ന്യൂയോര്‍ക്ക്: 2018 ജൂലൈ 5 മുതല്‍ 8 വരെ ഫിലാഡല്‍ഫിയയിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്റ് കാസിനോയില്‍ നടക്കുന്ന ഫൊക്കാനായുടെ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ സമാഗതമായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ജൂലൈ 6-നു നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെപ്പറ്റി ഒരു അവലോകനം നടത്തുന്നത് എന്തുകൊണ്ടും ഉചിതമെന്നു തോന്നുന്നു.

ഇത്തവണത്തെ തെരഞ്ഞെടുപ്പ് മുന്‍കാലങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണെന്ന് ഉറപ്പായിക്കഴിഞ്ഞു. കാരണം രണ്ടു പാനല്‍ ഉണ്ടെന്നുള്ള കാര്യം ഫൊക്കാനായുടെ ഇലക്ഷന്‍ കമ്മീഷണര്‍ കമാന്‍ഡര്‍ ജോര്‍ജ് കോരുത് ഇക്കാര്യം ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചുകഴിഞ്ഞു. അടുത്ത പ്രസിഡന്റ് ആരാണെന്നറിയാന്‍ ഫൊക്കാനാ സ്‌നേഹികളായ അമേരിക്കന്‍ മലയാളികള്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്.

ഫൊക്കാനായോട് വളരെ താല്പര്യമുണ്ടായിരുന്ന ഈ ലേഖകന്‍ നിലവിലുള്ള ഫൊക്കാനാ നാഷണല്‍ കമ്മറ്റിയിലെ ഒരു മെമ്പര്‍ ആണെങ്കില്‍ പോലും വ്യക്തിപരമായ ചില കാരണങ്ങളാല്‍ ഫൊക്കാനയില്‍ നിന്നും വിട്ടുനില്ക്കുകയായിരുന്നു. കഴിഞ്ഞ ഫൊക്കാന തെരഞ്ഞെടുപ്പ് കാനഡാ കണ്‍വന്‍ഷനില്‍ വച്ചു നടക്കേണ്ടതായിരുന്നു എങ്കിലും തെരഞ്ഞെടുപ്പ് വേണ്ടവിധം നടപ്പാക്കാന്‍ കാനഡാ കണ്‍വന്‍ഷന്റെ ഭാരവാഹികള്‍ പരാജയപ്പെട്ടിരുന്നു. പിന്നീട് അത് ഇപ്പോഴത്തെ പ്രസിഡന്റായ തമ്പി ചാക്കോയുടെ സ്റ്റേറ്റില്‍ത്തന്നെ വച്ചു നടത്തി. ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ മാധവന്‍ നായര്‍ സ്വയം മാറി നിന്നു. അങ്ങിനെ തമ്പി ചാക്കോ പ്രസിഡന്റായി. മാധവന്‍ നായരുടെ പാനലില്‍ ഉണ്ടായിരുന്ന ബാക്കി എല്ലാവരും വിജയികളുമായി. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മാധവന്‍ നായരെ ജയിപ്പിച്ചുകൊള്ളാമെന്ന് അന്നത്തെ ഭാരവാഹികള്‍ ഉറപ്പും കൊടുത്തിരുന്നു. പക്ഷേ ഇപ്പോള്‍ കേള്‍ക്കുന്നത് തികച്ചും വ്യത്യസ്ഥമായ രീതിയില്‍, വാക്കുകള്‍ക്ക് വില കല്പിക്കാതെ ഒരു സംസാരമാണ്. ഏറ്റവും ഒടുവില്‍ ഫൊക്കാന ഒരു കൂട്ടം നേതാക്കളുടെ പിടിയില്‍ നില്ക്കാത്ത ഒന്നായി ഇതിനോടകം മാറിക്കഴിഞ്ഞു എന്ന് നമുക്ക് മാനിക്കാന്‍ കഴിയും. ഈ വിഷയത്തില്‍ എനിക്കു താല്പര്യം ജനിക്കാന്‍ കാരണം ഇത്തവണത്തെ ഫൊക്കാനായുടെ നേതാക്കളെ തെരഞ്ഞെടുക്കുന്ന പ്രക്രിയ ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു സംഭവമായിരിക്കും എന്നു മനസ്സിലാക്കാന്‍ കഴിഞ്ഞതിനാലാണ്.

