കണ്ണൂര്‍: മലേഷ്യയില്‍ കെട്ടിടത്തില്‍ നിന്നു വീണു മരിച്ച മലയാളി സ്ത്രീ, ഊട്ടിയില്‍ കാമുകനെ വെട്ടിമുറിച്ചു പെട്ടിയിലാക്കി കടത്തിയ കേസിലെ പ്രതി പയ്യന്നൂരിലെ ഡോ. ഓമനയെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മലയാളിയെന്നു കരുതുന്ന സ്ത്രീ മലേഷ്യയിലെ സേലങ്കോര്‍ എന്ന സ്ഥലത്തു കെട്ടിടത്തില്‍ നിന്നു വീണു മരിച്ചതായി അവിടത്തെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ കഴിഞ്ഞ ദിവസം കേരളത്തിലെ പത്രങ്ങളില്‍ പടം സഹിതം പരസ്യം നല്‍കിയിരുന്നു. അതിലെ പടം കണ്ടാണു പൊലീസിനു സംശയം തോന്നിയത്. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

പരസ്യത്തില്‍ കണ്ട ഫോട്ടോ ഓമനയുടെ പയ്യന്നൂരിലെ ബന്ധുക്കളെ കാണിച്ചപ്പോള്‍, നല്ല സാദൃശ്യമുണ്ടെന്ന മറുപടിയാണു ലഭിച്ചത്. ഹൈക്കമ്മിഷന്‍ ഓഫിസില്‍ നിന്നു സംസ്ഥാന സര്‍ക്കാരിനു ലഭിച്ച നിര്‍ദേശമനുസരിച്ച്, മലേഷ്യയിലുള്ള മലയാളിസ്ത്രീകളെക്കുറിച്ചും പൊലീസ് വിവരം ശേഖരിച്ചിരുന്നു. പത്രപ്പരസ്യത്തില്‍ മൃതദേഹം തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തില്‍ ശരീരത്തിലുള്ള അടയാളങ്ങള്‍, പേര്, വീട്ടിലുള്ള രേഖകള്‍, പാസ്‌പോര്‍ട്ട് എന്നിവയെ കുറിച്ചൊന്നും സൂചനയില്ല. ഓമനയാണോ എന്നു സ്ഥിരീകരിക്കാന്‍ ഇനി ഡിഎന്‍എ പരിശോധന നടത്തണം.

1996 ജൂലൈയിലാണു പയ്യന്നൂരിലെ കരാറുകാരന്‍ മുരളീധരനെ കൊലപ്പെടുത്തിയ കേസില്‍ ഓമന അറസ്റ്റിലായത്. മെഡിക്കല്‍ വിജ്ഞാനം ഉപയോഗപ്പെടുത്തി, അധികം ചോര പുറത്തുവരാത്ത വിധത്തില്‍ നടത്തിയ കൊലപാതകം ഡോക്ടര്‍മാരെയും പൊലീസിനെയും ഒരുപോലെ അമ്പരിപ്പിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയ ഡോ. ഓമന 1999ല്‍ ചികിത്സാ രംഗത്തെ ചൂഷണങ്ങള്‍ക്കെതിരെ പയ്യന്നൂര്‍ കേന്ദ്രീകരിച്ചു സംഘടന രൂപീകരിച്ചു കുറച്ചുകാലം പ്രവര്‍ത്തിച്ചിരുന്നു.

ഊട്ടി റെയില്‍വേ സ്റ്റേഷനിലെ വിശ്രമ മുറിയില്‍ മുരളീധരനെ വിഷം കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. പിന്നീട് വെട്ടിമുറിച്ചു ചെറിയ കഷണങ്ങളാക്കി വലിയ സ്യൂട്ട്‌കേസില്‍ കുത്തിനിറച്ചു കൊടൈക്കനാലില്‍ ഉപേക്ഷിക്കാന്‍ ടാക്‌സിയില്‍ കൊണ്ടുപോകുമ്പോള്‍ ഡ്രൈവര്‍ക്കു സംശയം തോന്നി പൊലീസില്‍ അറിയിക്കുകയായിരുന്നു. ശരീരഭാഗങ്ങള്‍ നിറച്ച സ്യൂട്ട്‌കേസുമായി കോയമ്പത്തൂരിലെത്തി ഹോട്ടലില്‍ താമസിച്ച ഓമന പിറ്റേന്നാണു കൊടൈക്കനാലിലേക്കു പോയത്. പെട്ടിയില്‍ നിന്നുണ്ടായ ദുര്‍ഗന്ധമാണു ഡ്രൈവറില്‍ സംശയം ജനിപ്പിച്ചത്.

കേസില്‍ ജാമ്യത്തിലിറങ്ങിയ ഓമന 2001 ജനുവരിയില്‍ മുങ്ങി. മലേഷ്യയിലേക്കു കടന്നുവെന്ന സൂചനയില്‍ തമിഴ്‌നാട്, കേരള പൊലീസും ഇന്റര്‍പോളും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. 2009വരെ ബന്ധുക്കളുമായി വല്ലപ്പോഴും ബന്ധപ്പെട്ടിരുന്നു. വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണു മലേഷ്യയിലേക്കു കടന്നതെന്നും, വിവിധ പേരുകളില്‍ മലേഷ്യയുടെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ കഴിയുകയാണെന്നും നേരത്തേ സംശയമുണ്ടായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here