വിശ്വാസികള്‍

ഞായറാഴ്ച  കുര്‍ബാനയും കഴിഞ്ഞ് അച്ചന്‍ പതിയെ  മുറ്റത്തേക്ക് ഇറങ്ങി.  ആളുകള്‍ കുറെശ്ശെയായി പോയി തുടങ്ങിയിരിക്കുന്നു.  ഒരു ഞായറാഴ്ച അവധികിട്ടുന്നത് വെറുതെ പള്ളിയില്‍ കളയാന്‍ പാടില്ലല്ലോ, നമ്മുടെ ആള്‍ക്കാര്‍ക്ക് പള്ളിയും അച്ചനും വേണ്ടുന്നത് രണ്ട് മൂന്ന് കാര്യങ്ങള്‍ക്ക് മാത്രമാണ്.  മാമോദീസാ, കല്യാണം, അടക്കം വേറെ ഒരു രക്ഷയും ഇല്ലാത്തതുകൊണ്ട് അതിന് പള്ളിയും പട്ടക്കാരും വേണം.

അച്ചനെ കണ്ട് കുറച്ചുപേര്‍ അടുത്തേക്ക് വന്ന് കുശലങ്ങള്‍ ചോദിച്ചു.  ആള്‍ക്കാര്‍ കരുതുന്നത് അച്ചന് എന്താ സുഖം അല്ലേ.  വീടില്ല, ഭാര്യയില്ല, പിള്ളേരില്ല  ഒന്നും അറിയണ്ട.  നല്ല വരുമാനം, വെറുതെ വേദപുസ്തകവും വായിച്ച് ഇരുന്നാല്‍ മതിയല്ലോ ഓരോരുത്തരോടും വിശേഷങ്ങള്‍ ഒക്കെ ചോദിച്ച് കുറച്ചുനേരം കൂടി അവിടെതന്നെനിന്നു.

ആയിടയ്ക്കാണ് ഞെളിയത്തെ റ്റോമി ഗള്‍ഫില്‍ നിന്നും എത്തിയത്.  ഇതുവരെ പള്ളീലോട്ട് വരികയോ അച്ചനെ കാണുകയോ ചെയ്തിട്ടില്ല കല്യാണത്തിനു മുന്‍പ് എന്നും പള്ളിയില്‍ തന്നെ ആയിരുന്നു.  അച്ചന്‍ വേണമല്ലോ കല്യാണം നടത്താന്‍.  റ്റോമിച്ചന്‍റെ ഭാര്യ കുഞ്ഞുമോളോട് അച്ചന്‍ ചോദിച്ചു എന്തിയേ റ്റോമിച്ചന്‍ വന്നിട്ട് കണ്ടില്ലല്ലോ? കുഞ്ഞുമോള്‍ ഒരു ചെറുചിരിയോടെ പറഞ്ഞു.  എഴുന്നേറ്റിട്ടില്ല അച്ചോ, അച്ചനെ കാണാന്‍ വേണ്ടി വരുന്നുണ്ട്.  അച്ചന്‍ പറഞ്ഞു ആയിക്കോട്ടെ, പക്ഷേ അവനോട് കുര്‍ബാനയ്ക്ക് വരാന്‍ പറയണം.  ഒന്നും മിണ്ടാതെ കുഞ്ഞുമോള്‍ നടന്നു.  ആള്‍ക്കാര്‍ക്ക് വരുന്ന മാറ്റങ്ങളെ… അച്ചന്‍ ഓര്‍ത്തു.

അച്ചന്‍ പതിയെ മേടയിലേക്ക് നടന്നു.  കപ്യാരും കണക്കനും സെക്രട്ടറിയും എല്ലാവരും ഉണ്ടായിരുന്നു അവിടെ.  അന്നത്തെ കാണിക്കയും ലേലം വിളിച്ചതും എല്ലാം എഴുതുകയും മറ്റും ചെയ്യുന്നു.  പള്ളി ഒന്ന് പുതുക്കി പണിയുന്നതിനെ കുറിച്ച് ചില ആലോചനകള്‍ നടക്കുന്നു.  പെരുന്നാളും വരുന്നു,  കാര്യമായ പണമൊന്നും ഇല്ല ഇനി ബാക്കി  പിരിക്കണം.  ഇടവകയില്‍ ആവശ്യത്തിന് ഗള്‍ഫുകാരും, അമേരിക്കക്കാരും ഒക്കെയുണ്ട്.  എല്ലാദൈവം നടത്തും.  അച്ചന്‍ ദീര്‍ഘനിശ്വാസംവിട്ടു.

