്സ് സമൂഹം അനന്തമായ ദൈവകൃപയിലൂടെ വളര്‍ന്ന്‌, ഇന്ന്‌ എഴുപതില്‍പ്പരം കടുംബങ്ങളുള്ള ഇടവകയായി മാറിക്കഴിഞ്ഞു. ഈ ദേവാലയത്തിന്റെ ആദ്യ വികാരി വെരി.റെവ.കുര്യാക്കോസ് തോട്ടുപുറം കോർ എപ്പിസ്കൊപ്പ ആണ്. വെരി.റെവ. എം.ഇ ഇടുക്കുള കോർ എപ്പിസ്കൊപ്പ, വെരി.റെവ.കോശി വി. പൂവത്തൂർ കോർ എപ്പിസ്കൊപ്പ, റെവ.ഫാ. ശ്ലൊമോ ഐസക് ജോർജ്ജ്, റെവ.ഫാ.ഹാം ജോസഫ്, റെവ.ഡീക്കൺ ജോർജ്ജ് പൂവത്തൂർ എന്നിവരുടെ സ്‌തുത്യര്‍ഹമായ സേവനവും, നേതൃപാടവവും ഈ ദൈവാലയത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ ആക്കംകൂട്ടി. സൗകര്യങ്ങളുടെ അപര്യാപ്‌തതയാണ്‌ പുതിയ ദൈവാലയം എന്ന ചിന്തയിലേക്ക്‌ ഇടവക അംഗങ്ങളെ ആനയിച്ചത്‌. അംഗങ്ങളുടെ കൂട്ടായ്‌മയുടേയും, കഠിനാധ്വാനത്തിന്റേയും, നിരന്തരമായ പ്രാര്‍ത്ഥനയുടേയും ഫലമായിട്ടാണ് പുതിയ ദൈവാലയം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത് .ഇടവക വികാരി ഫാ. ഫാ.ഹാം ജോസഫിന്റെ നേതൃത്വത്തില്‍ ദൈവാലയ കമ്മിറ്റിയും, ഇടവക മാനേജിഗ് കമ്മറ്റിയും, വിവിധ ആദ്ധ്യാത്മിക സംഘടനകളും, യുവജനസമൂഹവും ഒത്തൊരുമിച്ച്‌ നടത്തിയ നിരന്തര പ്രയത്‌നങ്ങളാണ്‌ ഇതിനു കരുത്തേകിയത്‌. ഇടവകയുടെ കാവൽപിതാവായ പരിശുദ്ധ മാർത്തോമാ ശ്ലീഹായുടേയും, പരിശുദ്ധ പരുമല തിരുമേനിയുടേയും മാധ്യസ്ഥതയും, പ്രാർഥനയും തുണയായി.

gentsനാനൂറില്‍പ്പരം വിശ്വാസികൾക്ക് ഒരുമിച്ച്‌ ആരാധനയിൽ പങ്കെടുക്കുവാൻ സൗകര്യമുള്ള പുതിയ ദൈവാലയവും, വിശാലമായ ഹാളും, കിച്ചൺ, സണ്ടേസ്കൂൾ ക്ലാസുകള്‍ നടത്താന്‍ പര്യാപ്തമായ നിരവധി മുറികളും ഉള്‍പ്പെടുന്നതാണ്‌ പുതിയ കെട്ടിട സമുച്ചയം. നൂറില്‍പ്പരം കാറുകള്‍ക്ക്‌ പാര്‍ക്ക്‌ ചെയ്യാവുന്ന സൗകര്യവും ഇതോടനുബന്ധിച്ചുണ്ട്‌.

ladiesസൗകര്യങ്ങളുടെ അപര്യാപ്‌തതയാണ്‌ പുതിയ ദൈവാലയം എന്ന ചിന്തയിലേക്ക്‌ ഇടവക അംഗങ്ങളെ ആനയിച്ചത്‌. അംഗങ്ങളുടെ കൂട്ടായ്‌മയുടേയും, കഠിനാധ്വാനത്തിന്റേയും, നിരന്തരമായ പ്രാര്‍ത്ഥനയുടേയും ഫലമായിട്ടാണ് പുതിയ ദൈവാലയം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത് .ഇടവക വികാരി ഫാ.ഹാം ജോസഫിന്റെയും,  ജോർജ് പൂവത്തൂർ ശെമ്മാശന്റെയും  നേതൃത്വത്തില്‍ ദൈവാലയ കമ്മിറ്റിയും, ഇടവക മാനേജിഗ് കമ്മറ്റിയും, വിവിധ ആദ്ധ്യാത്മിക സംഘടനകളും, യുവജനസമൂഹവും ഒത്തൊരുമിച്ച്‌ നടത്തിയ നിരന്തര പ്രയത്‌നങ്ങളാണ്‌ ഇതിനു കരുത്തേകിയത്‌. ഇടവകയുടെ കാവൽപിതാവായ പരിശുദ്ധ മാർത്തോമാ ശ്ലീഹായുടേയും, പരിശുദ്ധ പരുമല തിരുമേനിയുടേയും മാധ്യസ്ഥതയും, പ്രാർഥനയും തുണയായി.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
Vicar: Rev. Fr. Ham Joseph 847-594-5790 (H) 708-856-7490 (C) frhamjoseph@gmail.com
Rev. Dn. George Poovathur 773-561-5738 (C)
Trustee: Shajan Varghese 847-675-2149 (C)
Secretary: Koshy George 847-983-0433 (C)
അഡ്രസ്‌ :
St. Thomas Orthodox Church Chicago – IL
6099 N Northcott Avenue Chicago, IL 60631
വെബ്‌: http://www.stocc.org

LEAVE A REPLY

Please enter your comment!
Please enter your name here