തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്ലേ, ഇതും ഇതിലപ്പുറവും നടക്കും. ശസ്ത്രക്രിയ കഴിഞ്ഞപ്പോള്‍ ഒപെക് ക്ലിപ് വയറ്റിനുള്ളില്‍ കണ്ടെത്തിയ സംഭവത്തോട് സരസനായൊരു മലയാളി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. തിരുവനന്തപുരം നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ യൂട്രസ് ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ ശരീരത്തിലാണ് ശസ്ത്രക്രിയക്ക് ഉപയോഗിച്ച ‘റേഡിയോ ഒപെക് ക്ലിപ്’ മറന്നുവെച്ച് തുന്നിക്കെട്ടിയത് ശസ്ത്രക്രിയ കഴിഞ്ഞ്് രൂക്ഷമായ വേദനയുണ്ടായതിനെ തുടര്‍ന്ന് യുവതിയെ വീണ്ടും സ്‌കാനിങ്ങിന് വിധേയമാക്കിയപ്പോഴാണ് പിഴവ് കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ അടിയന്തര ശസ്ത്രക്രിയയിലൂടെ ഉപകരണം പുറത്തെടുത്തു.

ശസ്ത്രക്രിയ കഴിഞ്ഞ് മണിയ്ക്കൂറുകള്‍ക്ക് ശേഷം ശസ്ത്രക്രിയാ ഉപകരണങ്ങളുടെ കണക്കെടുത്ത ആശുപത്രി അധികൃതര്‍ക്ക് ഒരു ഉപകരണം കാണാനില്ലെന്ന് ബോധ്യമായി. തുടര്‍ന്ന് യുവതിയെ ആശുപത്രി അധികൃതര്‍ പുറത്ത് സ്വകാര്യ ലാബില്‍ കൊണ്ടുപോയി എക്‌സ്‌റേ പരിശോധനയ്ക്ക് വിധേയയാക്കി. ഉപകരണം വയറ്റിലുണ്ടെന്ന് മനസ്സിലായതോടെ എക്‌സ്‌റേ പുറത്തുകാണിക്കാതെ രോഗിയെ അടിയന്തരമായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

തൊളിക്കോട് ഇരുതലമൂല റോഡരികത്ത് വീട്ടില്‍ അബ്ദുള്‍ ഹമീദിന്റെ ഭാര്യ ലൈല ബീവിയാണ് (45) ഡോക്ടറുടെ അനാസ്ഥമൂലം നരകിക്കേണ്ടിവന്നത്. ഇക്കഴിഞ്ഞ 15 നാണ് ഇവര്‍ നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റായത്. ഇന്നലെ രാവിലെയായിരുന്നു ശസ്ത്രക്രിയ. 40 മിനിറ്റ് കൊണ്ട് തീരുമെന്ന പറഞ്ഞ ശസ്ത്രക്രിയ മണിക്കൂറുകള്‍ എടുത്താണ് പൂര്‍ത്തിയാക്കിയതെന്ന് ബന്ധുക്കള്‍ പറയുന്നു. എന്താണ് പ്രശ്‌നമെന്ന് ആശുപത്രി അധികൃതര്‍ തങ്ങളെ അറിയിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തുന്നു. മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ്ക്ക് ശേഷം ലൈലാ ബീവി ആരോഗ്യം വീണ്ടെടുത്ത് വരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

സംഭവം ഗൗരവകരമാണെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെകെ ഷൈലജ പ്രതികരിച്ചു. അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും. ഇത്തരം അനാസ്ഥകള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പ്രതികരിച്ചു. ആവശ്യമെങ്കില്‍ യുവതിയ്ക്ക് ചികിത്സാ സഹായം നല്‍കുമെന്നും മന്ത്രി പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here