വാഷിംഗ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആയതോടെ അനുദിനം അഭിപ്രായസര്‍വേകള്‍ നടത്തിയിട്ടും വരാന്‍പോകുന്ന ഫലത്തെക്കുറിച്ച് വ്യക്തമായൊന്നും അമേരിക്കക്കാര്‍ക്ക് പിടികിട്ടുന്നില്ല. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റണിന്റെ ജനപിന്തുണയില്‍ വീണ്ടും നേരിയ ഇടിവ് വന്നതോടെ അനിശ്ചിതത്വം വര്‍ധിക്കുകയാണ്. ചൊവ്വാഴ്ച പുറത്തുവന്ന എന്‍ബിസി ന്യൂസ് സര്‍വേ അനുസരിച്ച് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെക്കാള്‍ വെറും നാലു പോയിന്റ് മാത്രമാണു ഹിലാരിക്കു മുന്‍തൂക്കം. ഹിലാരിക്ക് 48 പോയിന്റുള്ളപ്പോള്‍ എതിര്‍സ്ഥാനാര്‍ഥിക്ക് 44 പോയിന്റ്. തൊട്ടുമുമ്പുള്ള ആഴ്ചയില്‍ 48-42 എന്ന നിലയിലായുന്നു ബലാബലം.

ഡിസംബറില്‍ നടന്ന ഡെമോക്രാറ്റിക് പാര്‍ട്ടി കണ്‍വന്‍ഷനുശേഷം അനുദിനം ഹിലാരിയുടെ മേധാവിത്വം ഇല്ലാതാകുകയാണ്. പുതിയ ഫലംകൂടി പുറത്തുവന്നതോടെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നാല് പ്രമുഖ സ്ഥാനാര്‍ഥികളുടെ ഭാവി സംബന്ധിച്ച ആശയക്കുഴപ്പവും ശക്തമാണ്. കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. ഹിലാരി 48 പോയിന്റ് നേടി അഭിപ്രായസര്‍വേയില്‍ മുന്നിട്ടുനില്‍ക്കുന്നു. രണ്ടാംസ്ഥാനത്തുള്ള ട്രംപിന് 44 പോയിന്റാണുള്ളത്. ലിബറല്‍ പാര്‍ട്ടിയുടെ ഗാരി ജോണ്‍സണ് 11 പോയിന്റും ഗ്രീന്‍പാര്‍ട്ടിയുടെ ജില്‍ സ്റ്റെനിന് നാലു പോയിന്റുമുണ്ട്.

സെപ്റ്റംബര്‍ അഞ്ചിനും 11 നും ഇടയില്‍ 16,220 പേരെ പങ്കെടുപ്പിച്ച് നടത്തിയ ഓണ്‍ലൈന്‍ വോട്ടിംഗിലെ ഫലമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ന്യൂമോണിയ ബാധ മറച്ചുവച്ച് സെപ്റ്റംബര്‍ 11 ഭീകരാക്രമണ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ഹിലാരി കഴിഞ്ഞദിവസം കുഴഞ്ഞുവീണിരുന്നു. ഇതിനോടുള്ള വോട്ടര്‍മാരുടെ പ്രതികരണം പുതിയ സര്‍വേയില്‍ ലഭ്യമായിട്ടില്ല. പരിശോധനയുടെ വിശദവിവരങ്ങള്‍ രണ്ടുദിവസത്തിനുശേഷമേ അറിയാന്‍ കഴിയൂ. 9-11 അനുസ്മരണത്തില്‍ പങ്കെടുക്കാനെത്തുമ്പോഴേ ശാരീരികമായി ഹിലാരി ക്ഷീണിതയായിരുന്നുവെന്ന് അവരുടെ സഹായികള്‍ വെളിപ്പെടുത്തി. തനിക്കു ന്യുമോണിയ ബാധിച്ചവിവരം മറച്ചുവച്ചതില്‍ ഖേദിക്കാതെ ഹില്ലരി ക്ലിന്റണ്‍ പര്യടനും തുടരുകയും ചെയ്യുന്നു.

