500, 1000 നോട്ടുകള്‍ നവംബര്‍ 8ന് നിരോധിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ കഷ്ടനഷ്ടങ്ങള്‍ പരിഹരിക്കാന്‍ ആദ്യം രണ്ടാഴ്ചയും പിന്നീട് 50 ദിവസവുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടത്. ബുധനാഴ്ചയോടെ (ഡിസംബര്‍ 28) 50 ദിവസങ്ങള്‍ പൂര്‍ണമായി. പ്രശ്‌നങ്ങള്‍ തീര്‍ന്നില്ലെന്ന് മാത്രമല്ല നാള്‍ക്കുനാള്‍ സങ്കീര്‍ണമാവുകയുമാണ്. യാതൊരു ആസൂത്രണവുമില്ലാതെയാണ് രാജ്യത്തെ പിടിച്ചുലച്ച തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത് എന്നത് കേവലം പ്രതിപക്ഷം മാത്രം ആരോപിക്കുന്നതല്ല; ലോക പ്രശസ്ത സാമ്പത്തിക വിദഗ്ധരും അത് തന്നെ പറയുന്നു. കള്ളപ്പണക്കാരെ പിടികൂടാനെന്ന് തുടക്കത്തില്‍ പറഞ്ഞ മോദി ഇപ്പോള്‍ സംസാരിക്കുന്നത് കറന്‍സിരഹിത സംവിധാനത്തെ കുറിച്ചാണ്. നാളെ അത് മറ്റെന്തിനെയും സംബന്ധിച്ചാവാം. ഒന്നിലും ഒരു വ്യക്തതയില്ല. 61 തവണയാണ് ഈ 50 ദിവസങ്ങളില്‍ ഉത്തരവുകള്‍ മാറിമറിഞ്ഞത്. പാര്‍ലമെന്റില്‍ ഹാജരാവാതെ മോദിക്ക് തടിതപ്പാം, പക്ഷേ ജനകീയ കോടതിയില്‍നിന്ന് ഒളിച്ചോടാനാവുമോ?
നോട്ട് നിരോധനം: വ്യവസ്ഥകള്‍ മാറിമറിഞ്ഞത് 61 തവണ

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനുശേഷം ബാങ്ക് അക്കൌണ്ടുകളില്‍ പണം നിക്ഷേപിക്കാനും പിന്‍വലിക്കാനുമുള്ള നിബന്ധനകളില്‍ റിസര്‍വ് ബാങ്കും ധനമന്ത്രാലയവും വരുത്തിയത് 61 ഭേദഗതികള്‍.

നവംബര്‍ 8

കള്ളപ്പണം, കള്ളനോട്ട് തുടങ്ങിയവ തടയാനും ഇവ ഉപയോഗിച്ചു നടക്കുന്ന മാഫിയാപ്രവര്‍ത്തനങ്ങള്‍ക്കു കൂച്ചുവിലങ്ങിടാനും എന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി രാജ്യത്ത് 500,1000 നോട്ടുകള്‍ നിരോധിച്ചു

നവംബര്‍ 10

വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കല്‍ പരിധി പ്രതിദിനം 10,000 രൂപയും ആഴ്ചയില്‍ 20,000 രൂപയുമായി നിശ്ചയിച്ച് ആര്‍.ബി.ഐ ഉത്തരവ്

നവംബര്‍ 13

പഴയ നോട്ടുകള്‍ കൈമാറ്റം ചെയ്യാവുന്നതിന്റെ പരിധി 4500 രൂപയാക്കി. എ.ടി.എം പിന്‍വലിക്കല്‍ പരിധി 2000ല്‍നിന്ന് 2500 രൂപയും ആഴ്ചയിലെ പിന്‍വലിക്കല്‍ പരിധി 24000 രൂപയുമാക്കി. പ്രതിദിന പരിധിയും നീക്കി.

നവംബര്‍ 14

ജില്ലാ സഹകരണ ബാങ്കുകളില്‍ പഴയ നോട്ട് കൈമാറാനാകില്ലെന്ന് ആര്‍.ബി.ഐ പുതിയ ഉത്തരവ്. എന്നാല്‍, പണം പിന്‍വലിക്കുന്നതിന് തടസ്സമില്ല. പിന്നീട് കറന്റ് അക്കൗണ്ട് പിന്‍വലിക്കല്‍ പരിധി അമ്പതിനായിരമാക്കി.

