ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്​വരയിലുണ്ടായ ചൈനീസ്​ ആക്രമണത്തിനിടെ കാണാതായ 10 ഇന്ത്യൻ സൈനികരെ വിട്ടയച്ചതായി റിപ്പോർട്ട്​. മൂന്നുദിവസത്തിന്​ ശേഷമാണ്​ ഇവരെ വിട്ടയച്ചത്​. രണ്ട്​ സൈനിക ഓഫിസർമാരെ ഉൾപ്പെടെയാണ്​ വിട്ടയച്ചത്​.

അതേസമയം, ചൈനീസ്​ ആക്രമണത്തിൽ 76 സൈനികർക്ക്​ പരിക്കേറ്റതായി സൈനിക ഉദ്യോഗസ്​ഥർ അറിയിച്ചു. ആരുടെയും നില ഗുരുതരമല്ല. എല്ലാവരും ഡ്യൂട്ടിയിൽ തിരിച്ചെത്താൻ പ്രാപ്​തമാണെന്നും എൻ.ഡി.ടി.വിക്ക്​ നൽകിയ അഭിമ​ുഖത്തിൽ സൈനിക ഉദ്യോഗസ്​ഥർ പറഞ്ഞു.

ലേയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള 18 ​സൈനികർ 15 ദിവസത്തിനുള്ളിൽ ജോലിയിൽ തിരികെ പ്രവേശിക്കും. വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള 56 പേർ ഈ ആഴ്​ച തന്നെ ജോലിയിൽ തി​രികെയെത്തുമെന്നും ഉദ്യോഗസ്​ഥർ അറിയിച്ചു.

തിങ്കളാഴ്​ചയുണ്ടായ ചൈനീസ്​ ആക്രമണത്തിൽ കേണൽ സന്തോഷ്​ ബാബു ഉൾപ്പെടെ 20 ഇന്ത്യൻ സൈനികരാണ്​ വീരമൃത്യു വരിച്ചത്​. കല്ലും ആണിതറച്ച വടിയും ഉപയോഗിച്ചായിരുന്നു ആക്രമണം.

LEAVE A REPLY

Please enter your comment!
Please enter your name here