വെള്ളിയാഴ്ച രോഗത്തെപ്പറ്റി അറിഞ്ഞ ഹിലാരി അതു കുടുംബാംഗങ്ങളോടും പാര്‍ട്ടിയിലെ ചുരുക്കം ചിലരോടും മാത്രമേ പറഞ്ഞുള്ളൂ. ക്ഷീണിതയായിരുന്ന അവര്‍ ഞായറാഴ്ച സെപ്റ്റംബര്‍ 11 ഭീകരാക്രമണ വാര്‍ഷിക ചടങ്ങില്‍ പങ്കെടുത്തു. ഒന്നരമണിക്കൂര്‍ അവിടെനിന്നപ്പോഴേക്കും ചൂടും രോഗവും മൂലം അവര്‍ അവശയായി. വാഹനത്തിലേക്കു കയറാന്‍പോകുമ്പോള്‍ വീഴാന്‍ തുടങ്ങുകയും ചെയ്തു. കുറേ നേരം മകളുടെ വസതിയില്‍പോയി വിശ്രമിച്ചിട്ടാണു സ്വന്തം വീട്ടിലേക്കു പോയത്. പിന്നീട് പ്രചാരണ പരിപാടികള്‍ റദ്ദാക്കി. രോഗവിവരം മറച്ചുവച്ചതു കുറേയേറെ അഭ്യൂഹങ്ങള്‍ക്കു വഴിവച്ചു.

ട്രംപ് ഇതു വലിയ വിഷയമാക്കുകയും ചെയ്തു. ഹിലാരി ശരിയായ ആരോഗ്യമുള്ളയാളല്ലെന്നും ആഗോളഭീകരതയെ നേരിടാന്‍ കെല്‍പ്പുള്ളവളല്ലെന്നുമൊക്കെ ട്രംപ് പറഞ്ഞിരുന്നു. വിവരങ്ങള്‍ യഥാസമയം പരസ്യപ്പെടുത്താതെ മറച്ചുവച്ചതു വിശ്വാസ്യതയ്ക്കും പ്രതിച്ഛായയ്ക്കും കോട്ടംവരുത്തിയെന്ന വിമര്‍ശനവുമുയര്‍ന്നു. രോഗം വന്നപ്പോള്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി സ്ത്രീകളെപ്പോലെ പെരുമാറിയെന്ന ആക്ഷേപവും ഉണ്ടായി. മുമ്പും പല സന്ദര്‍ഭങ്ങളിലും യഥാസമയം കാര്യങ്ങള്‍ പരസ്യപ്പെടുത്താത്തതു ഹിലാരിക്കു തിരിച്ചടിയായിരുന്നു. 69 വയസിലേക്ക് അടുക്കുന്ന ഹിലാരിയുടെ ആരോഗ്യനിലയെപ്പറ്റി വോട്ടര്‍മാര്‍ക്ക് ഏറെ ആകാംക്ഷയുണ്ട്. അപ്പോള്‍ എല്ലാവിവരവും പുറത്തുവിടുന്നതിനു പകരം രഹസ്യമാക്കിയതു തെറ്റായ സന്ദേശമാണു നല്‍കിയത്. തിങ്കളാഴ്ച സിഎന്‍എന്‍ ടെലിവിഷന് അഭിമുഖം നല്‍കി വിമര്‍ശനങ്ങള്‍ ഒതുക്കാന്‍ ശ്രമിച്ചതും വിജയകരമായില്ലെന്നാണു വിലയിരുത്തല്‍. രോഗിയാണെന്നു പറഞ്ഞതല്ലാതെ തന്റെ ശാരീരിക നില സംബന്ധിച്ച ഒരു വിശദ റിപ്പോര്‍ട്ടും നല്‍കാന്‍ അവര്‍ തയാറായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here