ഇത്തവണത്തെ ഏറ്റുമുട്ടല്‍ മഹാഭാരതയുദ്ധത്തിനു തുല്യമായിരിക്കും എന്നു തന്നെ പറയാം. എല്ലാവിധത്തിലുള്ള അടവുകളും തന്ത്രങ്ങളും ജൂലൈ 7-ന് നടക്കുമെന്നുള്ളത് ഉറപ്പ് ഇത്തവണ ഏറ്റുമുട്ടുന്നത് ഫൊക്കാനാ അന്തര്‍ദേശീയ കണ്‍വന്‍ഷന്റെ ചെയര്‍മാനായ, 2016-ല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടേണ്ടിയിരുന്ന, മാധവന്‍ ബി നായരും, ഫൊക്കാനയില്‍ ദീര്‍ഘകാലം വിവിധ സ്ഥാനങ്ങള്‍ വഹിച്ച് എല്ലാ അടവുകളും തന്ത്രങ്ങളും അറിയാവുന്ന ലീലാ മാരേട്ട് എന്ന വനിതാതാരവും തമ്മിലാണ്. ചുരുക്കത്തില്‍ സ്ത്രീയും പുരുഷനും തമ്മിലുള്ള ഒരു ഏറ്റുമുട്ടല്‍. ഫൊക്കാനായിലെ സ്ത്രീവിഭാഗത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്ന, സ്ത്രീകള്‍ക്കുവേണ്ടി വാദിക്കുന്ന, 15 വര്‍ഷത്തിലധികം ഫൊക്കാനായുടെ നെടുംതൂണായി പ്രവര്‍ത്തിച്ചുവരുന്ന ലീലാമാരേട്ട് ഒരു അത്ഭുത പ്രതിഭ തന്നെ ആണെന്നുള്ള കാര്യത്തില്‍ സംശയമില്ല. കേരളത്തില്‍ നിന്നുള്ള പ്രശസ്ത എഴുത്തുകാരന്‍ അനില്‍ പെണ്ണുക്കര വിശേഷിപ്പിച്ചിരിക്കുന്നതു പോലെ ‘ഫൊക്കാനായുടെ വെള്ളിനക്ഷത്രവും, സംഘടനയുടെ നെടുംതൂണും, ഫൊക്കാനായുടെ ദേശീയ ചെയര്‍പേഴ്‌സണ്‍ ആയി രണ്ടുതവണ പ്രവര്‍ത്തിച്ച് കരുത്തു തെളിയിച്ച വനിതാ താരം’ ആണ് ലീലാ മാരേട്ട് എന്നോര്‍ക്കണം.

അതേസമയം ഫൊക്കാനായിലേക്ക് സമീപകാലത്തു മാത്രം പ്രത്യേകം ക്ഷണിക്കപ്പെട്ട് കടന്നുവന്ന ഒരാളാണ് മാധവന്‍ നായര്‍. ഏറെക്കുറെ അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പ് അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നതുപോലെയായിരുന്നു അദ്ദേഹത്തിന്റെ രംഗപ്രവേശം. നാമം എന്ന നായര്‍ സംഘടനയിലൂടെ തന്റെ കഴിവുകള്‍ പ്രകടിപ്പിച്ച് ശ്രദ്ധേയനായ ഒരു വ്യക്തിയാണ് മാധവന്‍ ബി. നായര്‍. ആ സംഘടനയ്ക്കു നേതൃത്വം നല്‍കിയ അദ്ദേഹം ഒരു മതസംഘടന വളര്‍ത്തുന്നയാളാണെന്ന് അദ്ദേഹത്തിന്റെ മതവിഭാഗത്തില്‍പ്പെട്ട നായന്മാര്‍ പോലും ഫൊക്കാനാ എന്ന സാമൂഹ്യ-സാംസ്ക്കാരിക സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാദ്ധ്യമല്ല എന്നുകൂടി പ്രചരണം നടത്തിയത് ഞാന്‍ ഓര്‍ക്കുന്നു. എന്താണെങ്കിലും ആ ധാരണ തെറ്റാണെന്ന് തന്റെ എതിരാളികളെ മനസ്സിലാക്കിക്കൊടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