അതൊരു പഴയ പള്ളിയായിരുന്നു.  കുറഞ്ഞത് ഒരു നൂറ്റാണ്ടെങ്കിലും പഴക്കം കാണും.  അതങ്ങനെ നാടിന്‍റെ ഐശ്വരമായി തലയുയര്‍ത്തി നിന്നു.  പുരാതന രീതിയിലുള്ള കൊത്തുപണികളും ചുവര്‍ചിത്രങ്ങളും കൊണ്ട് പള്ളിയുടെ അകവശം അലങ്കരിച്ചിരുന്നു.  കാലപ്പഴക്കം കൊണ്ട് ചിത്രങ്ങള്‍ ഒക്കെ  മങ്ങിത്തുടങ്ങി.  അങ്ങിങ്ങ് ഭിത്തികള്‍ പൊളിഞ്ഞിട്ടുമുണ്ട്.  മഴപെയ്യുമ്പോള്‍ മേല്‍ക്കൂര ചോരുന്നു.  അരമനയില്‍ നിന്നും കുറച്ചായി അനുമതിപത്രം മേടിച്ച് വെച്ചിട്ട് പുതിയ പള്ളി പണിയാന്‍.  പള്ളിപണിയുന്ന കൂട്ടത്തില്‍ മേടയും കൂടി പുതുക്കി പണിയണം എന്തൊരു ആലോചനയും ഉണ്ട്.

അന്ന് അത്താഴവും കഴിഞ്ഞ് ഒരു പുസ്തകവുമായി പതിയെ കട്ടിലില്‍ കയറി, പെട്ടെന്ന് ഫോണ്‍ അടിച്ചു,  ആരാകും എന്നോര്‍ത്ത് അച്ചന്‍ ഫോണ്‍ എടുത്തു.  കുഴിപ്പറമ്പിലെ മത്തായിച്ചന്‍ വയ്യാതെ കിട്ടുകയായിരുന്നു അവിടുന്നാണ് ഫോണ്‍ അച്ചന്‍ വേഗം ചെല്ലണം അന്ത്യകൂദാശകൊടുക്കാന്‍ ആയകാലത്ത് നല്ലതുപോലെ വിലസിയ കക്ഷി ആണ് കര്‍ത്താവിനെ ക്രൂശിച്ചപ്പോള്‍ വലത്തുഭാഗത്തെ കള്ളന് കിട്ടിയ ലോട്ടറിപോലെ മത്തായിച്ചന്‍ ഈ അന്ത്യകൂദാശകൊണ്ട് അങ്ങ് സ്വര്‍ഗ്ഗത്തില്‍ ചെന്നാലോ, ഏതായാലും പള്ളിവികാരി ആയിപ്പോയില്ലെ പോയേക്കാം ഉടനെ എത്താം എന്ന് പറഞ്ഞ് ഫോണ്‍ വച്ചു.

