സ്വന്തം ലേഖകൻ 
 
ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2020-2022 ഭരണ സമിതിയുടെ പ്രവർത്തനോദ്‌ഘാടനം ഡിസംബർ 19 നു ശനിയാഴ്ച്ച ന്യൂയോർക്ക് സമയം (EST) രാവിലെ 9.30നു സൂം മീറ്റിംഗിലൂടെ നടക്കുന്ന ചടങ്ങിൽ മുൻ കേന്ദ്രമന്തിയും തിരുവന്തപുരം എംപിയുമായ ഡോ. ശശി തരൂർ നിർവഹിക്കും. ഇന്ത്യൻ സമയം (IST) രാത്രി 8.00 മണിക്ക് കേരളത്തിൽ നിന്നായിരിക്കും ഡോ. ശശി തരൂർ ഫൊക്കാനയുടെ അടുത്ത രണ്ടു വർഷത്തെ വിപുലമായ പ്രവർത്തങ്ങൾ ഉദ്ഘാടനം ചെയ്യുന്നത്. 
 
ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ  മാർത്തോമ്മാ സഭ പരമാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. സ്വാമി ഗുരുരത്‌ന ജ്ഞാന തപസി, ന്യൂയോർക്ക് സ്റ്റേറ്റ്‌ സെനറ്റർ കെവിൻ തോമസ്, ടെക്‌സാസിലെ മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് , പ്രമുഖ മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് ,സംസ്ഥാന മലയാള മിഷ്യൻ ഡയറക്ടർ പ്രൊഫ.സുജ സൂസൺ ജോർജ്, ഏഷ്യാനെറ്റ് എന്റെ മലയാളം പ്രൊജക്റ്റ്‌ കോർഡിനേറ്റർ സുബ്ര ഐസക്ക് സ്റ്റെയിൻ തുടങ്ങിയ വിശിഷ്ട വ്യക്തികൾ ആശംസകൾ നേരും. 
 
അടുത്ത രണ്ടു വർഷത്തേക്കുള്ള വിപുലമായ പ്രവർത്തന  രൂപ രേഖകൾ ചടങ്ങിൽ അവതരിപ്പിക്കും. കഴിഞ്ഞ മാസം നടന്ന സ്ഥാനാരോഹണ ചടങ്ങിൽ വച്ച് തന്നെ പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചുവെങ്കിലും ഔദ്യോഗികമായ ഒരു പ്രവർത്തനോദ്‌ഘാടനമാണ് ശനിയാഴ്ച്ച ലോകം ആദരിക്കുന്ന രാഷ്ട്രയക്കാരനും എഴുത്തുകാരനും പ്രഭാഷകനുമൊക്കെയായ ഡോ. ശശി തരൂരിന്റെ കരങ്ങളാൽ നിർവഹിക്കപ്പെടുന്നത്. 
 
ലോകം ആദരിക്കുന്ന കാരുണ്യ പ്രവർത്തകൻ ഫാ. ഡേവിഡ് ചിറമ്മലുമായി സഹകരിച്ച് കേരളത്തിലെ 1,001 നിർദ്ധനരായ  ഭവന രഹിതർക്ക് അന്നദാനം നടത്തിക്കൊണ്ടായിരുന്നു പ്രസിഡണ്ട് ജോർജി വർഗീസിന്റെ നേതൃത്വത്തിലുള്ള 2020-2022 ടീമിന്റെ പ്രവർത്തനത്തിനു ശുഭ മുഹൂർത്തം കുറിച്ചത്. 
 
ഫൊക്കാന വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനമായ ഡിസംബർ മൂന്നിന് വിശ്വ വിഖ്യാത മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറും സാമൂഹ്യ പ്രവർത്തകനുമായ പ്രൊഫ. ഗോപിനാഥ്‌ മുതുകാടിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന മാജിക്ക് പ്ലാനറ്റിൽ ആരംഭിച്ച കരിസ്മ സെന്ററിന്റെ പങ്കാളിത്തം ഏറ്റെടുത്തതാണ് മറ്റൊരു ശ്രദ്ധേയമായ പ്രവർത്തന മേഖല.
 