അതേസമയം ഫൊക്കാനായിലേക്ക് കടന്നുവരുന്നതിനു തൊട്ടുമുമ്പും, അതിനുശേഷവും അമേരിക്കയിലെ ഏറ്റവും കൂടുതല്‍ മെമ്പര്‍ഷിപ്പുള്ള സംഘടനകളില്‍ ഒന്നായ ഇന്ത്യാ കാത്തലിക് അസ്സോസിയേഷന്‍ ഓഫ് അമേരിക്ക എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ച് അതിന്റെ പ്രസിഡന്റും, ചെയര്‍മാനുമായി ദീര്‍ഘകാലം ഇരുന്ന ലീലാ മാരേട്ട് എന്ന ഉരുക്കുവനിതയെ എന്തുകൊണ്ട് ആരും ചോദ്യം ചെയ്തില്ല. ഫൊക്കാനായില്‍ പ്രവര്‍ത്തിക്കുന്ന മിക്ക നേതാക്കളും ഏതെങ്കിലും ഒരു മതസംഘടനയുമായി ബന്ധമുള്ളവരാണെങ്കില്‍ക്കൂടി എന്തുകൊണ്ട് ആരും അക്ഷരം പോലും ശബ്ദിക്കുന്നില്ല.

ഇവിടെ ആരെയും തേജോവധം ചെയ്യുന്നതിനോ, താറടിച്ചുകാണിക്കുന്നതിനോ വേണ്ടിയല്ല ഞാനിതെഴുതുന്നത്. ഓരോരുത്തരും തങ്ങളുടെ മനഃസാക്ഷിയോടു ചോദിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഈ ലേഖകന്‍ ദീര്‍ഘകാലം ലീലാ മാരേട്ട് സെക്രട്ടറി, പ്രസിഡന്റ്, ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഇന്ത്യാ കാത്തലിക് അസ്സോസിയേഷനില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആളും, ഇപ്പോഴും അതിന്റെ ഒരു ലൈഫ് മെമ്പര്‍ കൂടിയാണ്. എന്നു കരുതി എന്നെയും, ലീലാ മരേട്ടിനെയും, മാധവന്‍ നായരെയും ഒരു വര്‍ഗ്ഗീയവാദി എന്നു കരുതി മുദ്രയടിക്കാന്‍ ശ്രമിക്കുന്നവരുടെ ശ്രദ്ധയ്ക്കു വേണ്ടിയാണ് ഞാനിതെഴുതുന്നത്. ചുരുക്കത്തില്‍ മാധവന്‍ നായരും, ലീലാ മാരേട്ടും പ്രാപ്തരായ, കഴിവുള്ള സാമൂഹ്യ നേതാക്കളാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