കുഴിപ്പറമ്പിലെ മത്തായിച്ചന്‍ പണ്ട്കാലത്ത് ഇവിടെ കുടിയേറിയതാണ്.  ഏലിക്കുട്ടിയുടെ കയ്യും പിടിച്ച് ഇവിടേക്ക് വരുമ്പോള്‍ ഒന്നും ഉണ്ടായിരുന്നില്ല കയ്യില്‍.  കാടുകയറി വെട്ടിത്തെളിച്ച് എടുത്തു.  ഇപ്പോള്‍ നാട്ടില്‍ പേരുകേട്ട ഒരു പണക്കാരനാണ് മത്തായിച്ചന്‍.  മക്കള്‍ എല്ലാം നല്ല നിലയില്‍ കഴിയുന്നു.  ഡോക്ടറും, വക്കീലും,  പോലീസും എല്ലാമുണ്ട് കുടുംബത്തില്‍.  ആ മത്തായിച്ചനാണ് അന്ത്യക്കൂദാശ കൊടുക്കാനായി ഫോണ്‍ വന്നത്.  ചെന്ന് കയറിയപ്പോഴെ കണ്ടു ബന്ധുക്കളും, അയല്‍ക്കാരും എല്ലാവരും  മത്തായിച്ചന്‍ മുകളിലോട്ട് പോകുന്നത് കാണാന്‍ ആയിരിക്കും തിക്കിതിരക്കുന്നു.  ആള്‍ക്കാരെ ഒരുവിധം വകഞ്ഞുമാറ്റി അച്ചന്‍ അകത്തു കയറി തന്‍റെ കടമ നിര്‍വ്വഹിച്ചു.  അച്ചന്‍പോയി കഴിഞ്ഞപ്പോള്‍ എല്ലാവരും പതിയെ മത്തായിച്ചന്‍റെ കട്ടിലിന്‍റെ അടുത്തേക്ക് കൂടി, അതിയാന്‍റെ യാത്രകാണാന്‍ കൂദാശകിട്ടിയതുകൊണ്ടോ അതോ ദൈവം വിളിച്ചതുകൊണ്ടോ ഏതായാലും മത്തായിച്ചന്‍ നേരം വെളുക്കുന്നതിന്  മുന്‍പേ യാത്രയായി.  മക്കളും, ബന്ധുക്കളും, നാട്ടുകാരും ചേര്‍ന്ന് മത്തായിച്ചനെ  അടക്കി, പൊതിയും വാങ്ങി പിരിഞ്ഞു.

മത്തായിച്ചന്‍റെ അടക്കം കഴിഞ്ഞ്  ഒന്നു ശാന്തമായപ്പോള്‍ പള്ളിപണി പിന്നെയും പൊന്തിവന്നു.  പണിയണം എന്ന് ഒരു കൂട്ടരും, വേണ്ടായെന്ന് മറ്റൊരു കൂട്ടരും,  എല്ലാ ഇടങ്ങളിലും ഉണ്ടല്ലോ അങ്ങനെ കുറെ ആള്‍ക്കാര്‍ അച്ചന്‍ തീര്‍ത്തുപറഞ്ഞു ڇഅരമനയില്‍ നിന്നും അനുമതിപത്രം കിട്ടിയിട്ടുണ്ട് അതുകൊണ്ട് നമ്മള്‍ ഈ പള്ളി പൊളിച്ച് പുതിയത് പണിതിരിക്കും.ڈ അച്ചന്‍ പറഞ്ഞു നിര്‍ത്തി.  പള്ളി ഒരു സാമൂഹിക പ്രശ്നമായി വളരെ പെട്ടെന്ന് മാറി.  പതിയെ പതിയെ നാട്ടുകാരും പക്ഷം ചേര്‍ന്നു.  എത്രകൊല്ലം പഴക്കമുള്ള പള്ളിയാണ് നാടിന്‍റെ അനുഗ്രഹം എന്ന് ഒരു കൂട്ടര്‍ ശരിയായിരിക്കാം ഈ പള്ളി പൊളിഞ്ഞ് വീണ് ആരെങ്കിലുമൊക്കെ മരിച്ചുപോയാല്‍ ഈ പറയുന്ന പള്ളിതന്നെ ഒരു ശാപമായി  മാറും എന്ന് മറ്റുചിലര്‍.  ഏതായാലും തര്‍ക്കം മുറുകികൊണ്ടിരുന്നു.