നവംബര്‍ 15

പണം കൈമാറാന്‍ എത്തുന്നവരുടെ കൈയില്‍ മഷിയടിക്കാന്‍ തീരുമാനം.

നവംബര്‍ 17

പഴയ നോട്ട് കൈമാറാനുള്ള പരിധി 2000 രൂപയായി കുറച്ചു.

നവംബര്‍ 23

ലഘുസമ്പാദ്യ അക്കൗണ്ടുകളില്‍ പഴയ നോട്ട് നിക്ഷേപിക്കുന്നത് വിലക്കി പുതിയ ഉത്തരവ്.

നവംബര്‍ 24

എല്ലാ ബാങ്ക് ശാഖകളിലും പഴയ നോട്ടുകള്‍ കൈമാറ്റം ചെയ്യുന്നത് വിലക്കി പുതിയ ഭേദഗതി. വിദേശ പൗരന്മാര്‍ക്ക് കൈമാറ്റം ചെയ്യാവുന്ന തുകയുടെ പരിധി ആഴ്ചയില്‍ 5000 രൂപയാക്കി ഉയര്‍ത്തി ഡിസംബര്‍ 15 വരെ കാലാവധി നിശ്ചയിച്ചു.

നവംബര്‍ 28

പുതിയ കറന്‍സികളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് പരിധികൂടാതെ പിന്‍വലിക്കാന്‍ അനുമതി നല്‍കുമെന്ന് ആര്‍.ബി.ഐ

ഡിസംബര്‍ 19

5000 രൂപയില്‍ കൂടുതല്‍ പഴയ നോട്ടുകളുടെ നിക്ഷേപത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി് ഉത്തരവിറക്കി.വ്യാപക എതിര്‍പ്പിനെ തുടര്‍ന്നു നാലുദിവസത്തിനുശേഷം ഈ ഉത്തരവ് റദ്ദാക്കി.
അസാധുവാക്കിയ 500,1000 രൂപ നോട്ടുകള്‍ 2017 മാര്‍ച്ച് 31ന് ശേഷം കൈവശംവയ്ക്കുന്നവര്‍ക്ക് പിഴയും തടവുശിക്ഷയും നിര്‍ദേശിക്കുന്ന ഓര്‍ഡിനന്‍സ് നിയമവിരുദ്ധമാണെന്ന് മന്ത്രി ഡോ. ടി.എം തോമസ് ഐസക്. നോട്ടുനിരോധനത്തിലൂടെ ജനങ്ങളുടെ മേല്‍ വന്‍ ആഘാതമേല്‍പ്പിച്ച പ്രധാനമന്ത്രി ജാള്യത ഒഴിവാക്കാനാണ് പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. വീണ്ടുവിചാരമില്ലാത്ത നടപടി ലക്ഷ്യം കാണാതിരുന്നിട്ടും വീണ്ടും ജനങ്ങളെ ശിക്ഷിക്കുകയാണ്.
നോട്ട് പിന്‍വലിക്കലിലൂടെ മൂന്നുലക്ഷം കോടി രൂപയുടെ നഷ്ടം രാജ്യത്തിനുണ്ടായി. എന്നാല്‍, എത്ര കള്ളപ്പണംപിടിച്ചു, എന്ത് നേട്ടമുണ്ടായി എന്നു പറയാന്‍ പ്രധാനമന്ത്രി തയാറാകണം. പണമെടുക്കാന്‍ ബാങ്കിന് മുന്നില്‍ ക്യൂനിന്ന് മരിച്ച ഇരുനൂറോളം പേരുടെ ജീവിതത്തിന് വിലയിടാനാകുമോയെന്നും തോമസ് ഐസക് ചോദിച്ചു. കളളപ്പണം പിടിക്കാന്‍ പൊടുന്നനെ നോട്ട് റദ്ദാക്കേണ്ടതില്ല.
മുതലാളിമാര്‍ കേന്ദ്ര സര്‍ക്കാരിനെ ബന്ദിയാക്കിയിരിക്കയാണ്. റേഷന്‍ വിതരണത്തിന് മൊത്തവ്യാപാരികള്‍ ഇനിയുണ്ടാകില്ല. തൊഴിലാളികളുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. റേഷന്‍ പ്രതിസന്ധിക്ക് കാരണം യു.ഡി.എഫ് സര്‍ക്കാര്‍ കാട്ടിയ അനാസ്ഥയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here