തിരുവനന്തപുരം: അമേരിക്കന്‍ മലയാളികളുടെ ചിരകാല വായനാ ബോധത്തില്‍ നിന്നും നിര്‍ഭയമായ പ്രതികരണ ശേഷിയില്‍ നിന്നും പിറവികൊണ്ട, അക്ഷര പ്രോജ്വലതയുടെ തൂലികപ്പതിപ്പായ ‘ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക’യുടെ ഏഴാമത് നാഷണല്‍ കോണ്‍ഫറന്‍സില്‍, കേരളത്തിന്റെ പച്ചപ്പിന് വിത്തെറിയുന്ന കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ പങ്കെടുക്കും. പ്രസ് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും കോണ്‍ഫറന്‍സിനും അദ്ദേഹം ഭാവുകങ്ങള്‍ നേര്‍ന്നു. 

”അമേരിക്കയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മലയാളികളായിട്ടുള്ള ദൃശ്യ, ശ്രാവ്യ, പ്രിന്റ് മീഡിയ രംഗത്തെ മാധ്യമപ്രവര്‍ത്തകരുടെ വളരെ പ്രശസ്തമായ സംഘടനയാണ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക. ആ സംഘടനയുടെ നാഷണല്‍ കോണ്‍ഫറന്‍സ് ചിക്കാഗോയില്‍ വച്ച് നടക്കുകയാണ്. നിരവധിയായ പ്രവര്‍ത്തനങ്ങളിലൂടെ അറിയപ്പെടുന്ന ഈ സംഘടന കേരളത്തിലെ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏറ്റവും മികച്ചവര്‍ക്കുള്ള അവാര്‍ഡ് ഉള്‍പ്പെടെ നല്‍കുന്ന കാര്യങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിവരുന്നുണ്ട് എന്നത് സന്തോഷകരമാണ്. കര്‍മ്മ ഭൂമിയിലെ ലക്ഷക്കണക്കിനുള്ള മലയാളി സമൂഹത്തിനിടയില്‍ കേരളീയ സംസ്‌കാരവും കേരളത്തിന്റെ രാഷ്ട്രീയ സംഭവ വികാസങ്ങളും സാമൂഹിക വിഷയങ്ങളും അങ്ങോട്ട് എത്തിക്കുന്നതിലും അതുപോലെ തന്നെ അമേരിക്കന്‍ മലയാളികളുടെ പ്രശ്‌നങ്ങളും അമേരിക്കയിലുണ്ടാകുന്ന പൊതു രാഷ്ട്രീയ, സാമൂഹിക സംഭവവികാസങ്ങള്‍ മലയാളികളിലേക്കെത്തിക്കുന്നതിലുമെല്ലാം ഒരു കണ്ണിയായി പ്രവര്‍ത്തിക്കുന്ന മാധ്യമക്കൂട്ടായ്മയാണ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക. ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാ ഭാവുകങ്ങളും നേരുകയാണ്. അതോടൊപ്പം ചിക്കാഗോയില്‍ നടക്കുന്ന ഏഴാമത് കോണ്‍ഫറന്‍സിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകളും അറിയിക്കുന്നു…” മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. 

കേരള നിയമസഭാ മന്ദിരത്തിലെ തന്റെ ഓഫീസില്‍ വച്ച് നടന്ന ഊഷ്മളമായ കൂടിക്കാഴ്ചയില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജനറല്‍ സെക്രട്ടറി ഡോ. ജോര്‍ജ് കാക്കനാട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഊര്‍ജസ്വലതയുടെയും കാര്യക്ഷമതയുടെയും വികസനോന്‍മുഖതയുടെയും പര്യായമായ മന്ത്രി വി.എസ് സുനില്‍കുമാര്‍ കണ്‍വന്‍ഷന്‍ വേദിയിലെത്തുമ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകളും സ്‌നേഹ സാമീപ്യവും അനുഗ്രഹീതവും പ്രോല്‍സാഹ ജനകവുമാകുമെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് ശിവന്‍ മുഹമ്മ, ജനറല്‍ സെക്രട്ടറി ഡോ. ജോര്‍ജ് കാക്കനാട്ട്, ട്രഷറാര്‍ ജോസ് കാടാപുറം എന്നിവര്‍ പറഞ്ഞു.  വരുന്ന ഓഗസ്റ്റ് 24 മുതല്‍ 26വരെ ചിക്കാഗോയിലെ ഇറ്റാസ്‌കയിലുള്ള ഹോളിഡേ ഇന്‍ ഹോട്ടലിലാണ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് കോണ്‍ഫറന്‍സ് അരങ്ങേറുന്നത്.

