ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ പരാജയം മണത്തു തുടങ്ങിയ മോഡി ഭരണകൂടം പ്രതിയോഗികളെ വേട്ടയാടിയും അമര്‍ച്ച ചെയ്തും അധികാരം ഉറപ്പിക്കാനുള്ള സാഹസിക യത്‌നത്തില്‍. ‘നഗര നക്‌സലുകള്‍’ എന്ന പേരില്‍ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ മുതല്‍ ബുദ്ധിജീവികള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, കവികളും എഴുത്തുകാരുമടക്കം നൂറുകണക്കിനാളുകളെ ലക്ഷ്യമിട്ടുള്ള വേട്ടയിലാണ് പൊലീസും അര്‍ധസൈനിക സംഘടനകളും. പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരായ ഗൂഢാലോചനയുടെയും സുരക്ഷാ ഭീഷണിയുടെയും പേരില്‍ ഔദേ്യാഗിക സംവിധാനങ്ങള്‍ അപ്പാടെ ദുരുപയോഗം ചെയ്ത് രാജ്യത്ത് പൊലീസ് രാജ് സ്ഥാപിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് സ്വതന്ത്ര നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഭീമ കൊറെഗാവ് സംഭവ വികാസങ്ങളുടെ പേരില്‍ രണ്ട് ഘട്ടങ്ങളിലായി മഹാരാഷ്ട്ര പൊലീസ് നടത്തിയ അറസ്റ്റുകളെ ന്യായീകരിച്ച് എഡിജിപി പരംബീര്‍ സിങ് പൂനെ പൊലീസിനൊപ്പം വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തെ ബോംബെ ഹൈക്കോടതി ഇന്ന് ചോദ്യം ചെയ്തു. കുറ്റാരോപിതരായ ഇടതുപക്ഷ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിനും അവരുടെ മാവോവാദി ബന്ധം തെളിയിക്കുന്നതിനും ആയിരക്കണക്കിന് കത്തുകളടക്കം നിര്‍ണായക തെളിവ് തങ്ങളുടെ പക്കലുണ്ടെന്നായിരുന്നു മഹാരാഷ്ട്ര പൊലീസിന്റെ അവകാശവാദം. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ നിര്‍ണായകമാവുന്ന തെളിവുകള്‍ പരസ്യപ്പെടുത്തിയ നടപടിയെ എസ് എസ് ഷിന്‍ഡെ, മൃദുല ഭട്കര്‍ എന്നിവരുള്‍പ്പെട്ട ബോംബെ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചു. സുപ്രിംകോടതിയുടെ തന്നെ പരിഗണനയിലുള്ള വിഷയത്തില്‍ പൊലീസ് നടപടി നീതിനിര്‍വഹണത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്നതാണെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്രഭരണത്തില്‍ പങ്കാളികളായ ശിവസേനയുടെ മുഖപത്രം ‘സാംന’ മോഡിക്കെതിരായ സുരക്ഷാഭീഷണി കേവലം ‘ഗൂഢാലോചന സിദ്ധാന്ത’വും മഹാരാഷ്ട്ര പൊലീസിന്റെ നടപടി ‘വിഡ്ഢിത്ത’വുമാണെന്ന് മുഖപ്രസംഗത്തില്‍ അപഹസിച്ചു.

സംസ്ഥാന പൊലീസ് സേനകളുടെ സഹായത്തോടെ ‘പരസ്യപ്രവര്‍ത്തനം’ നടത്തുന്ന മാവോവാദികളെ പിടികൂടാന്‍ വിപുലമായ നടപടി ആരംഭിച്ചതായി സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ആര്‍ ആര്‍ ഭട്‌നാഗര്‍ വാര്‍ത്താ ഏജന്‍സി പിടിഐക്കു നല്‍കിയ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഒരു ലക്ഷത്തോളം സായുധസേനാംഗങ്ങളെ ആയുധങ്ങളും മറ്റ് ഉപകരണങ്ങളുമായി ‘ഇടതുപക്ഷ തീവ്രവാദ’ത്തെ നേരിടാന്‍ നിയോഗിച്ചതായി ഭട്‌നാഗര്‍ പറയുന്നു. ഛത്തിസ്ഗഡില്‍ മാത്രം ഇത്തരത്തില്‍ പരസ്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന അറൂനൂറില്‍പരം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതായി ഭട്‌നാഗര്‍ അവകാശപ്പെട്ടു.
ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും വ്യക്തികള്‍ക്കും എതിരായ ഭരണകൂട നീക്കം ആസൂത്രിത ബഹുതല നടപടിയുടെ ഭാഗമാണെന്ന് തെളിയിക്കുന്ന വസ്തുതകളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തെ വിവിധ സര്‍വകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും നിഷേധിച്ചുകൊണ്ടുള്ള നീക്കത്തിനും സമാന രൂപമാണുള്ളത്. രാഷ്ട്ര തലസ്ഥാനത്തെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല അത്തരം വിധ്വംസക രാഷട്രീയത്തിന്റെ പ്രഭവകേന്ദ്രമായി മാറിയിരിക്കുന്നു. ജെഎന്‍യു അധ്യാപക, വിദ്യാര്‍ഥി സംഘടനാ നേതാക്കളെയും പ്രവര്‍ത്തകരെയും ബന്ധപ്പെട്ട അധികൃതര്‍ വിശേഷിപ്പിക്കുന്നത് ‘നഗര നക്‌സലുകള്‍’ എന്നാണ്. ഇതുവരെ അവരെ ‘ദേശദ്രോഹികള്‍’ എന്നു വിശേഷിപ്പിച്ചിരുന്നിടത്താണ് ‘നഗര നക്‌സല്‍’ പ്രയോഗമെന്നത് ശ്രദ്ധേയമാണ്. ”നാം കുറെക്കൂടി കടുത്ത നടപടിക്ക് തയാറാവണം. അവരെ ചവിട്ടി പുറത്താക്കണം. അവര്‍ കേരളത്തിലും മാധ്യമങ്ങളിലും ജെഎന്‍യുവിലും മാത്രമേ അവശേഷിക്കുന്നുള്ളു.” വിദ്യാര്‍ഥി അധ്യാപക സംഘടനകള്‍ക്കെതിരായ ജെഎന്‍യു സ്ഥിരം നിയമോപദേഷ്ടാവ് മോണിക്ക അറോറയുടെ വാക്കുകള്‍ ഭരണകൂടത്തിന്റെ ഉള്ളിലിരിപ്പാണ് തുറന്നുകാട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here