ആയിടയ്ക്കാണ് ലണ്ടനില്‍ ബിസിനസ്സ് നടത്തികൊണ്ടിരിക്കുന്ന പുളിയിറക്കത്തെ ബേബിച്ചനും കുടുംബവും നാട്ടിലെത്തിയത്.  പണ്ട് ബേബിച്ചന്‍റേത് ഒരു പാവപ്പെട്ട കുടുംബം ആയിരുന്നു.  അല്പസ്വല്പം രാഷ്ട്രീയവും അടിപിടിയുമൊക്കെയായി ബേബിച്ചന്‍റെ അപ്പന്‍ എല്‍.പി സ്കൂള്‍ വാദ്ധ്യാര്‍  2 പെങ്ങള്‍മാര്‍ക്ക് ഒറ്റാങ്ങള നാട്ടില്‍ എന്തു പ്രശ്നം ഉണ്ടെങ്കിലും അവിടെ ഉണ്ടാകും ബേബിച്ചന്‍.   നാട്ടില്‍ എല്ലാവര്‍ക്കും ഉപകാരിയായിരുന്നു.  വീട്ടില്‍ പ്രാരാപ്തവും കഷ്ടപ്പാടും ആണെങ്കിലും ആര് ആ മുറ്റത്ത് വന്ന് സഹായം ചോദിച്ചാലും അവരെവെറും കയ്യോടെ മടക്കിയിട്ടില്ല ബേബിച്ചന്‍റെ വീട്ടുകാര്‍.  അതുകൊണ്ടൊക്കെ ആകണം ലണ്ടനില്‍ നഴ്സ് ആയ ലിസിയുടെ വീട്ടുകാര്‍ ലിസ്സിയെ ബേബിച്ചന് കെട്ടിച്ച് കൊടുത്തത്.  3-4 കൊല്ലം കഴിഞ്ഞപ്പോഴേയ്ക്കും ബേബിച്ചന്‍ ലണ്ടനില്‍ എത്തി.  സ്വന്തം അദ്ധ്വാനവും ഭാര്യയുടെ ൗുുീൃെേ ഉം കൊണ്ട് ഒരു ചെറിയ ബിസിനസ്സ് തുടങ്ങി.  ഇപ്പോള്‍ നല്ല നിലയില്‍ കഴിയുന്നു.  ആര് എന്ത് സങ്കടം വന്നുപറഞ്ഞാലും  ബേബിച്ചന്‍റെ മനസ്സലിയും.  ബേബിച്ചന് 2  മക്കള്‍ അവര്‍ അവിടെത്തന്നെ പഠിക്കുന്നു.  ബേബിച്ചന്‍ നാട്ടില്‍ വന്നതോടെ പള്ളി പണിയുന്ന കാര്യം കുറച്ചുകൂടെ ഊര്‍ജ്ജിതമായി.  പള്ളിപണിക്കുവേണ്ടി, നല്ലൊരു തുക സംഭാവന നല്‍കാം എന്ന് ബേബിച്ചന്‍.  ആളാകാന്‍ വെറുതെ കിട്ടയ അവസരം അല്ലേ, പോരാത്തതിന് ആവശ്യത്തിന് പണവും ഇത് മനസ്സിലാക്കി ബേബിച്ചനെ  മുതലാക്കുന്നവരും ഉണ്ട്.

പള്ളി പണി തര്‍ക്കം അങ്ങനെ നില്‍ക്കുമ്പോള്‍ ആരൊക്കെയോ ചെന്ന് പുരാവസ്തു ഡിപ്പാര്‍ട്ടുമെന്‍റില്‍ പരാതി കൊടുത്തു നൂറ്റാണ്ട് പഴക്കം ഉള്ള പള്ളിയാണെന്നും അതുകൊണ്ട് തന്നെ പള്ളി സംരക്ഷിക്കപ്പെടണം എന്നും അവര്‍ ആവശ്യപ്പെട്ടു.  ഇതും കൂടെയായപ്പോള്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമായി.  അരമനയില്‍ നിന്നും തിരുമേനിമാര്‍ പാഞ്ഞെത്തി,  പോലീസും, അവര്‍ പള്ളിപരിശോദിച്ച് ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ പള്ളി തുറക്കാന്‍ പാടില്ല എന്ന് പറഞ്ഞ് പള്ളിപൂട്ടി സീല്‍ വെച്ചു.

