ഫ്‌ളോറിഡ: സാമൂഹിക മുന്നേറ്റത്തിന്റെ തുടിപ്പും കുതിപ്പും മനസ്സിലാക്കി ഒരു പതിറ്റാണ്ടിനപ്പുറം സേവനം നടത്തിയ ഇടയശ്രേഷ്ഠന് ഫോമാ ഫ്‌ളോറിഡ റീജിയന്‍ 12-ന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി.

വര്‍ത്താമാനലോകത്തെയും, പഴമയുടെ സംസ്കൃതിയേയും സമന്വയിപ്പിച്ച് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച ഒരു പ്രേക്ഷിതവര്യനും, സാമൂഹിക പ്രവര്‍ത്തകനുമാണ് ഫാ. ജോര്‍ജ് മാളിയേക്കല്‍. ഫ്‌ളോറിഡ സീറോ മലബാര്‍ ചര്‍ച്ചില്‍ വികാരിയായി കഴിഞ്ഞ പത്തുവര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്നു.

നര്‍മ്മത്തിന്റെ നുറുങ്ങുകള്‍ മേമ്പൊടി ചേര്‍ത്തുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ആഴത്തില്‍ ചിന്തിക്കാന്‍ വക നല്‍കുന്നവയാണ്. ചുറ്റുപാടിന്റെ പ്രതിധ്വനികള്‍ മനസ്സിലാക്കി സജീവമായ ഇടപെടുകള്‍ അദ്ദേഹം എക്കാലത്തും നടത്തിവരുന്നു.

ഭക്ഷണത്തിന്റെ വിഹിതം പങ്കിടുന്ന “ഫുഡ് ഡ്രൈവുകള്‍’, ആതുര ശുശ്രൂഷാ ക്യാമ്പുകള്‍, ചാരിറ്റി ഇവന്റുകള്‍ തുടങ്ങി അനേകം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം കാരണഭൂതനാണ്. മനുഷ്യന്റെ നിസ്സഹായതയും, ദൈവത്തിന്റെ അജയ്യതയും അടുത്തറിഞ്ഞതുകൊണ്ടാണ് കിട്ടുന്ന സമയം സാമൂഹ്യ സേവനത്തിനായി ചിലവിടുന്നത്. കെട്ടുറപ്പുള്ള സാമൂഹിക നിര്‍മ്മിതി ഇല്ലാത്തതാണ് പരസ്പരം ബന്ധങ്ങള്‍ ശിഥിലമാക്കുന്നതും മാനസീകമായ അകലങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകുന്നത്- അദ്ദേഹം പറഞ്ഞു.

സാമൂഹികമായ അസമത്വം ആണ് ഏറ്റവും വലിയ ദൈവനിന്ദ എന്നാണ് അച്ചന്റെ ഭാഷ്യം. ദൈവപരിപാലനത്തിന്റെ അത്ഭുതകരമായ സഹായ സഹകരണങ്ങളും കൃപകളും അനുഭവിച്ചറിഞ്ഞ വ്യക്തിയാണ് ഈ പുരോഹിത ശ്രേഷ്ഠന്‍.

ചാലക്കുടിയിലുള്ള കുറ്റിക്കാട്ട് ഭവനത്തില്‍ നിന്നാണ് പ്രേക്ഷിത പ്രവര്‍ത്തിയുടെ ആദ്യപാഠങ്ങള്‍ അഭ്യസിച്ചത്. സഹനത്തിന്റെ കനല്‍വഴികളിലൂടെ സഞ്ചരിച്ച്, രൂപരഹിതനായ പ്രപഞ്ചസത്വത്തിന് വിനീത ദാസനായി, ഏറ്റെടുത്ത വേലയില്‍ ഇന്നും മികച്ച വിളവ് നല്‍കിക്കൊണ്ടിരിക്കുന്നു.

ചിക്കാഗോ സീറോ മലബാര്‍ രൂപതാ പ്രൊക്യുറേറ്റര്‍ (ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍) ആയിട്ടാണ് പുതിയ നിയമനം. ‘തന്നെക്കാള്‍ അതിശ്രേഷ്ഠമായതാണ് മറ്റുള്ളവര്‍’ എന്നരുളിയ നസ്രേത്തിലെ ഗുരുവിന്റെ പാതയാണ് ഞാന്‍ പിന്തുടരുന്നത്. ശാന്തശീലനും, വിനയശീലനുമാകുവാന്‍ ഇനിയും അവന്റെ നുകത്തിന്‍കീഴില്‍ തന്നെ ജീവിക്കും… അച്ചന്‍ പറഞ്ഞ് അവസാനിപ്പിച്ചു.

ഫ്‌ളോറിഡ സീറോ മലബാര്‍ താമ്പാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ കൂടിയ സമ്മേളനത്തില്‍ ഫോമ ജോയിന്റ് ട്രഷറര്‍ ജോമോന്‍ കളപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഫോമാ റീജിയന്‍ 12 ആര്‍.വി.പി ബിനു മാമ്പിള്ളി, ഫാ. ജോര്‍ജ് മാളിയേക്കലിനെ സദസിനു പരിചയപ്പെടുത്തി.

ഫ്‌ളോറിഡയിലെ വിവിധ അസോസിയേഷനുകളുടെ പ്രതിനിധികളായ ഒരുമ പ്രസിഡന്റ് സോണി തോമസ്, മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ പ്രസിഡന്റ് ലിജു ആന്റണി, മലയാളി അസോസിയേഷന്‍ ഓഫ് താമ്പാ പ്രസിഡന്റ് വിജയന്‍ നായര്‍, താമ്പാ ബേ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബാബു ചൂരക്കുളം, മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ പ്രസിഡന്റ് ഇലക്ട് സജി കരിമ്പന്നൂര്‍, മലയാളി അസോസിയേഷന്‍ ഓഫ് താമ്പാ മുന്‍ പ്രസിഡന്റ് സുരേഷ് നായര്‍, ഫൊക്കാന എക്‌സിക്യൂട്ടീവ് സണ്ണി മറ്റമന തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് ഫോമ ജോയിന്റ് ട്രഷറര്‍ ജോമോന്‍ കളപ്പുരയ്ക്കല്‍ അച്ചന് ഉപഹാരം നല്‍കി. ഫോമാ ആര്‍.വി.പി ബിനു മാമ്പിള്ളിയുടെ നന്ദി പ്രകാശനത്തിനുശേഷം സ്‌നേഹവിരുന്നും നടത്തപ്പെട്ടു.

frgeorgesendoff_pic6 frgeorgesendoff_pic5 frgeorgesendoff_pic4 frgeorgesendoff_pic3 frgeorgesendoff_pic2frgeorgesendoff_pic1

LEAVE A REPLY

Please enter your comment!
Please enter your name here