പക്ഷേ, അടുത്ത ഫൊക്കാനാ പ്രസിഡന്റ് ആകുന്നയാള്‍ ഇനിയെങ്കിലും ഫൊക്കാനാ തുടര്‍ന്നുകൊണ്ടിരിക്കുന്ന നയങ്ങളില്‍ മാറ്റം വരുത്തേണ്ടിയിരിക്കുന്നു. താന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം ഫൊക്കാനാ ഇന്നെവരെ തുടര്‍ന്നിരുന്ന ചില കാര്യങ്ങള്‍ക്ക് മാറ്റം വരുത്താന്‍ താന്‍ ആഗ്രഹിക്കുന്നു എന്നും, തന്റെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ മലയാളികളുടെ ഉന്നമനത്തെ കേന്ദ്രീകരിച്ചുകൊണ്ടായിരിക്കും എന്ന് മാധവന്‍നായര്‍ വ്യക്തമാക്കിക്കഴിഞ്ഞു. അമേരിക്കന്‍ മലയാളികള്‍ അനേകംപേര്‍ നിരവധി പ്രശ്‌നങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരാണ്. എങ്കില്‍ പോലും അവരുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കാതെ, അധികാരം കിട്ടിക്കഴിഞ്ഞാല്‍ നേരെ കേരളത്തിലേയ്ക്ക് ഓടുന്ന ഒരു പ്രവണതയാണ് ഇന്നും ഫൊക്കാനാ നേതാക്കന്മാര്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്. വാസ്തവത്തില്‍ അമേരിക്കന്‍ മലയാളികള്‍ക്ക് കേരളത്തില്‍ എന്തുവിലയാണുള്ളതെന്ന് ഇനിയെങ്കിലും നാം ചിന്തിക്കണം. നാം സംഘടനകളില്‍ കാലഘട്ടത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തേണ്ടതാണ്. നാട്ടില്‍ കൊണ്ടുപോയി ഒരു കണ്‍വന്‍ഷന്‍ നടത്തിയിട്ട് ആര്‍ക്കാണ് പ്രയോജനം. കുറെ ബിസിനസ്സുകാരും അതില്‍ നിന്നും മുതലെടുക്കും. അത്രമാത്രം.

മാധവന്‍ നായര്‍ ഉദാരമതിയായ ഒരു വ്യക്തിത്വത്തിന് ഉടമയാണെന്നുള്ളത് എടുത്തുപറയത്തക്ക ഒന്നാണ്. ഇന്നെവരെ അമേരിക്കയില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഫൊക്കാനാ പ്രസിഡന്റുമാരില്‍ മറ്റാരേക്കാള്‍ ദാനശീലനായതുകൊണ്ടുമാത്രമാണ് അദ്ദേഹത്തെ കണ്‍വന്‍ഷന്റെ ചെയര്‍മാന്‍ ആക്കാന്‍ കാരണം. അല്ലായിരുന്നുവെങ്കില്‍ 15 വര്‍ഷം ഫൊക്കാനായുടെ നെടുംതൂണായിപ്രവര്‍ത്തിച്ച ലീലാ മാരേട്ടല്ലാതെ മറ്റാര്‍ക്കാണ് അതിനു യോഗ്യതയുള്ളത്.

എന്നെ സംബന്ധിച്ചിടത്തോളം മാധവന്‍ നായരുടെ ദാനശീലം എടുത്തുപറയത്തക്കതാണ്. നിരവധി തവണ കുട്ടികളുടെ പ്രസംഗ മത്സരങ്ങള്‍ നടത്തിയപ്പോള്‍ യാതൊരു മടിയും കൂടാതെ ഉദ്ദേശിച്ചതിനെക്കാള്‍ വലിയ തുക സംഭാവന നല്‍കി എന്നെ പ്രോത്സാഹിപ്പിച്ച മാധവന്‍ നായര്‍ ജയിക്കേണ്ടത് എന്റെ കൂടെ ഒരാവശ്യമാണ്. അക്കാരണത്താല്‍ത്തന്നെ അദ്ദേഹത്തിന് പിന്‍തുണ നല്‍കേണ്ടത് എന്റെ ധാര്‍മ്മിക കടമയായി ഞാന്‍ കരുതുന്നു.

ദീര്‍ഘകാലം ഫൊക്കാനായുടെ നെടുംതൂണായി പ്രവര്‍ത്തിച്ച ലീലാ മാരേട്ട് എന്റെ മതവിഭാഗത്തില്‍പ്പെട്ട ആളാണെന്നുള്ളതു ശരി തന്നെ. അവരോടെനിക്ക് യാതൊരു പിണക്കവുമില്ല. പക്ഷേ അവര്‍ ജയിച്ചാല്‍ പതിവുപോലെ നേരെ കേരളത്തിലേയ്ക്കായിരിക്കും പോവുക എന്നു പറയേണ്ടതില്ലല്ലോ. കൂടെയുള്ളവര്‍ തടഞ്ഞാല്‍ക്കൂടി അവര്‍ പോകാതിരിക്കയില്ല. അത്രമാത്രം ബന്ധങ്ങളുള്ള ആളാണ് ലീലാമാരേട്ട് എന്നതുതന്നെ കാരണം. ഐ.എന്‍.ഒ.സി. എന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവു കൂടിയാണവര്‍ എന്നോര്‍ക്കണം.

