മലയാളികള്‍ക്ക് ഇത് അഭിമാനനിമിഷം. ഇന്ത്യന്‍ വായുസേനയുടെ തലപ്പത്തേയ്ക്ക് ഒരു മലയാളി എത്തുന്നു. എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍ ഇന്ത്യന്‍ വായു സേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയി നാളെ ചുമതലയേല്‍ക്കും. ഈ പദവിയില്‍ എത്തുന്ന ആദ്യത്തെ മലയാളിയാണ് അദ്ദേഹം.

വായുസേനയുടെ കിഴക്കന്‍ മേഖല കമാന്റിന്റെ മേധാവിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം. 35 ഓളം യുദ്ധ വിമാനങ്ങള്‍, യാത്ര വിമാനങ്ങള്‍, ഹെലികോപ്റ്ററുകര്‍ എന്നിവ ഏതാണ്ട് 4700 മണിക്കൂര്‍ പറത്തിയ പരിചയ സമ്പത്തിനുടമയാണ് രഘുനാഥ് നമ്പ്യാര്‍. പ്രധാന യുദ്ധ വിമാനങ്ങളിലൊന്നായ മിറാഷില്‍ മാത്രം 2300 മണിക്കൂറോളം പറത്തി ദേശീയ റെക്കോര്‍ഡും നേടിയിട്ടുണ്ട്.

എകെജിയുടെ കുടുംബമായ കണ്ണൂര്‍ ആയില്യത്തു കുടുംബാംഗമാണ് രഘുനാഥ് നമ്പ്യാര്‍. നാഷണല്‍ ഡിഫന്‍സ് അക്കാഡമിയില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം 1980ലാണ് വായുസേനയില്‍ ചേരുന്നത്.

അതി വിശിഷ്ട സേവാ മെഡലും , കാര്‍ഗില്‍ യുദ്ധത്തിലെ മികച്ച സേവനത്തിനു വായുസേന മെഡലും, എല്‍സിഎ ഫ്‌ലൈറ്റ് ടെസ്റ്റിംഗിന് വായുസേന മെഡല്‍ബാറും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യമിറങ്ങിയ വിമാനത്തിലെ പൈലറ്റ് നമ്പ്യാരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here