വാഷിംഗ്ടണ്‍: കൊവിഡ്-19 പ്രതിസന്ധിയെ തുടര്‍ന്ന് ലോകമെങ്ങും സ്‌കൂളുകളും കോളേജുകളും അടച്ചിട്ടിട്ട് മാസങ്ങളായി. ഓണ്‍ലൈന്‍ ക്ലാസുകളാണ് ഇപ്പോൾ എല്ലായിടത്തും നടക്കുന്നത്. ഈ സാഹചര്യത്തിലാണ് വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യം വിട്ടുപോകണമെന്നും അവരുടെ വിസ റദ്ദാക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. അമേരിക്കയിലെ വിവിധ സര്‍വകലാശാലകള്‍ ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ നിയമ നടപടി തുടങ്ങി. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള അമേരിക്കയിലെ വിദേശ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.ഒടുവില്‍ ആ പ്രതിഷേധങ്ങള്‍ക്ക് ഫലമുണ്ടായിരിക്കുകയാണ്.

വിദേശ വിദ്യാര്‍ത്ഥികളെ നാടുകടത്താനുള്ള നീക്കം ഉപേക്ഷിക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചു.കോളേജുകളിലും സര്‍വകലാശാലകളിലും ഓണ്‍ലൈന്‍ ക്ലാസുകളായതിനാല്‍ വിദേശ വിദ്യാര്‍ഥികള്‍ മടങ്ങിപ്പോകണമെന്നായിരുന്നു യുഎസ് ഭരണകൂടം നിര്‍ദേശിച്ചത്.മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും ഹാര്‍വഡ് യൂണിവേഴ്‌സിറ്റിയുമാണ് വിസ റദ്ദാക്കുന്നതിനെതിരെ ഹര്‍ജി നല്‍കിയത്. വിദേശ വിദ്യാര്‍ത്ഥികളെ അമേരിക്കയില്‍ താമസിച്ച് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗത്തിന്റെയും യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിന്റെയും തീരുമാനത്തിനെതിരെയാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോടതിയിലെത്തിയത്.

17 അമേരിക്കന്‍ സംസ്ഥാനങ്ങളും കൊളംബിയ ജില്ലയും ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ് തുടങ്ങിയ ഐ.ടി കമ്പനികളും എം.ഐ.ടിക്കും ഹാര്‍വഡിനും പിന്തുണ പ്രഖ്യാപിച്ച് നിയമപോരാട്ടത്തില്‍ പങ്കാളികളായി.വിസ റദ്ദാക്കാനുള്ള നീക്കത്തില്‍ നിന്ന് അമേരിക്ക പിന്‍മാറിയതോടെ ആശ്വാസമാകുന്നത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള 10 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്കാണ്. 194556 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ ജനുവരയില്‍ അമേരിക്കയിലെ വിവിധ സ്ഥാപനങ്ങളില്‍ ഉന്നത വിദ്യാഭ്യാസത്തിനായി ചേര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here