കോട്ടയം: ഒ.രാജഗോപാലിന്റെ ക്ഷണത്തില്‍ എല്ലാമുണ്ട്. യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് സ്വതന്ത്രരായി നില്‍ക്കുമെന്നു പ്രഖ്യാപിച്ച കെ.എം.മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എന്‍ഡിഎ മുന്നണിയിലേക്കു തന്നെയാണ് സാവധാനം കാലെടുത്തുവയ്ക്കുന്നത്. മാണിയുടേത് പ്രശ്‌നാധിഷ്ടിത രാഷ്ട്രീയമാണെന്ന ബിജെപി എംഎല്‍എ ഒ.രാജഗോപാലിന്റെ നിലപാട് നല്‍കുന്ന സൂചന ഇതാണ്. അല്ലെങ്കില്‍ത്തന്നെ രാഷ്ട്രീയ തന്ത്രജ്ഞനായ മാണി ഒന്നും കാണാതെ ഇറങ്ങിപ്പുറപ്പെടാനിടയില്ലെന്ന് നിരീക്ഷകര്‍ കരുതുന്നു. കത്തോലിക്കാ സഭയിലെ നാല് ബിഷപ്പുമാരുടെ സാന്നിധ്യത്തില്‍ ആറു മാസം മുമ്പ് നടന്ന ചര്‍ച്ചയിലാണ് മുന്നണി വിടാന്‍ ആലോചനയുണ്ടായതെന്നും സൂചനയുണ്ട്. പ്രത്യേക ബ്ലോക്കായി നിയമസഭയിലിരിക്കാനും സമാന്തരമായി കത്തോലിക്കാ കോണ്‍ഗ്രസിന്റെയും കേരള കോണ്‍ഗ്രസിന്റെയും സംവിധാനങ്ങള്‍ സംയോജിപ്പിച്ച് അണിയറനീക്കം ശക്തമാക്കാനുമാണ് ആദ്യം തീരുമാനിച്ചതെങ്കില്‍ ഇപ്പോഴത് എന്‍ഡിഎയുടെ ഭാഗമാകുക എന്ന നിലപാടിലേക്ക് മാറിയിട്ടുണ്ട്.
അധികാരമോഹത്തില്‍ അധിഷ്ഠിതമായ പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താക്കളായ കേരള കോണ്‍ഗ്രസിന് ഭരണസ്വാധീനമില്ലാതെ അണികളെയും നേതാക്കളെയും ഒപ്പംനിര്‍ത്തുക സുസാധ്യമല്ല എന്നതുതന്നെ കാരണം. യുഡിഎഫിനോട് സലാം പറഞ്ഞു പിരിഞ്ഞാല്‍ ജോസ് കെ മാണിയെ കേന്ദ്രമന്ത്രിയാക്കാമെന്ന് ബിജെപിയുടെ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് സൂചന. സ്വതന്ത്ര ചുമതലയുളള സഹമന്ത്രിസ്ഥാനമാണ് ജോസ് കെ മാണിയ്ക്ക് ബിജെപി കേന്ദ്രനേതൃത്വം വാഗ്ദാനം ചെയ്യുന്നത്. ഒ രാജഗോപാലിന്റെ നേതൃത്വത്തില്‍ ഏഴ് അംഗങ്ങളുളള എന്‍ഡിഎ ബ്ലോക്കു രൂപപ്പെടുന്നതോടെ ബിജെപിയുടെ വാദങ്ങള്‍ കേരള നിയമസഭയില്‍ ശക്തമായി ഉയരുകയും ചെയ്യും.
എന്നാല്‍ പൊടുന്നനെ കേരള കോണ്‍ഗ്രസിന് മന്ത്രിസ്ഥാനം കൊടുക്കുന്നതില്‍ സംസ്ഥാന ബിജെപി നേതൃത്വത്തിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. ബാര്‍ കോഴക്കേസില്‍ മാണി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കുമ്മനം തുറന്നടിച്ചത് ഈ അതൃപ്തിയുടെ സൂചനയാണ്. എന്നാല്‍ ഒരു വ്യക്തി നടത്തിയ അഴിമതിയുടെ പേരില്‍ ഒരു പാര്‍ട്ടിയുമായുളള സഹകരണം വേണ്ടെന്നു വെയ്ക്കുന്നത് ശരിയല്ലെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ ബാര്‍ കോഴ വിവാദം ചൂടുപിടിച്ചു നിന്ന കാലത്തു തന്നെ നിലപാടു വ്യക്തമാക്കിയിരുന്നു. പഞ്ചായത്തു സമിതികളില്‍ അധികാരം നേടാന്‍ കേരള കോണ്‍ഗ്രസ് എമ്മുമായി സഹകരിക്കാന്‍ തയ്യാറാണെന്നും മുരളീധരന്‍ അന്നു വ്യക്തമാക്കിയിരുന്നു. ഈ നിലപാടിനൊപ്പമാണ് അമിത് ഷായും ബിജെപിയുടെ കേന്ദ്രനേതൃത്വവും.
ബാര്‍ കോഴ, അഴിമതി വിവാദങ്ങളുമായി കൂട്ടിക്കെട്ടി പ്രബലമായ ഒരു ന്യൂനപക്ഷ സമുദായത്തെ പ്രതിനിധീകരിക്കുന്ന കേരള കോണ്‍ഗ്രസിനെ വിലയിരുത്തുന്നത് ബുദ്ധിശൂന്യമാണെന്ന നിലപാടിനു തന്നെയാണ് ബിജെപിയില്‍ മേല്‍ക്കൈ.

മാണിയുമായുളള രാഷ്ട്രീയസഖ്യത്തിന്റെ ദീര്‍ഘകാല നേട്ടങ്ങളാണ് ബിജെപി അന്വേഷിക്കുന്നത്. അതുകൊണ്ടാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തലയ്ക്കു മീതെ അവര്‍ മാണിയുമായി നേരിട്ടു ചര്‍ച്ച നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here