കോഴിക്കോട്:ബിജെപി ദേശീയ സമിതി യോഗം കോഴിക്കോടെന്ന് കേട്ടപ്പോഴെ ട്രോളര്‍മാര്‍ നോക്കിയിരിക്കുകയായിരുന്നു. സമ്മേളനം തുടങ്ങുന്നതിന് മുമ്പേ സംഘി ഫലിതങ്ങളും വിഡ്ഡിത്തരങ്ങളും പൊലിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ നിറഞ്ഞു. മോദിയും അമിത് ഷായും സുരേന്ദ്രനും കുമ്മനവുമടക്കം ഒറ്റൊരാളെപ്പോലും വെറുതെ വിട്ടില്ല. റഹ്മത്തിലെ ഉള്ളിക്കറിയും മാതാവാകാന്‍ പ്രായമില്ലാത്ത ഗോ കുഞ്ഞിനെ കറിവച്ചും സോഷ്യല്‍ മീഡയ ബിജെപിക്കാരെ തീറ്റിച്ചത് കണ്ടാല്‍ മോദി വരെ ചിരിച്ച് മരിക്കും. കോഴിക്കോട് മഹാ സമ്മേളനത്തിലെ ഹാലേലൂയ കണ്ടിരുന്നോ, ഇങ്ങനെയുമുണ്ടോ തോല്വികളെന്നാണ് ട്രോളര്‍മാരുടെ ചോദ്യം. മാസ് പരിപാടിയാക്കാന്‍ പട്ടാപ്പകള്‍ മൊബൈലില്‍ ടോര്‍ച്ച് കത്തിക്കാന്‍ ആവശ്യപ്പെടുന്ന നേതാവ്. കേട്ടപാതി ടോര്‍ച്ച് കത്തിക്കുന്ന അണികള്‍, കയ്യടിയും ബഹളും ആകെ ഒരു ഹാലേലൂയ.
കോഴിക്കോട് നടക്കുന്ന ബി.ജെ.പി ദേശീയ കൗണ്‍സില്‍ പത്ര വാര്‍ത്തകളിലും ടിവി ചാനലുകളിലും നിറഞ്ഞ് നില്ക്കുമ്പോള് സാമൂഹ്യമാധ്യമങ്ങളില്‍ സ്ഥിതി വ്യത്യസ്ഥമായിരുന്നു. കൗണ്‍സില്‍ തുടങ്ങിയപ്പോള്‍ മുതല്‍ ട്രോളുകള്‍ വരാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രി കൂടി കോഴിക്കോട്ടെത്തിയതോടെ ‘ട്രോളു’കാര്‍ക്ക് ചാകരയായി. മോദിയുടെ മലയാളത്തിലുള്ള പ്രസംഗവും, മൊബൈലില്‍ ഫ്ലാഷ് അടിച്ചതുമെല്ലാം കൂടിയായപ്പോള്‍ ട്രോളുകള്‍ ഫേസ്ബുക്കിലെ ‘ചളി’ ഗ്രൂപ്പുകളില്‍ നിറഞ്ഞു. കൗണ്‍സില്‍ കോഴിക്കോട്ടായതിനാല്‍ കോഴിക്കോടന്‍ ശൈലിയില്‍ വരെ ട്രോളുകള്‍ വരാന്‍ തുടങ്ങി. ഇങ്ങളെന്ത് വിടലാണ്, ന്തൊരു വെര്‍പ്പിക്കലാണ് എന്ന ട്രോളുകള്‍ ചിരി പടര്ത്തുന്നവ തന്നെയായിരുന്നു. കോഴിക്കോട്ടെ പ്രമുഖ ഹോട്ടലുകളിലെ ബീഫ് ബിരിയാണിയെ ‘ഉള്ളി ബിരിയാണി’യാക്കി വരെ ട്രോളുകള്‍ പറക്കുന്നത് കാണുമ്പോള്‍ ആര്‍ക്കാണ് ചിരിക്കാതിരിക്കാനാവുക.