ചിക്കാഗോ: നോർത്ത് അമേരിക്കയിലെ ക്നാനായ റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന പ്രഥമ ഫാമിലി കോൺഫറൻസിന്റെ സ്ഥലവും തിയതിയും പുനഃക്രമീരിക്കുന്നു. ജൂൺ 28 ബുധനാഴ്ച മുതൽ ജൂലൈ 1 വരെ നടത്തുവാൻ ഉദ്ദേശിച്ചിരുന്ന ഫാമിലി കോൺഫ്രൻസ്, ക്നാനായ റീജിയണിലെ വിവിധ ഇടവകളിൽ നിന്നുള്ള അംഗങ്ങളുടെ താല്പര്യം കണക്കിലെടുത്ത് ജൂൺ 30 , ജൂലൈ 1, ജൂലൈ 2 തിയ്യതികളിലേക്ക് മാറ്റുകയും, അതോടൊപ്പം, ഉദ്ദേശിച്ചയത്ര മുറികൾ ലഭ്യമാകാതിരിക്കുന്ന സാഹചര്യത്തിൽ, കൂടുതൽ പേർക്ക് കുറഞ്ഞ ചിലവിൽ പങ്കെടുക്കുവാൻ സാധിക്കത്തക്ക വിധത്തിൽ, ഫാമിലി കോൺഫ്രൻസ് ,ചിക്കാഗോയിലെ സെന്റ് മേരീസ് ഇടവക ദൈവാലയത്തിലും സേക്രട്ട് ഹാർട്ട് ഫൊറോനാ ദൈവാലയത്തിലുമായി നടത്തുവാൻ തീരുമാനിച്ചു. മുതിർന്നവർക്കായി സെന്റ് മേരീസിലും യുവതീ യുവാക്കൾക്കും കുട്ടികൾക്കുമായി സേക്രട്ട് ഹാർട്ടിലുമായാണ് ഫാമിലി കോൺഫ്രൻസ് സജ്ജീകരിക്കപ്പെടുക. ഇതുവഴി, കോൺഫ്രൻസിൽ പങ്കെടുക്കുന്ന കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുവാനും, രജിസ്‌ട്രേഷൻ ഒഴിവാക്കുവാനും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് കുറഞ്ഞ ചിലവിൽ കോൺഫ്രൻസിൽ പങ്കെടുക്കുവാനും സാധിക്കും. ചിക്കാഗോ സീറോ മലബാർ രൂപത 2017 യുവജന വർഷമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ, കൂടുതൽ കുട്ടികളും യുവജനങ്ങളുമുള്ള കുടുംബങ്ങൾക്ക് ഹോട്ടൽ ചിലവുകൾ പരിമിതപ്പെടുത്തി കൊടുക്കണമെന്നും കുടുംബങ്ങളുടെയും യുവജനങ്ങളുടെയും ഭാഗഭാഗിത്വത്തിനു കൂടുതൽ വസരമൊരുക്കുകയും  ചെയ്യണമെന്ന്   പലഭാഗത്ത് നിന്നും നിർദേശങ്ങൾ വന്ന സാഹചര്യത്തിലാണ് ക്രമീകരണങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.

തിയ്യതിയിലും സ്ഥലത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എങ്കിലും മുൻ നിശ്ചയ പ്രകാരം പ്ലാൻ ചെയ്ത ഫാമിലി കോണ്ഫറന്സിലെ എല്ലാ പരിപാടികളും, പുനഃക്രമീകരിക്കുന്ന ഫാമിലി കോണ്ഫറന്സിലും ഉണ്ടായിരിക്കും. എല്ലാ ദിവസവും രാവിലെ 9 മണിക്ക് വി. കുർബ്ബാനയോടെ ആരംഭിച്ച്, ഉച്ച വരെ വചന പ്രഘോഷണവും, ഉച്ച കഴിഞ്ഞു കുടുംബ ജീവിതവും യുവജനങ്ങളുടെയും കുട്ടികളുടെയും പരിശീലനവും ആസ്പദമാക്കി സെമിനാറുകളും, വൈകുന്നേരങ്ങളിൽ ഇടവകളുടെയും മിഷനുകളുടെയും നേതൃത്വത്തിൽ ബൈബിൾ അധിഷ്ഠിതവും, ക്നാനായ പാരമ്പര്യങ്ങളിൽ അധിഷ്ഠിതവുമായ കലാ പരിപാടികളുമായി രാത്രി 9 മണിയോടെ സമാപിക്കുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. 

ക്നാനായ റീജിയൺ ഡയറക്ടറും ചിക്കാഗോ സീറോ മലബാർ രൂപതാ വികാരി ജനറാളുമായ മോൺ: തോമസ് മുളവനാൽ, ക്നാനായ റീജിയണിലെ ഇടവകളിലും മിഷനുകളിലും വായിക്കുവാനായി അയച്ച സർക്കുലർ വഴിയാണ് ഫാമിലി കോൺഫറൻസിന്റെ പുനഃക്രമീകരങ്ങൾ അറിയിച്ചത്. ഫാമിലി കോൺഫ്രൻസുമായി ബന്ധപ്പെട്ട് ഇടവകകളിലും മിഷനുകളിലും വിവിധ കമ്മറ്റികൾ തുടങ്ങിവച്ച പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ടു കൊണ്ടുപോകുവാനും പരമാവധി കുടുംബങ്ങളുടെ ഭാഗഭാഗിത്വവും,  ഫാമിലി കോൺഫറൻസിന്റെ വിജയത്തിനായി പ്രാർത്ഥയും സഹകരണവും, ഉറപ്പുവരുത്തുവാനും അഭ്യർത്ഥിക്കുന്നതായി മോൺ: തോമസ് മുളവനാൽ അറിയിച്ചു. 

സാമൂഹിക മാധ്യമങ്ങളുടെ ആധുനിക യുഗത്തിൽ, കുടുംബങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യച്യുതിയും സഭയെപ്പറ്റിയുള്ള വികലമായ കാഴ്ചപ്പാടുകളും തിരുത്തികൊണ്ടു, പുതിയ ഒരു തലമുറയെ വാർത്തെടുക്കുവാനും, സുറിയാനി കത്തോലിക്കാ സഭയുടെ വളർച്ചയിൽ നിർണ്ണായക പങ്കു വഹിച്ച ക്നാനായ സമുദായത്തിന്റെ പാരമ്പര്യങ്ങളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കിക്കൊണ്ട്, വരും തലമുറകളിലേക്ക് അവയെ പകർന്നു നൽകുവാനും റീജിയണിലെ അംഗങ്ങളെ പ്രാപ്തരാക്കുക എന്നുള്ള ലക്ഷ്യമാണ് ക്നാനായ റീജിയന്റെ ഫാമിലി കോൺഫ്രൻസ് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഫാമിലി കോൺഫ്രൻസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക 

ഫാ. തോമസ് മുളവനാൽ : 310 709 5111

ഫാ. എബ്രഹാം മുത്തോലത്ത് :773 412 6254

ഫാ. ബോബൻ വട്ടംപുറത്ത് :773 934 1644

ടോണി പുല്ലാപ്പള്ളി: 630 205 5078

famconfposternew

LEAVE A REPLY

Please enter your comment!
Please enter your name here