സി.പി.ഐയുടെ കരുത്തുറ്റ നേതാവും അഭിഭാഷകനുമായ വി.എസ് സുനില്‍കുമാര്‍ 1967 മേയ് 30ന് അന്തിക്കാട്ട് പരേതനായ വെളിച്ചപ്പാട്ട് സുബ്രഹ്മണ്യന്റേയും സി.കെ പാര്‍വതിയുടെയും മകനായി ജനിച്ചു. തൃശൂര്‍ ശ്രീകേരളവര്‍മ കോളജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലായിരുന്നു പഠനം. തൃശ്ശുര്‍ നിയമസഭാമണ്ഡലത്തെ ഇപ്പോള്‍ പ്രതിനിധീകരിക്കുന്നു. കാല്‍നൂറ്റാണ്ടായി തേറമ്പില്‍ രാമകൃഷ്ണനിലൂടെ യു.ഡി.എഫ് കുത്തകയാക്കിയിരുന്ന തൃശൂരില്‍ ലീഡറുടെ മകള്‍ പത്മജയെ തറപറ്റിച്ച്, ഏഴായിരത്തോടടുത്ത ഭൂരിപക്ഷത്തോടെയായിരുന്നു ഇത്തവണത്തെ വിജയം. ചര്‍ച്ചകളിലും ജനകീയ പ്രക്ഷോഭങ്ങളിലും പാര്‍ട്ടിയുടെ കരുത്തുറ്റ മുഖമാണ് സുനില്‍. ചേര്‍പ്പ്, കയ്പമംഗലം മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് പത്തുവര്‍ഷമായി എം.എല്‍.എ ആയി തുടരുന്ന സുനില്‍കുമാറിനെ വെച്ച് തൃശൂര്‍ മണ്ഡലം പിടിക്കാനുള്ള പാര്‍ട്ടി തീരുമാനവും അതോടെ ചരിത്രമായി.

ബാലവേദിയിലൂടെ പ്രവര്‍ത്തനമാരംഭിച്ച സുനില്‍കുമാര്‍ എ.ഐ.എസ്.എഫിന്റെയും എ.ഐ.വൈ.എഫിന്റെയും സംസ്ഥാന സെക്രട്ടറി പദം വരെയത്തെി. 1998ല്‍ എ.ഐ.എസ്.എഫ് ദേശീയ സെക്രട്ടറിയായി. വിദ്യാര്‍ഥി, യുവജന നേതാവായിരിക്കെ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. പൊലീസ് മര്‍ദനവും ജയില്‍ശിക്ഷയും അനുഭവിച്ചു. സംസ്ഥാനത്താദ്യമായി ഇലക്ട്രിക് ലാത്തി ഉപയോഗിച്ച് പൊലീസ് നടത്തിയ നരനായാട്ടില്‍ തലതകര്‍ന്ന് മാസങ്ങളോളം ചികിത്സക്ക് വിധേയനായി. നവോദയ സമരം, പ്രീഡിഗ്രി ബോര്‍ഡ് സമരം, ഇലക്ട്രിസിറ്റി സമരം, മെഡിക്കല്‍ കോളജ് സമരം എന്നിവയുടെ മുന്നണിപ്പോരാളിയായിരുന്നു. സി.പി.ഐ സംസ്ഥാന എക്‌സി. കമ്മിറ്റി അംഗമാണ്. 2006 ല്‍ ചേര്‍പ്പില്‍നിന്ന് ആദ്യമായി എം.എല്‍.എയായി. 2011ല്‍ കയ്പമംഗലത്തുനിന്ന് വിജയിച്ചു. കഴിഞ്ഞ 13-ാം നിയമസഭയില്‍ ഇടതുമുന്നണിക്കുവേണ്ടി ഏറ്റവുമധികം അടിയന്തര പ്രമേയങ്ങള്‍ അവതരിപ്പിച്ചത് സുനില്‍കുമാറായിരുന്നു. 

അര്‍ബുദ-വൃക്ക-കാന്‍സര്‍ രോഗികള്‍ക്ക് ക്ഷേമനിധി അനുവദിക്കുന്നതിനുള്ള സ്വകാര്യ ബില്‍, യാത്രാവകാശ ബില്‍ എന്നിവ അവതരിപ്പിച്ച് ശ്രദ്ധേയനായി. ഇടതുപക്ഷത്തിന്റെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സംസ്ഥാനത്തെ മുഖ്യപ്രചാരകനായി ഒട്ടേറെ വേദികളില്‍ തിളങ്ങി. ക്യൂബ, ചൈന, മോസ്‌കോ, വെനിസ്വേല, ലാറ്റിനന്‍ അമേരിക്ക എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. അഭിഭാഷകയായ രേഖയാണ് ഭാര്യ. മകന്‍ നിരഞ്ജന്‍ കൃഷ്ണ പത്താം ക്‌ളാസ് വിദ്യാര്‍ഥി. 

VS_Sunilkumar

LEAVE A REPLY

Please enter your comment!
Please enter your name here