ചെന്നൈ: തമിഴ്‌നാട്ടില്‍ മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്നു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു സംഭവത്തില്‍ വന്‍ പ്രതിഷേധം. അരിയല്ലൂര്‍ ജില്ലയിലെ കുഴുമുറൈ സ്വദേശി അനിതയാണു മരിച്ചത്. പ്ലസ്ടുവിന് 1200ല്‍ 1176 മാര്‍ക്ക് നേടിയ അനിത നീറ്റ് പരീക്ഷയ്‌ക്കെതിരെ നിയമപോരാട്ടം നടത്തിയിരുന്നു. പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം വേണമെന്നായിരുന്നു ആവശ്യം. ഈ മാര്‍ക്കില്‍നിന്നു സര്‍ക്കാര്‍ ഉണ്ടാക്കിയ 200 എന്ന കട്ടോഫ് മാര്‍ക്കില്‍ 196.5 മാര്‍ക്കും അനിത നേടിയിരുന്നു. സംസ്ഥാന സിലബസില്‍ പഠിച്ച് ഉയര്‍ന്ന അക്കാഡമിക് നിലവാരം പുലര്‍ത്തിയ വിദ്യാര്‍ഥിനിയായിരുന്നു അനിത. എന്നാല്‍ സിബിഎസ്ഇ നിലവാരത്തിലുള്ള നീറ്റ് പരീക്ഷയെഴുതിയപ്പോള്‍ വളരെ താണ റാങ്കാണ് അനിതയ്ക്കു നേടാനായത്. നീറ്റ് പരീക്ഷ സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്കു ബുദ്ധിമുട്ടായിരുന്നു. ഇതിനെതിരെയാണ് അനിത സുപ്രീം കോടതിയെ സമീപിച്ചത്.
മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിലെ മാനസിക വിഷമമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണു വിലയിരുത്തുന്നത്. ചുമട്ടുതൊഴിലാളിയായ ഷണ്‍മുഖന്റെ മകളാണ് അനിത. അനിതയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ കുടുംബാംഗങ്ങള്‍ വിസമ്മതിച്ചിരിക്കുകയാണ്. അനിതയുടെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രഖ്യാപിച്ചിച്ചു.
നീറ്റ് പരീക്ഷയില്‍നിന്ന് തമിഴ്‌നാടിന് ഒരു വര്‍ഷത്തെ ഇളവുതേടിക്കൊണ്ടുളള ഓര്‍ഡിനന്‍സിന്റെ കരട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഒരു സംസ്ഥാനത്തിനു മാത്രമായി നീറ്റില്‍ നിന്ന് ഇളവു നല്‍കാനാവില്ലെന്ന നിലപാടായിരുന്നു കേന്ദ്ര സര്‍ക്കാരിന്റേത്. കേന്ദ്രസര്‍ക്കാര്‍ എതിര്‍പ്പിനെത്തുടര്‍ന്ന് സുപ്രീം കോടതി ഹര്‍ജി തളളുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here