ബീജിംഗ് : നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ അധികാരത്തിലെത്തുന്നതോടെ യു.എസ് – ചൈന ബന്ധത്തിൽ പുരോഗതിയുണ്ടാകുമെന്ന് ചൈനീസ് ഭരണകൂടം കരുതേണ്ടെന്ന് ചൈനീസ് ഭരണകൂടത്തിന്റെ ഉപദേഷ്‌ടാക്കളിൽ ഒരാളായ സെംഗ് യോംഗ്‌നിയൻ. യു.എസിന്റെ ഭാഗത്ത് നിന്നും ശക്തമായ വെല്ലുവിളി നേരിടാൻ ചൈന തയാറാകണമെന്നും സെംഗ് മുന്നറിയിപ്പ് നൽകി.യു.എസുമായി മികച്ച ബന്ധം കെട്ടുറപ്പിക്കാൻ കിട്ടുന്ന അവസരങ്ങൾ ചൈന പാഴാക്കരുതെന്നും സെംഗ് പറഞ്ഞു. ട്രംപ് അധികാരത്തിലെത്തിയതോടെയാണ് യു.എസ് – ചൈന ബന്ധം വഷളായത്. ‘ യു.എസിൽ ചൈനയോട് നിലനിൽക്കുന്ന പൊതു നീരസം വൈറ്റ് ഹൗസിലെത്തുമ്പോൾ ബൈഡൻ മുതലെടുക്കും.

ബൈഡൻ തീർച്ചയായും വളരെ ദുർബലനായ പ്രസിഡന്റ് ആണ്.ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ കഴി‌ഞ്ഞില്ലെങ്കിൽ അദ്ദേഹം നയതന്ത്ര രംഗത്ത് എന്തെങ്കിലും ചെയ്യും. പ്രത്യേകിച്ച് ചൈനയ്ക്കെതിരെ. ട്രംപിന് ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും പ്രോത്സാഹിപ്പിക്കാൻ താത്പര്യമില്ലായിരിക്കാം. എന്നാൽ ബൈഡന് കഴിയും. ട്രംപിന് യുദ്ധത്തിൽ താത്പര്യമില്ല. എന്നാൽ ഒരു ഡെമോക്രാറ്റിക് പ്രസിഡന്റ് ആയ ബൈഡന് വേണെങ്കിൽ യുദ്ധം ആരംഭിക്കാനും കഴിയും.’ സെംഗ് ചൂണ്ടിക്കാട്ടി.കൊവിഡ് 19, മനുഷ്യാവകാശ ലംഘനം, വ്യാപാരകരാറുകൾ തുടങ്ങിയുമായി ബന്ധപ്പെട്ടാണ് ട്രംപും ചൈനയും തമ്മിൽ ഇടഞ്ഞത്. ചൈനയ്ക്കിരെയുള്ള 300 ലധികം ബില്ലുകൾ അമേരിക്കൻ കോൺഗ്രസിൽ അവതരിപ്പിക്കപ്പെട്ടു.ബൈഡൻ അധികാരത്തിലെത്തിയാലും ചൈനയോടുള്ള യു.എസിന്റെ സമീപനത്തിന് കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ബൈഡൻ ഇത് സംബന്ധിച്ച സൂചനകൾ നൽകിയിരുന്നു. ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിംഗിനെ ‘ കൊള്ളക്കാരൻ ‘ എന്നായിരുന്നു ബൈഡൻ വിശേഷിപ്പിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here