വാഷിംഗ്ടണ്‍: അമേരിക്കയിലെ അലാസ്‌കയില്‍ മുങ്ങിക്കൊണ്ടിരുന്ന മത്സ്യബന്ധന ബോട്ടിലെ ജീവനക്കാരെ രക്ഷിക്കാന്‍ നേതൃത്വം നല്‍കിയതു മലയാളി ക്യാപ്റ്റന്‍. അപകടത്തില്‍പ്പെട്ട അലാസ്‌ക ജൂറിസ് എന്ന മല്‍സ്യബന്ധന കപ്പലില്‍ നിന്നുള്ള അടിയന്തര സന്ദേശം ലഭിച്ചതിനെ തുടര്‍ന്നു തൊടുപുഴ കരിമണ്ണൂര്‍ വടക്കേക്കൂറ്റ് ജിമ്മി ജോസഫ് (48) ക്യാപ്റ്റനായ സ്പാര്‍കാനിയ എന്ന കപ്പലാണു ജീവനക്കാരുടെ രക്ഷയ്‌ക്കെത്തിയത്. ജിമ്മിയാണു അപകടവിവരം അലാസ്‌കന്‍ ലൈറ്റ് ഹൗസില്‍ ആദ്യമറിയിച്ചത്. അലാസ്‌കയ്ക്കു സമീപം അലോഷ്യന്‍ ദ്വീപില്‍ നിന്നു 45 നോട്ടിക്കല്‍ മൈല്‍ (83.34 കിലോമീറ്റര്‍) അകലെ ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണു അപകടം നടന്നത്. മുങ്ങിത്തുടങ്ങിയതോടെ കപ്പല്‍ ഉപേക്ഷിച്ച ജീവനക്കാര്‍ കാറ്റുനിറച്ച ചെറു വളളങ്ങളില്‍ രക്ഷാപ്രവര്‍ത്തകരെ കാത്തിരിക്കുകയായിരുന്നു.

സ്പാര്‍കാനിയ കപ്പലില്‍ നിന്നു ജീവനക്കാര്‍ ബോട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തി. കപ്പലില്‍ നിന്നു എറിഞ്ഞു കൊടുത്ത കയറുകള്‍ ഉപയോഗിച്ചു ചെറുവള്ളങ്ങള്‍ കപ്പലിനടുത്തേക്ക് അടുപ്പിച്ചാണു ജീവനക്കാരെ രക്ഷപ്പെടുത്തിയത്. സ്പാര്‍കാനിയ കപ്പല്‍ 28 പേരെ രക്ഷപ്പെടുത്തിയപ്പോള്‍ മറ്റൊരു കപ്പലായ വിയന്ന എക്‌സ്പ്രസ് 18 ജീവനക്കാരെയും രക്ഷപ്പെടുത്തി. ലൈറ്റ് ഹൗസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്ററുകളും കപ്പലുകളും വൈകാതെ സംഭവ സ്ഥലത്തെത്തുകയും കപ്പലുകളില്‍ നിന്നു ജീവനക്കാരെ കരയിലേക്കു കൊണ്ടു പോവുകയും ചെയ്തു.

എന്‍ജിന്‍ റൂമില്‍ വെള്ളം കയറിയാണു മല്‍സ്യ ബന്ധന കപ്പല്‍ മുങ്ങിയതെന്നു ജിമ്മി അറിയിച്ചതായി കൊച്ചിയിലുള്ള ബന്ധു അര്‍ജുന്‍ തോമസ് പറഞ്ഞു. 20 വര്‍ഷമായി ഹോങ്കോങിലെ ഫ്‌ലീറ്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി ചെയ്യുകയാണു ജിമ്മി. കാനഡയിലെ വാന്‍കൂവറില്‍ നിന്നു തായ്‌ലന്‍ഡിലേക്കു ചരക്കുമായി പോവുകയായിരുന്നു സ്പാര്‍കാനിയ. പാല കൈപ്പന്‍പ്ലാക്കല്‍ ദീപയാണു ജിമ്മിയുടെ ഭാര്യ. ഏക മകന്‍ ആല്‍ബര്‍ട്ട് (ആറ് വയസ്).

LEAVE A REPLY

Please enter your comment!
Please enter your name here