ഡാളസ്: വടക്കേ അമേരിക്കയിലെ ചർച്ച് ഓഫ് ഗോഡ് സഭാ വിശ്വാസികളുടെ വാർഷിക സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ജൂലൈ 19-22 വരെ നടക്കുന്ന ആത്മീക സമ്മേളനങ്ങൾക്ക് ഒക്കലഹോമ ഷെറാട്ടൺ മിഡ്വെസ്റ്റ് സിറ്റി ഹോട്ടലും,അനുബന്ധ ഹോട്ടൽ സമുച്ചയങ്ങളുമാണു വേദിയാകുന്നത്. സംഘടനാ നേതൃത്വപാടവമുള്ള അനുഗ്രഹീതമായ ദേശീയ- പ്രാദേശിക സമിതി ഈ ചതുർദിനസമ്മേളനങ്ങൾ കുറ്റമറ്റതാക്കുവാൻ ആണു പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നത്.

പാസ്റ്റർമാരായ ബിഷപ്പ് ഇസ്മായേൽ ചാൾസ്, പി. സി. ചെറിയാൻ, ബെഞ്ചി മാത്യു, വി. ഓ. വർഗ്ഗീസ്. റെജി ശാസ്താം കോട്ട, ജോയൽ റ്റാലി, ഇവാ.സാജു മാത്യു എന്നിവരെ കൂടാതെ സിസ്റ്റർ സാറ ജോർജ്ജ് ലേഡീസ് മീറ്റിംഗിലും പ്രധാന പ്രസംഗകരായെത്തും. മലയാളി പെന്തക്കൊസ്തുകാർക്ക് സുപരിചിതനായ ഇവാ. സാംസൺ ചെങ്ങന്നൂരിന്റെ നേതൃത്വത്തിൽ പ്രത്യേക ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. യുവജനങ്ങളുടെ ഇടയിൽ സംഗീതത്തിലൂടെയും, വചന ശുശ്രൂഷയിലൂടെയും സുവിശേഷമെത്തിക്കുന്ന ഷെൽഡൺ ബംഗാരയുടെ സാന്നിദ്ധ്യവും ഈ കോൺഫ്രൻസിനു മാറ്റ് കൂട്ടും. അമേരിക്കൻ ഐക്യനാടുകളിൽ ചിതറിപാർക്കുന്ന ചർച്ച് ഓഫ് ഗോഡ് സഭാ വിശ്വാസികളുടെ 23-ാം മത് ദേശീയ സമ്മേളനത്തിനാണു ഒക്കലഹോമ വേദിയാകുന്നത്.

1995-ൽ ന്യൂയോർക്കിൽ വെച്ച് ദീർഘവീക്ഷണത്തോടെ ആരംഭിച്ച ഈ സമ്മേളനങ്ങൾക്ക് ഇത് രണ്ടാം തവണയാണു ഒക്കലഹോമ ആതിഥേയത്വം വഹിക്കുന്നത്.

നാഷണൽ ഭാരവാഹികളായി പാസ്റ്റർ ജെയിംസ് റിച്ചാർഡ് ( പ്രസിഡന്റ്), പാസ്റ്റർ ഫിജോയ് ജോൺസൻ ( വൈസ് പ്രസിഡന്റ്), ബ്രദർ വിജു തോമസ് ( സെക്രട്ടറി), ബ്രദർ ഡേവിഡ് കുരുവിള ( ട്രഷറർ), ഇവാ. ബെഞ്ചമിൻ വർഗ്ഗീസ് ( യൂത്ത് കോർഡിനേറ്റർ) എന്നിവർ പ്രവർത്തിക്കുന്നു. വിശ്വാസജനങ്ങളിൽ ആത്മാവിന്റെ അനുഗ്രഹമാരി ഉണ്ടാകുവാനും, ജനം ഉണർത്തപ്പെടുവാനും, പ്രസ്തുത കൂടിവരവുമൂലം സാധിതമാകുമെന്ന് കോൺഫ്രൻസ് ഭാരവാഹികൾ ആശപ്രകടിപ്പിച്ചു.

കോൺഫ്രൻസിൽ പങ്കെടുക്കുന്നവരും, മറ്റ് അഭ്യുദയ കാംക്ഷികളും പ്രാർത്ഥനയിൽ സമ്മേളനത്തെ വഹിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

വാർത്ത: പ്രസാദ് തീയാടീക്കൽ ( നാഷണൽ മീഡിയ കോർഡിനേറ്റർ)

LEAVE A REPLY

Please enter your comment!
Please enter your name here