വാര്‍ത്ത നല്‍കുമ്പോള്‍ ട്രംപ് സര്‍ക്കാരിനെ സ്വേഛാധിപത്യ ഭരണകൂടമായി ‘പരിഗണിക്കണ’ മെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്. റോയിട്ടേഴ്‌സ് എഡിറ്റര്‍ ഇന്‍ ചീഫ് സ്റ്റീവ് ആഡ്‌ലര്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് എഴുതിയ സന്ദേശത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. അമേരിക്കയില്‍ വാര്‍ത്തകള്‍ ശേഖരിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദീകരിക്കുന്നതാണ് സന്ദേശം.
‘ഈജിപ്ത്, ചൈന, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു പോലെ തന്ത്രപരമായിരിക്കണം ഇവിടേയും. ട്രംപ് ഭരണത്തിന്റെ ആദ്യ ദിവസങ്ങള്‍ തന്നെ മാധ്യമപ്രവര്‍ത്തകര്‍ എന്ന രീതിയില്‍ നമുക്ക് കഠിനമേറിയ ദിവസങ്ങളാണ് ഇനിയുള്ളതെന്ന് തെളിയിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വിശ്വാസ്യതയില്ലാത്ത വ്യക്തികള്‍ എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് മാധ്യമപ്രവര്‍ത്തകരെ വിശേഷിപ്പിച്ചിരിക്കുന്നത്. വൈറ്റ് ഹൗസ് ഉപദേഷ്ടാവ് സ്റ്റീഫന് ബാനണ്‍ മാധ്യമങ്ങളെ പ്രതിപക്ഷ പാര്‍ട്ടിയെന്ന് വിശേഷിപ്പിക്കുക കൂടി ചെയ്തതോടെ ചിത്രം വ്യക്തമാണ്’. സ്റ്റീവ് ആഡ്‌ലര്‍ പറയുന്നു
പൗരാവകാശങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത രാജ്യങ്ങളില്‍ വാര്‍ത്ത ശേഖരിക്കുന്നതുപോലെ ഇനി അമേരിക്കയിലും പ്രവര്‍ത്തിക്കണമെന്നും ആഡ്‌ലര്‍ റിപ്പോര്‍ട്ടമാരോട് നിര്‍ദേശിച്ചു.
രാജ്യാന്തര വാര്‍ത്താ ഏജന്‍സിയെന്ന നിലയില്‍, മാധ്യമങ്ങളെ വിലക്കിയ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ച പരിചയമുള്ളവരാണ് നമ്മള്‍. ട്രംപിന്റെ ഭരണത്തിന്‍ കീഴിലുള്ള അമേരിക്കയിലും ഈ പാടവം നാം ഉപയോഗിക്കണമെന്ന് അദ്ദേഹം റിപ്പോര്‍ട്ടര്‍മാരോട് ഉണര്‍ത്തുന്നു.
ഭരണകൂടത്തില്‍ നിന്നുള്ള അറിയിപ്പുകള്‍ക്കായി ഒരിക്കലും കാത്തുനില്‍ക്കരുത്. ഭരണകൂടത്തിന്റെ ഭീഷണിയെ ഭയപ്പെടേണ്ടതുമില്ല. വിവിധ രാജ്യങ്ങളില്‍ നിന്നും നമ്മള്‍ ആര്‍ജിച്ച പ്രവര്‍ത്തന പരിചയം വിനിയോഗിക്കാനുള്ള കൃത്യമായ സമയം ഇതാണെന്ന ഓര്‍മപെടുത്തലോടുകൂടിയാണ് സ്റ്റീവ് ആഡ്‌ലര്‍ കത്ത് അവസാനിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here