ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി തടഞ്ഞ കോടതിവിധി സ്‌റ്റേചെയ്യണമെന്നും വിലക്ക് പുന:സ്ഥാപിക്കണമെന്നുമുള്ള ട്രംപ് ഭരണകൂടത്തിന്റെ ആവശ്യം യു.എസ് ഫെഡറല്‍ അപ്പീല്‍ കോടതി തള്ളികളഞ്ഞു. നീതിന്യായവകുപ്പിന്റെ അപ്പീലില്‍ നിലപാട് അറിയിക്കാന്‍ എതിര്‍ഭാഗത്തോട് കോടതി ആവശ്യപ്പെട്ടു. ഇതിന് സമയവും നല്‍കിയിട്ടുണ്ട്.

സിയാറ്റില്‍ ജില്ലാ ജഡ്ജിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ അടിയന്തര അപ്പീല്‍ നല്‍കിയത്. തന്റെ ഉത്തരവു തടഞ്ഞ ഫെഡറല്‍ ജഡ്ജിനെതിരെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിയമയുദ്ധം ആരംഭിക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ജഡ്ജിന്റെ ഉത്തരവ് വന്നതിനുശേഷം വിലക്ക് നടപ്പാക്കേണ്ടെന്ന് യുഎസ് വിദേശകാര്യവകുപ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍, ട്വിറ്ററിലൂടെ ജഡ്ജിക്കെതിരെ ആഞ്ഞടിച്ച ഡോണള്‍ഡ് ട്രംപ് ഉത്തരവിനെ ചോദ്യം ചെയ്യുമെന്നും വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നിയമമന്ത്രാലയം മേല്‍കോടതിയെ സമീപിച്ചത്. യാത്രാ നിരോധനത്തെ കോടതികളില്‍ പ്രതിരോധിക്കേണ്ടെന്ന നിലപാടെടുത്ത അറ്റോര്‍ണി ജനറലിനെ സര്‍ക്കാര്‍ നേരത്തെ പുറത്താക്കിയിരുന്നു.

റോയിട്ടേഴ്‌സ് നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ 49% അമേരിക്കന്‍ പൗരന്‍മാരും വിലക്കിനെ പിന്തുണച്ചു. 41% എതിര്‍ത്തു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരായ 51% വിലക്കിനെ ശക്തമായി അനുകൂലിച്ചു. ഡമോക്രാറ്റുകളായ 53% ശക്തമായി എതിര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here