
ഡാലസ്: ന്യുയോര്‍ക്കില്‍ ഒക്ടോബര്‍ 6 മുതല്‍ 8 വരെ നടക്കുന്ന ലാനാ നാഷണല്‍ കണ്‍വന്‍ഷനില്‍ ഡാലസില്‍ നിന്നും പങ്കെടുക്കുന്ന പ്രതിനിധികളുടെ രജിസ്ട്രേഷന് കിക്ക് ഓഫിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡാലസ് ലൂയിസ് വില്ലയില്‍ ജൂലൈ 17 ന് ചേര്‍ന്ന കെഎല്‍എസിന്റെ പ്രവര്‍ത്തക യോഗത്തില്‍ പ്രസിഡന്റ് എബ്രഹാം തെക്കേമുറി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ജോസ് ഓച്ചാലില്‍ ലാനാ സമ്മേളനം വിജയമാക്കുന്നതിന് ഡാലസ് കെഎല്‍എസ് പ്രവര്‍ത്തകരുടെ സഹകരണം അഭ്യര്‍ഥിച്ചു.
ലാനാ-കെഎല്‍എസ് സ്ഥാപക നേതാക്കളില്‍ പ്രമുഖനായ ഏബ്രഹാം തെക്കേമുറി സംഘടനാ രൂപീകരണത്തെക്കുറിച്ചും രണ്ടു പതിറ്റാണ്ടുകൊണ്ട് സംഘടനയ്ക്കുണ്ടായ വളര്‍ച്ചയെക്കുറിച്ചും വിശദീകരിച്ചു. സംഘടനയില്‍ അച്ചടക്കം പാലിക്കപ്പെടേണ്ടതും കെഎല്‍എസിന്റെ പ്രവര്‍ത്തക യോഗങ്ങളില്‍ അംഗങ്ങള്‍ പങ്കെടുക്കേണ്ടതും അനിവാര്യമാണെന്ന് പ്രസിഡന്റ് നിര്‍ദ്ദേശം നല്കി. കവിയും ട്രഷറാറുമായ ജോസന് ജോര്‍ജ് സാഹിത്യ സൃഷ്ടികളുടെ മൂല്യച്ച്യുതിയെക്കുറിച്ച് സംസാരിച്ചു. എഴുത്തും വായനയും ചാനലുകളുടെ അതിപ്രസരത്തില്‍ അപ്രസ്കതമാക്കുന്നതായും ജോസന് പറഞ്ഞു
ഭരണഘടനയ്ക്ക് വിധേയമായി കെഎല്‍എസിന്റെ യോഗങ്ങളില്‍ തുടര്‍ച്ചയായി നാലു തവണ പങ്കെടുക്കാത്ത പ്രവര്‍ത്തകരെ കെഎല്‍എസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കം ചെയ്യുന്നതിനുള്ള തീരുമാനം യോഗം ഐക്യകണ്ഠേനെ അംഗീകരിച്ചു. കെഎല്‍എസ് സെക്രട്ടറി സി. വി. ജോര്‍ജ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് കവിതാ ചെറുകഥാ പരായണവും ഉണ്ടായിരുന്നു. റോസമ്മ ജോര്‍ജ്, ആന്‍സി ജോസ്, സിജു വി. ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.