കൊച്ചി: നടി കാവ്യാ മാധവനാണെന്നു കരുതി ലൈക്കടിച്ചതമുഴുവന്‍ കൊണ്ടുപോയത് അരവിന്ദ് ബാബു എന്ന തട്ടിപ്പുകാരന്‍. നടി കാവ്യാ മാധവന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി ചിത്രങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചു വന്നയാള്‍ പിടിയിലായതോടെ കാവ്യയുടെ ആയിരക്കണക്കിന് ഫേസ്ബുക്ക് ആരാധകര്‍. കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട പന്തളം സ്വദേശി അരവിന്ദ് ബാബുവിനെയാണ് സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. തന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടെന്നറിഞ്ഞ നടി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എംപി ദിനേശിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഡെപ്യൂട്ടി കമ്മീഷണര്‍ അരുള്‍ കൃഷ്ണ ഐപിഎസിന്റെ നേതൃത്വത്തില്‍ കൊച്ചി സിറ്റി സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് അരവിന്ദ് ബാബുവിനെ കണ്ടെത്തിയത്.

കാവ്യയുടെ പേരും ചിത്രവും ദുരുപയോഗം ചെയ്തതിന് പുറമെ അശ്ലീല ചുവയുള്ള കമന്റുകളും പോസ്റ്റുകളും ഈ അക്കൗണ്ട് വഴി അരവിന്ദ് വ്യാജ പ്രൊഫൈലിലൂടെ നിരന്തരംപ്രചരിപ്പിച്ചു. നാല് വര്‍ഷമായി വ്യാജ അക്കൗണ്ട് പ്രവര്‍ത്തിച്ചു വരികയായിരുന്നു. സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ കാവ്യയുടെ പേരില്‍ പന്ത്രണ്ടോളം വ്യാജ അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഈ അക്കൗണ്ടുകളും നിരീക്ഷണത്തിലാണെന്ന് പോലീസ് വ്യക്തമാക്കി. സൈബര്‍ സെല്ലില്‍ നിന്നും അസി. കമ്മീഷണര്‍ ബാബുകുമാര്‍ എസ്സിപിഒ പ്രമോദ്, സിപിഒ രാജേഷ് എന്നിവര്‍ക്കൊപ്പം ഷാഡോ വിഭാഗത്തില്‍ നിന്നും എസ് ഐ മാരായ എല്‍ദോ ജോസഫ് നിത്യാനന്ത പൈ, എ എസ് ഐ അബ്ദുള്‍ ജബ്ബാര്‍, സിപിഒമാരായ ജയരാജ്, വാവ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here