ബംഗളൂരു: തീവ്ര വലതുപക്ഷഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ശക്തമായി പോരടിച്ച മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമാണ് ബെംഗളുരുവില്‍ കൊല്ലപ്പെട്ട ഗൗരി ലങ്കേഷ്. ചൊവ്വാഴ്ച്ച രാത്രി എട്ട് മണിയോടെ പടിഞ്ഞാറന്‍ ബെംഗളുരുവിലെ വീട്ടില്‍ വെച്ചാണ് ഗൗരി ലങ്കേഷിന് വെടിയേറ്റത്. വീട്ടില്‍ തിരികെയെത്തി അകത്ത് കയറാന്‍ ശ്രമിക്കുന്നതിനിടെ തൊട്ടടുത്ത് നിന്ന് അജ്ഞാതര്‍ ഏഴ് വട്ടം വെടിയുതിര്‍ക്കുകയായിരുന്നു.
2005ല്‍ ആരംഭിച്ച ‘ഗൗരി ലങ്കേഷ് പത്രിക’ എന്ന തന്റെ കന്നഡ ടാബ്ലോയ്ഡിന്റെ എഡിറ്ററായിരുന്നു ഗൗരി. ലങ്കേഷ് പത്രിക ആരംഭിച്ച പ്രശസ്ത കവിയും മാധ്യമപ്രവര്‍ത്തകനുമായ പി ലങ്കേഷിന്റെ മകള്‍. ആഴ്ച്ചകളില്‍ പ്രസിദ്ധീകരിച്ചിരുന്ന ടാബ്ലോയ്ഡില്‍ പരസ്യങ്ങള്‍ എടുത്തിരുന്നില്ല. 50 പേര്‍ ചേര്‍ന്നാണ് ‘ജിഎല്‍പി’ മുന്നോട്ട് കൊണ്ടുപോയ്‌ക്കൊണ്ടിരുന്നത്. തന്റെ രചനകളിലൂടെ വര്‍ഗീയ നിറഞ്ഞ രാഷ്ട്രീയത്തെയും ജാതിവ്യവസ്ഥയെയും ഗൗരി നേരിട്ടു. വിവിധ പ്രസിദ്ധീകരണങ്ങളിലൂടെ വലതുപക്ഷത്തിനെതിരെയും ഹിന്ദുത്വരാഷ്ട്രീയത്തിനെതിരെയും ഗൗരി രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ അപകീര്‍ത്തിക്കേസില്‍ കോടതി ഗൗരിയ്‌ക്കെതിരെ ശിക്ഷ വിധിച്ചിരുന്നു. 10,000 രൂപ പിഴയും ആറ് മാസം തടവുമായിരുന്നു ശിക്ഷ. ബിജെപി എംപി പ്രഹ്ലാദ് ജോഷിയും മറ്റൊരു നേതാവായ ഉമേഷ് ദുഷിയും നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു ശിക്ഷാവിധി. അന്ന് തന്നെ ഗൗരി ജാമ്യം നേടി. 2008ല്‍ സ്വര്‍ണവ്യാപാരിയില്‍ നിന്നും മൂന്ന് ബിജെപി നേതാക്കള്‍ ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്ന വാര്‍ത്തയാണ് കേസിന് കാരണമായത്. എന്നാല്‍ മറ്റ് പത്രങ്ങള്‍ ഇതേ വാര്‍ത്ത നല്‍കിയിട്ടും ജിഎല്‍പിയെ ലക്ഷ്യമിടാന്‍ കാരണം തന്റെ രാഷ്ട്രീയ നിലപാടാണെന്ന് ചൂണ്ടിക്കാട്ടി ഗൗരി രംഗത്തെത്തി.
മാധ്യമസ്വാതന്ത്ര്യത്തിന്റെ വക്താവായിരുന്ന ഗൗരി രാജ്യത്തെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. രാഷ്ട്രീയ നിലപാടുകളുടെയും പ്രത്യയശാസ്ത്രത്തിന്റെയും പേരില്‍ ആളുകളെ ഉന്നമിടുകയാണെന്ന് ഗൗരി ചൂണ്ടിക്കാട്ടി. തന്റെ അവസാനത്തെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ വ്യാജവാര്‍ത്തകളെക്കുറിച്ചും മുഖ്യശത്രുവിനെതിരെ ഒരുമിച്ച് നില്‍ക്കേണ്ടതിനെക്കുറിച്ചും ഗൗരി ലങ്കേഷ് പ്രതികരിച്ചു. റൊഹിങ്ക്യന്‍ മുസ്ലീമുകളെ കൊന്നൊടുക്കയാണെന്ന വ്യാജവാര്‍ത്തയെക്കുറിച്ചുള്ള ‘ക്വന്റ്’ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് റീ ട്വീറ്റ് ചെയ്യുകയും ചെയ്തു. സെപ്റ്റംബര്‍ അഞ്ചിന് കൊല്ലപ്പെടുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പും റൊഹിങ്ക്യന്‍ അഭയാര്‍ത്ഥികളെക്കുറിച്ച് ഗൗരി ട്വീറ്റ് ചെയ്തു. റൊഹിങ്ക്യന്‍ മുസ്ലിമുകളെ എന്തിനാണ് പുറത്താക്കുന്നതെന്ന് കോടതി ചോദിച്ചതിനെക്കുറിച്ചുള്ള വാര്‍ത്തയാണ് ഗൗരി അവസാനമായി ട്വീറ്റ് ചെയ്തത്.

 

LEAVE A REPLY

Please enter your comment!
Please enter your name here