കൊച്ചി:പതിറ്റാണ്ടുകള്‍ നീണ്ട ഒരു സൗഹൃദസംഘത്തെ ഈ സമ്മേളനത്തോടെ ഇനിമുതല്‍ കേരള നിയമസഭയില്‍ കാണാനാവില്ല. കേരള നിയമസഭയില്‍ പ്രത്യേകബ്ലോക്കായി ഇരിക്കാനുള്ള കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചു. ഇതോടെ കേരള കോണ്‍ഗ്രസിനോടുളള തങ്ങളുടെ നിലപാട് കാത്തിരുന്ന് കാണാമെന്ന് ഉമ്മന്‍ചാണ്ടി വെല്ലുവിളിച്ചു. അനൈക്യമുന്നണിയില്‍ നിന്നു പുറത്തുവന്നുവെന്ന് കെ.എം.മാണി ഇതിനു മറുപടി പറയകയും ചെയ്തതോടെ വരുംദിവസങ്ങളില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം എന്തായിരിക്കുമെന്ന സൂചനയുമുണ്ട്.
വരുന്ന നിയമസഭാ സമ്മേളനത്തില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് കേരള കോണ്‍ഗ്രസ് നേതാക്കളായ മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍ എന്നിവര്‍ കത്ത് കൈമാറിയത്.
ഈ മാസം 26 മുതല്‍ നടക്കുന്ന നിയമസഭാ സമ്മേളനം മുതല്‍ ഇക്കാര്യം പരിഗണിക്കണമെന്നും കത്തില്‍ കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്. ചരല്‍ക്കുന്ന് ക്യാംപിലെ തീരുമാന പ്രകാരമാണിത്. ചരല്‍ക്കുന്ന് ക്യാംപിനുശേഷമാണ് കേരള കോണ്‍ഗ്രസ് യുഡിഎഫ് മുന്നണി വിട്ടത്. തുടര്‍ന്നാണ് എന്‍ഡിഎയിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ ഇല്ലാതാക്കി സമദൂരമെന്ന രാഷ്ട്രീയ നിലപാടാകും ഇനി സ്വീകരിക്കുകയെന്നും കേരള കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എം മാണി പ്രഖ്യാപിച്ചതും.
ഇത്രയുംകാലം അനൈക്യമുന്നണിയിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്നാണ് വേര്‍പിരിയലിനെക്കുറിച്ച് മാണിയുടെ പ്രതികരണം. പരസ്പര വിശ്വാസവും സഹകരണവും മുന്നണിയില്‍ ഇല്ലാതെ പോയി. പാര്‍ട്ടി ശക്തിപ്രാപിക്കുന്നതിനെ അസഹിഷ്ണുതയോടെയാണ് ഇരുമുന്നണിയും കണ്ടത്. അതുകൊണ്ടാണ് നിയമസഭയില്‍ പ്രത്യേക ബ്‌ളോക്കായി ഇരിക്കാന്‍ കത്ത് നല്‍കിയത്. കേരള കോണ്‍ഗ്രസ് (എം) ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണങ്ങിയതിനു ശേഷം എല്ലായിടത്തും ചെന്ന് യു.ഡി.എഫിനെയും കോണ്‍ഗ്രസിനെയും പുലഭ്യം പറയുന്ന ശീലം കേരള കോണ്‍ഗ്രസിനില്ല. പ്രത്യയശാസ്ത്ര സമ്പത്തിലൂടെയാണ് കേരള കോണ്‍ഗ്രസ് വളര്‍ന്നത്. ഇനിയും അങ്ങനെതന്നെയായിരിക്കുമെന്നും മാണി പറയുന്നുവെങ്കിലും രാഷ് ട്രീയത്തില്‍ എന്തും സംഭവിക്കുമെന്ന് ഉറപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here