കാലവര്‍ഷം തുടങ്ങി, നിര്‍ത്താതെ പെയ്യുന്ന  മഴയും, വെള്ളപ്പൊക്കവും, എങ്ങും ക്ഷാമവും രോഗങ്ങളും പകര്‍ച്ചവ്യാധികളും, പള്ളി പൂട്ടിയതോടുകൂടി വിശ്വാസികളുടെ കൂടി വരവ് കുറച്ച് അകലെയായി മറ്റൊരു പള്ളിയിലേക്ക് മാറ്റി.  ദൂരകൂടുതല്‍ കാരണം പറഞ്ഞ് കുറച്ചാളുകള്‍ പള്ളിയില്‍ പോകാതെയും ആയി.  അന്ന് രാത്രിയില്‍ അതിഭയങ്കരമായ കാറ്റും മഴയും വീശിയടിച്ചു.  കാറ്റിന്‍റെ കാഠിന്യം വലുതായിരുന്നു.  വളരെയേറെ  മരങ്ങള്‍ കടപുഴകി, വീടുകളുടെ മേല്‍ക്കൂരകള്‍ പൊളിഞ്ഞു വീണു.   മണ്ണിടിഞ്ഞ് പല റോഡുകളും തകര്‍ന്നു.  വൈദ്യുതി വിതരണം നിലച്ചു.  അത്രയും പ്രകൃതി ഭീകരതാണ്ഡവം നടത്തിയ ഒരു രാത്രി ഉണ്ടായിട്ടില്ല.  ഏവര്‍ക്കും ഒരു കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നു പള്ളി അത് തകര്‍ന്ന് വീണിട്ടുണ്ടാവും.  കൂട്ടത്തില്‍ പള്ളിമേടയും ആള്‍ക്കാര്‍ മനസ്സില്‍ ഉറപ്പിച്ചു.

നേരം പുലര്‍ന്നപ്പോള്‍ ജനങ്ങള്‍ പള്ളിയിലേക്ക് ഓടി.  പള്ളിയുടെ വീഴ്ച എത്ര ഭീകരം എന്ന് കാണാന്‍ എന്നാല്‍ എല്ലാരെയും അത്ഭുതപ്പെടുത്തികൊണ്ട് ഒരു കേടുപാടും സംഭവിക്കാതെ ഗ്രാമത്തിന്‍റെ അനുഗ്രഹമായി പള്ളി  തലയുയര്‍ത്തി നിന്നു.  എത്രയെത്ര വീടുകള്‍ തകര്‍ന്നു.  എത്ര പേരുടെ ജീവന്‍ നഷ്ടമായി.  നാല്‍ക്കാലികളും മറ്റും എത്രയെണ്ണം  ഒഴുകിപ്പോയി.  എത്ര മാത്രം മരങ്ങള്‍ കടപുഴകി എങ്കിലും സര്‍വ്വശക്തനായ ദൈവം ഒരു കേടും വരുത്താതെ ആ പള്ളിക്ക് കാവലായി നിന്നു.

 വളരെ അടുത്ത ദിവസങ്ങളില്‍ തന്നെ പള്ളിയില്‍ പൊതുയോഗം വിളിച്ച്കൂട്ടി പള്ളി പൊളിക്കേണ്ട എന്നും പഴമ നഷ്ടപ്പെടാതെ അറ്റകുറ്റപണികള്‍ നടത്തി പള്ളി അതേപോലെ സൂക്ഷിക്കണം എന്നും തീരുമാനം ആയി.  വിശ്വാസികള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.  ദൈവത്തിനു സ്തുതി.

                            

റോബിന്‍ കൈതപ്പറമ്പ്

2 COMMENTS

  1. എന്ത് കണ്ടാലും കുറ്റം പറയുന്ന സ്വഭാവം മലയാളിക്ക് സ്വന്തമാണ് സ
    Robin write more. No one will become a super star in one day.
    One thing I learned is to never give up no matter what others say.

LEAVE A REPLY

Please enter your comment!
Please enter your name here