തങ്ങളെ ആരും തടഞ്ഞുവച്ചിട്ടില്ലെന്ന് രഹസ്യകേന്ദ്രത്തില്‍ താമസിക്കുന്ന അണ്ണാ ഡിഎംകെ എംഎല്‍എമാര്‍. ആരുടേയും ഭീഷണിക്കും സമ്മര്‍ദ്ദത്തിനും വഴങ്ങിയല്ല ഒളിവില്‍ കഴിയുന്നതെന്നും അവര്‍ മാധ്യമങ്ങളോടു പറഞ്ഞു. സ്വന്തം ചെലവിലാണ് തങ്ങള്‍ ഹോട്ടലില്‍ കഴിയുന്നത്. മഹാബലിപുരത്തുള്ള റിസോട്ടില്‍ 98 പേരുണ്ട്. ബാക്കിയുള്ളര്‍ ചെന്നൈയിലുണ്ടെന്നും എംഎല്‍എമാര്‍ പറഞ്ഞു. ക്യാംപില്‍ കഴിയുന്ന അഞ്ച് എംഎല്‍എമാരാണ് മാധ്യമങ്ങളെ കണ്ടത്. എപ്പോള്‍ വേണമെങ്ങിലും തങ്ങള്‍ ഗവര്‍ണറെ കാണാന്‍ ഒരുക്കമാണെന്നും എംഎല്‍എമാര്‍ അറിയിച്ചു.

നേരത്തെ ശശികല ‘തടവിലാക്കിയ’ എംഎല്‍എമാര്‍ പ്രതിഷേധത്തിലാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എംഎല്‍എമാര്‍ ക്യാംപില്‍ ഉപവാസ സമരത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

ചെന്നൈയിലെ രഹസ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ച മുപ്പതോളം എംഎല്‍എമാരാണ് ശശികലയ്‌ക്കെതിരേ രംഗത്തുവന്നിരുന്നത്. ഇവരുള്‍പ്പെടെ ചിലര്‍ ഡിഎംകെയില്‍ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

അതേസമയം കാവല്‍മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിനു പിന്തുണയുമായി എഐഎഡിഎംകെ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ പൊന്നുസ്വാമി രംഗത്തെത്തി. പനീര്‍ശെല്‍വവുമായി കൂടിക്കാഴ്ച നടത്തിയ പൊന്നുസാമി എല്ലാ പിന്തുണയും അറിയിച്ചു. പാര്‍ട്ടിയുടെ സത്യസന്ധനായ നേതാവാണ് പനീര്‍ശെല്‍വമെന്ന് പൊന്നുസാമി കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു പറഞ്ഞു. പാര്‍ട്ടിയെ രക്ഷിക്കുന്നതിനായി അവതരിച്ച ദൈവമാണ് ഒപിഎസ് എന്നായിരുന്നു പനീര്‍ശെല്‍വത്തെ പിന്തുണച്ച് പൊന്നുസാമിയുടെ പ്രതികരണം.

 

LEAVE A REPLY

Please enter your comment!
Please enter your name here