കൊച്ചി: മലയാളിയുടെ കുടി കൂടിവരുന്നു. മാറിമറിഞ്ഞ നയങ്ങള്‍ക്കൊന്നും മലയാളിയുടെ മദ്യപാനശീലത്തെ മറിച്ചിടാനാകാത്തതിനാല്‍ സംസ്ഥാനത്തു മദ്യവില്‍പന മേലോട്ടു തന്നെ. സ്വന്തം വില്‍പനശാലകള്‍ക്കു പുറമേ, ബാറും ക്ലബ്ബും കണ്‍സ്യൂമര്‍ഫെഡും വഴി മദ്യം വില്‍ക്കുന്ന ബവ്‌റിജസ് കോര്‍പറേഷന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വിറ്റുവരവ് 12,134 കോടി രൂപ! 2015–16ല്‍ ഇത് 11,577 കോടിയായിരുന്നു.
ഈ സാമ്പത്തികവര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മദ്യവില്‍പന 6180 കോടിയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയെക്കാള്‍ 50 കോടി രൂപ കൂടുതല്‍. മലയാളികള്‍ ഓണം ആഘോഷിച്ച കഴിഞ്ഞ സെപ്റ്റംബറില്‍ ബെവ്‌കോ 1121 കോടിയുടെ മദ്യം വിറ്റെങ്കില്‍ ഈ സെപ്റ്റംബറില്‍ 1135 കോടിയുടെ മദ്യം വിറ്റു. ഈ കണക്കുകളിലൊന്നും ബാറുകള്‍ക്കും ക്ലബ്ബുകള്‍ക്കും ലഭിച്ച വരുമാനം ഉള്‍പ്പെടുന്നില്ല.
ഒരുപാടു കയറ്റിറക്കങ്ങള്‍ക്കുശേഷം ബാറുകളുടെ എണ്ണം 210ലും സര്‍ക്കാര്‍ മദ്യവില്‍പനശാലകളുടെ എണ്ണം 289ലും എത്തിനില്‍ക്കുന്നു. 2014ന്റെ തുടക്കത്തില്‍ 830 ബാര്‍ ഉണ്ടായിരുന്ന കേരളത്തില്‍ 2014 ഏപ്രിലില്‍ നിലവാരമില്ലെന്ന കാരണത്താല്‍ പൂട്ടിയത് 418 ബാറുകള്‍. പിന്നാലെ, ബാര്‍ ലൈസന്‍സ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു മാത്രമാക്കി യുഡിഎഫ് മദ്യനയം വന്നതോടെ അവശേഷിച്ചത് 28 ബാറുകള്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ നയം മാറി, ത്രീസ്റ്റാറിനും മുകളിലുള്ളവയ്ക്കും ബാര്‍ ആകാമെന്നായി.

നയം മാറ്റത്തിനൊപ്പം, നഗരപരിധിയിലെ ദേശീയപാതയില്‍ ബാര്‍ പ്രവര്‍ത്തിക്കുന്നതിനു തടസമില്ലെന്നു കോടതി വ്യക്തമാക്കിയതും ബാറുകള്‍ക്കു ഗുണമായി. (എന്നാല്‍, നയം അനുകൂലമായിട്ടും ദേശീയ പാത കടന്നുപോകുന്ന പഞ്ചായത്തുകളില്‍ 153 ഹോട്ടലുകളില്‍ ബാര്‍ പൂട്ടി. ദേശീയപാതയോരത്തുനിന്ന് 20 സര്‍ക്കാര്‍ മദ്യശാലകള്‍ കൂടി മാറ്റി സ്ഥാപിക്കാന്‍ ബാക്കിയുണ്ട്).
വരിനിന്നു മദ്യം വാങ്ങുന്ന അപരിഷ്‌കൃത രീതിയില്‍നിന്ന്, പ്ലാസ്റ്റിക് കുട്ടയുമായി കടയില്‍ കയറി ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കുന്ന സംസ്‌കാരത്തിലേക്കു മദ്യവില്‍പന മാറി. പോയ വര്‍ഷമാണു പ്രകടമായ മാറ്റം. ഇതു സ്വാഗതാര്‍ഹമെന്നു തെളിയിക്കുന്നതാണ് സൂപ്പര്‍ മാര്‍ക്കറ്റുകളുടെ എണ്ണത്തിലെ വര്‍ധന. ബവ്‌കോയുടേതും കണ്‍സ്യൂമര്‍ഫെഡിന്റേതുമായി 31 മദ്യസൂപ്പര്‍മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ബാക്കിയുള്ളവ സൂപ്പര്‍മാര്‍ക്കറ്റുകളാകാന്‍ തയാറെടുക്കുന്നു.

മദ്യക്കട എവിടെയുണ്ടെന്നും ഏതു ബ്രാന്‍ഡ് സ്റ്റോക്ക് ഉണ്ടെന്നും അറിയാന്‍ സാധിക്കുന്ന മൊബൈല്‍ ആപ്, കടയിലെ തിരക്കു കുറയ്ക്കാന്‍ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഡിസ്‌പെന്‍സിങ് യന്ത്രങ്ങള്‍ എന്നിങ്ങനെ അടിമുടി പരിഷ്‌കാരമാണു വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here