വാഷിങ്‌ടൺ: അമേരിക്കയിൽ കോവിഡ്‌ വാക്‌സിൻ വിതരണം തിങ്കളാഴ്‌ച ആരംഭിക്കുമെന്ന്‌ അധികൃതർ അറിയിച്ചു. രാജ്യത്ത്‌ മൂന്നു ലക്ഷത്തിലധികം പേരുടെ ജീവൻ കവർന്ന മഹാമാരിയെ നേരിടാൻ ഫൈസർ വാക്‌സിൻ ഉപയോഗിക്കാൻ കഴിഞ്ഞദിവസം ഫുഡ്‌ ആൻഡ്‌ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷൻ (എഫ്‌ഡിഎ) അനുമതി നൽകിയിരുന്നു. യുപിഎസ്‌, ഫെഡ്‌എക്‌സ്‌ കമ്പനികൾ ഫൈസർ വാക‌്‌‌സിൻ ഞായറാഴ്‌ച നൂറ്റമ്പതോളം വിതരണകേന്ദ്രത്തിലേക്ക്‌ എത്തിക്കാൻ തുടങ്ങിയെന്ന്‌ ട്രംപ്‌ സർക്കാരിലെ വാക്‌സിൻ വികസനപദ്ധതി ‘ഓപ്പറേഷൻ വാർപ്പ്‌ സ്‌പീഡി’ന്റെ ചുമതല വഹിക്കുന്ന ജനറൽ ഗുസ്‌താവ്‌ പെർണ പറഞ്ഞു. ചൊവ്വാഴ്‌ച 425 അധിക കേന്ദ്രത്തിലും ബുധനാഴ്‌ച 66ലും വാക്‌സിൻ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യഘട്ടത്തിൽ 30 ലക്ഷം വാക്‌സിൻ വിതരണം ചെയ്യാനാണ്‌ ലക്ഷ്യമിടുന്നത്‌. ആരോഗ്യപ്രവർത്തകർക്കും നേഴ്‌സിങ്‌ ഹോം ജീവനക്കാർക്കുമാണ്‌ ആദ്യ പരിഗണനയെങ്കിലും ആദ്യം ആർക്കുനൽകണമെന്ന്‌ തീരുമാനിച്ചിട്ടില്ല. ആരോഗ്യപ്രവർത്തകരാണ്‌ അത്‌ തീരുമാനിക്കുകയെന്നും പെർണ പറഞ്ഞു.

വാക്‌സിൻ എല്ലാ അമേരിക്കക്കാർക്കും സൗജന്യമായിരിക്കുമെന്ന്‌ പ്രസിഡന്റ്‌ ട്രംപ്‌ പറഞ്ഞു. അതേസമയം, വാക്‌സിൻ വിതരണത്തിനാവശ്യമായ ഫണ്ട്‌ സംസ്ഥാനങ്ങളുടെ കൈവശമില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുമെന്ന്‌ റിപ്പോർട്ടുണ്ട്‌. ഫൈസറിനു പിന്നാലെ എഫ്‌ഡിഎ അടുത്ത ആഴ്‌ച മൊഡേണ വാക്‌സിനും അനുമതി നൽകിയേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here