ചുരുക്കത്തില്‍ ലീലാ മാരേട്ടിന്റെ വിജയം കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മൊത്തം വിജയമാക്കി കണക്കാക്കാം. അതേസമയം മാധവന്‍ നായര്‍ ഫൊക്കാനാ പ്രസിഡന്റ് ആയി ജയിക്കുന്ന പക്ഷം അത് അമേരിക്കന്‍ മലയാളികളുടെ ജയമായും കണക്കാക്കാം. അദ്ദേഹം പ്രസിഡന്റായി ജയിച്ചശേഷം വാക്കുപാലിക്കുന്നില്ലെങ്കില്‍ നമുക്കദ്ദേഹത്തോട് ധൈര്യമായി ചോദിക്കാന്‍ കഴിയും. പക്ഷേ ലീലീമാരേട്ട് ഫൊക്കാനാ പ്രസിഡന്റായി ജയിച്ചാല്‍ ഒരുപക്ഷേ 2 വര്‍ഷം കഴിയുമ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ മാത്രമായിരിക്കും അടുത്ത കണ്‍വന്‍ഷനില്‍ സ്റ്റേജില്‍ കാണുക. ഇത്തവണ കണ്‍വന്‍ഷന് കേരളത്തില്‍ നിന്നുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും, കോണ്‍ഗ്രസ് നേതാക്കളും വേദി പങ്കിടുന്നത് എന്തുകൊണ്ടും അഭിനന്ദനീയമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഇത്രയും ആയ സ്ഥിതിക്ക് നീതിപൂര്‍വ്വം ഒരു തെരഞ്ഞെടുപ്പു നടത്തി ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഫൊക്കാനാ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ നടത്തുമെന്നുതന്നെ പ്രതീക്ഷിക്കാം. കാനഡാ കണ്‍വന്‍ഷനില്‍ നടന്നതുപോലെ സമയം ലഭിച്ചില്ല എന്ന കാരണത്താല്‍ ഇലക്ഷന്‍ മാറ്റി വയ്ക്കുകയില്ല എന്നു നമുക്കു വിശ്വസിക്കാം.

അപ്രതീക്ഷിതമായി ലീലാമാരേട്ടിനെ ഗോദായിലേക്ക് കൊണ്ടുവന്ന സ്ഥിതിക്ക് ശരിക്കും ഒരു മല്‍പ്പിടുത്തം ഇത്തവണത്തെ ഫൊക്കാനാ തെരഞ്ഞെടുപ്പില്‍ നമുക്കു പ്രതീക്ഷിക്കാം. ഫോമയില്‍ നടന്നതുപോലെ പ്രതീക്ഷിക്കുന്നവരില്‍ പലരും മലര്‍ത്തി അടിക്കപ്പെട്ടുമെന്നുമിരിക്കും. എന്താണെങ്കിലും സമചിത്തതയോടെ നമുക്ക് മത്സരത്തില്‍ പങ്കുചേരാം. പാനല്‍ ഏതായാലും കഴിവുള്ളവര്‍, പ്രത്യേകിച്ച് അമേരിക്കന്‍ മലയാളികളുടെ ഉന്നമനത്തിനു വേണ്ടി ശ്രമിക്കുന്നവരെ തെരഞ്ഞെടുക്കാനുള്ള വിവേകം ഡലിഗേറ്റുകള്‍ക്ക് ഉണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കാം.

വാര്‍ത്ത അയയ്ക്കുന്നത്:- തോമസ് കൂവള്ളൂര്‍

 
 
 
 

LEAVE A REPLY

Please enter your comment!
Please enter your name here