പെരുമ്പാവൂർ: ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയുടെ സംസ്ഥാനകൺവെൻഷൻ ആരംഭിച്ചു. പെരുമ്പാവൂർ ആശ്രമം ഹയർസെക്കൻഡറി സ്ക്കൂൾ ഗ്രൌണ്ടിൽ  ബുധനാഴ്ച വൈകിട്ട് 6 ന് പാസ്റ്റർ എബ്രഹാം ജോർജിൻറെ പ്രാർത്ഥനയോടെ ആരംഭിച്ച  കൺവെൻഷൻ  സംസ്ഥാനപ്രസിഡണ്ട് പാസ്റ്റർ കെ.സി. തോമസ് ഉദ്ഘാടനം ചെയ്തു. സാമൂഹികതിന്മകൾക്കെതിരെ വിശ്വാസികൾ പോരാടണമെന്നും, തിരുവെഴുത്തുകളുടെ പൊരുൾ സമൂഹത്തിന് പറഞ്ഞുകൊടുക്കുവാൻ നാം ബാധ്യസ്ഥരാണെന്നും പാസ്റ്റർ കെ.സി.തോമസ് ഉദ്ഘാടനസന്ദേശത്തിൽ പറഞ്ഞു.  സംസ്ഥാന വൈസ്പ്രസിഡണ്ട് പാസ്റ്റർ രാജു പൂവക്കാല അദ്ധ്യക്ഷത വഹിച്ചു. കൺവെൻഷൻ രക്ഷാധികാരി പാസ്റ്റർ കെ.എം. ജോസഫ് സമർപ്പണപ്രാർത്ഥന നടത്തി. സംസ്ഥാന സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ സ്വാഗതം പറഞ്ഞു. ജോയിൻറ് സെക്രട്ടറി പാസ്റ്റർ സി.സി.എബ്രഹാം സങ്കീർത്തനം വായിച്ചു. പാസ്റ്റർ വറുഗീസ് എബ്രഹാം (രാജു മേത്ര) മുഖ്യസന്ദേശം നൽകി.

തുടർന്നുള്ള രാത്രിയോഗങ്ങളിൽ വിവിധ കർതൃശുശ്രൂഷകർ വചനം ശുശ്രൂഷിക്കും.സമാപനദിവസമായ ഡിസംബർ 11 ഞായറാഴ്ച ആയിരങ്ങൾ പങ്കെടുക്കുന്ന തിരുവത്താഴശുശ്രൂഷയും സംയുക്ത ആരാധനയും ഉണ്ടായിരിക്കും.    പാസ്റ്റർ കെ.സി. തോമസ് നേതൃത്വം നൽകുന്ന തിരുവത്താഴശുശ്രൂഷയിൽ പാസ്റ്റർ സി.സി. എബ്രഹാം സന്ദേശം നൽകും. തുടർന്ന് നടക്കുന്ന സംയുക്ത ആരാധനയിൽ റവ. രവിമണി, സംസ്ഥാനസെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ എന്നിവർ പ്രസംഗിക്കും. സമാപനസമ്മേളനത്തിൽ സഭാ സീനിയർ പാസ്റ്റർ കെ.എം . ജോസഫ് , സഭയുടെ ജനറൽ പ്രസിഡണ്ട് പാസ്റ്റർ ജേക്കബ് ജോൺ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും.

വ്യാഴം, വെള്ളി, ശനി എന്നീ ദിവസങ്ങളിലെ പകൽ യോഗങ്ങളിൽ ബൈബിൾ സ്റ്റഡി. ശുശ്രൂഷകസമ്മേളനം, ഉപവാസപ്രാർത്ഥന, സഹോദരി സമ്മേളനം, സണ്ടേസ്കൂൾ-യുവജനസമ്മേളനങ്ങൾ എന്നിവ പെരുമ്പാവൂർ ഒന്നാം മൈൽ ഐപിസി ചർച്ചിൽ നടക്കുമെന്ന് മീഡിയാ ചെയർമാൻ സജി മത്തായി കാതേട്ട് അറിയിച്ചു.

കൺവെൻഷനോടനബന്ധിച്ച് ഡിസംബർ 11-ന്  പുതിയതായി രൂപികരിച്ച ചർച്ച് പ്ലാൻറിങ് ബോർഡിൻറെ ഉദ്ഘാടനവും വിവിധ പദ്ധതികളുടെ ആദ്യഗഡുവിതരണവും നടക്കുമെന്ന് കേരളാസ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ അറിയിച്ചു. സംസ്ഥാനട്രഷറാർ ജോയി താനുവേലിൽ, ജോയിൻറ് സെക്രട്ടറി മോനിക്കം എന്നിവർ വികസനപദ്ധതികൾ അവതരിപ്പിക്കും.  ഐപിസിയിൽ ദീർഘനാളെത്തെ സഭാസേവനത്തെ മാനിച്ച് എറണാകുളം ജില്ലയിലെ മുതിർന്ന സഭാപ്രവർത്തകരായ പാസ്റ്റർ കെ.സി. മാത്യൂസ്, പാസ്റ്റർ എം.റ്റി.തോമസ്, ബ്രദർ തോമസ് വടക്കേക്കുറ്റ് എന്നിവരെ പ്രശംസാഫലകങ്ങൾ നൽകി ആദരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കൺവെൻഷൻ ലൈവായി കാണുന്നതിന്  www.kahalamtv.com സന്ദർശിക്കുന്നതാണ്.

* ഡിസംബർ 11 ഞായറാഴ്ച ആയിരങ്ങൾ പങ്കെടുക്കുന്ന തിരുവത്താഴശുശ്രൂഷയും സംയുക്ത ആരാധനയും

*സമാപനസമ്മേളനത്തിൽ വിവിധ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനം.

LEAVE A REPLY

Please enter your comment!
Please enter your name here