കോട്ടയം: കോണ്‍ഗ്രസ് നേതൃത്വവും യു.ഡി.എഫുമായും ഇടഞ്ഞുനില്‍ക്കുന്ന കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണിയെ അനുനയിപ്പിക്കാനും പ്രശ്‌നങ്ങള്‍ പറഞ്ഞ് അവസാനിപ്പിക്കാനും മുഖ്യ ശത്രുവായി മാണി വിശേഷിപ്പിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടുത്തദിവസം കോട്ടയത്തത്തെിയേക്കും. പുറമെ യു.ഡി.എഫ് നേതാക്കളും മാണിയെ കാണും. ശനിയാഴ്ച ഉമ്മന്‍ ചാണ്ടിക്കൊപ്പം പാലായിലെ വസതിയിലത്തെി മാണിയെ കാണാന്‍ രമേശ് തീരുമാനിച്ചിരുന്നെങ്കിലും പനി ബാധിച്ചതിനാല്‍ യാത്ര ഒഴിവാക്കുകയായിരുന്നു.മാണിയുമായി കൂടിക്കാഴ്ച നടത്താന്‍ രമേശിനുമേല്‍ ഘടകകക്ഷികളുടെയും മുതിര്‍ന്ന നേതാക്കളുടെയും സമ്മര്‍ദം ശക്തമാവുകയാണ്. കേരള കോണ്‍ഗ്രസ് യു.ഡി.എഫ് വിടുന്ന ഒരു സാഹചര്യവും സൃഷ്ടിക്കപ്പെടരുതെന്ന സന്ദേശവും ഇവര്‍ നല്‍കുന്നു. ശനിയാഴ്ച പാലായിലെത്തെിയ ഉമ്മന്‍ ചാണ്ടി അനുനയചര്‍ച്ച നടത്തിയെങ്കിലും നിലപാടില്‍ ഉറച്ചുനിന്ന മാണി ബാര്‍കോഴക്കേസില്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയ രമേശ് ചെന്നിത്തലക്കെതിരെയാണ് രൂക്ഷവിമര്‍ശം നടത്തിയത്. കോണ്‍ഗ്രസുമായുള്ള പ്രശ്‌നങ്ങള്‍ പെട്ടെന്ന് ചര്‍ച്ചചെയ്ത് തീര്‍ക്കാനാവില്ലെന്നും പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റിയെടുത്ത തീരുമാനങ്ങള്‍ കോണ്‍ഗ്രസ് ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കോഴക്കേസിലടക്കം കോണ്‍ഗ്രസ് നേതാക്കളില്‍നിന്നുണ്ടായ വേദനാജനകമായ വിഷയങ്ങള്‍ പരിഹരിക്കാന്‍ നടപടി വേണം. കേരള കോണ്‍ഗ്രസിനെ അംഗീകരിക്കാനുള്ള മനസ്സും വേണം. നിലവില്‍ കോണ്‍ഗ്രസിലെ പലര്‍ക്കും ഈ സമീപനം ഇല്ല. യു.ഡി.എഫില്‍ ചര്‍ച്ചചെയ്യാതെ രമേശിനെ നിയമസഭാ കക്ഷിനേതാവാക്കിയതിലുള്ള അമര്‍ഷം അറിയിച്ച മാണി ബാര്‍ കോഴക്കേസിലെ ഗൂഢാലോചനയേക്കാള്‍ തന്നെ വിഷമിപ്പിച്ചത് ബാറുടമ ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയും രമേശും പങ്കെടുത്തതാണെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കും എം.എല്‍.എമാര്‍ക്കും ശക്തമായ അമര്‍ഷമുണ്ടെന്നും ചൂണ്ടിക്കാട്ടി.

എല്ലാ പ്രശ്‌നവും ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സമയം വേണമെന്നും യു.ഡി.എഫ് നേതാക്കളെ മുഴുവന്‍ വിഷയത്തില്‍ ഇടപെടുത്തി സമവായം ഉണ്ടാക്കാമെന്നും ഉറപ്പുനല്‍കിയാണ് ഉമ്മന്‍ ചാണ്ടി മടങ്ങിയത്. എന്നാല്‍, തിരക്കിട്ട തീരുമാനങ്ങള്‍ എടുക്കരുതെന്ന നിര്‍ദേശത്തോട് മാണി അനുകൂലമായല്ല പ്രതികരിച്ചത്. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ ഇടപെടാന്‍ യു.ഡി.എഫ് നിയോഗിച്ച മുന്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും മാണിയെ കാണാന്‍ തീരുമാനിച്ചത്. ചൊവ്വാഴ്ചയൊ ബുധനാഴ്ചയൊ കുഞ്ഞാലിക്കുട്ടി മാണിയെ കണ്ടേക്കും. ഘടകകക്ഷി നേതാക്കള്‍ ഇടപെട്ടാല്‍ പ്രതിസന്ധി പരിഹരിക്കാനാവുമെന്നാണു കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്. ആഗസ്റ്റ് ആറിനും ഏഴിനും ചരല്‍ക്കുന്നില്‍ നടക്കുന്ന പാര്‍ട്ടി ക്യാമ്പില്‍ നിര്‍ണായക തീരുമാനം എടുക്കുമെന്നാണ് മാണിയുടെ മുന്നറിയിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here