 മാജിക്ക് പ്ലാനറ്റിലെ ഭിന്നശേഷിക്കാരായ 100  കുട്ടികളുടെ അമ്മമാർക്ക് തൊഴിൽ പരിശീലനം നൽകുന്നതുൾപ്പെടെ സമ്പൂർണ പുനരധിവാസ പ്രവർത്തനങ്ങളാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഫൊക്കാനയുടെ സഹകരണത്തോടെ ആരംഭിച്ചിരിക്കുന്ന ഈ പദ്ധതി ഫൊക്കാനയുടെ പേരിലായിരിക്കും  അറിയപ്പെടുക. തിരുവന്തപുരത്ത് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ സംസ്ഥാന അഡിഷണൽ ഡി.ജി.പി. ബി.സന്ധ്യയാണ് ഈ ചടങ്ങ് ഉദാഘാടനം ചെയ്തത്.
 
 
രാജ്യത്തെ പ്രമുഖ യൂണിവേഴ്സിറ്റികളുമായി സഹകരിച്ച് എഡ്യൂക്കേഷണൽ എൻറിച്ചുമെന്റ് പ്രോഗ്രാം, ഏഷ്യാനെറ്റുമായി സഹകരിച്ച് എന്റെ മലയാളം പ്രോഗ്രാം, ഫൊക്കാന മലയാളം അക്കാഡമി, ഫൊക്കാന കോവിഡ് ടാസ്ക്ക് ഫോഴ്‌സ്, ഫൊക്കാന മെഡിക്കൽ ഹെൽപ്പ് ലൈൻ, ഫൊക്കാന മെഡിക്കൽ ടൂറിസം, ഫൊക്കാന ഇന്റർനാഷണൽ ബിസിനെസ്സ് ഫോറം,ഫൊക്കാന യൂത്ത് ലീഡർഷിപ്പ് പ്രോഗ്രാം ഫൊക്കാന ടാലെന്റ് ഹണ്ട്  തുടങ്ങിയ നിരവധി നൂതനമായ പദ്ധതികളാണ് ഫൊക്കാന വിഭാവനം ചെയ്തിട്ടുള്ളത്. ഇതിനു പുറമെ ഫൊക്കാനയുടെ അഭിമാന പദ്ധതിയായ ഭാഷക്കൊരു ഡോളർ പദ്ധിതിയുടെ ഈ വർഷത്തെ പ്രവർത്തനോദ്‌ഘാടനം ലോക പ്രസിദ്ധ കാൻസർ വിദഗ്ദ്ദനും എഴുത്തുകാരനുമായ ഡോ. എം.വി. പിള്ള നിർവഹിക്കും. 
 
പ്രവർത്തനോദ്ഘാടന ചടങ്ങിനു ശേഷം മലയാളത്തിലെ യുവ ഗായിക ശ്രേയാ ജയദീപും സംഘവും നയിക്കുന്ന ലൈവ് ഗാനമേളയും ഉണ്ടായിരിക്കും.
 
ഫൊക്കാനയുടെ പ്രവർത്തനോദ്‌ഘാടന പരിപാടിയിൽ പങ്കെടുക്കാൻ നോർത്ത് അമേരിക്കയിലെ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രട്ടറി ഡോ. സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, അസോസിയേറ്റ്‌ സെക്രട്ടറി ഡോ. മാത്യു വർഗീസ്, അസോസിയേറ്റ്‌ ട്രഷറർ വിപിൻ രാജ്, അഡിഷണൽ അസോസിയേറ്റ്‌ സെക്രട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ്‌ ട്രഷറർ ബിജു ജോൺ കൊട്ടാരക്കര,  വിമൻസ് ഫോറം ചെയർ ഡോ.കല ഷഹി, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, സെക്രെട്ടറി സജി പോത്തൻ, വൈസ് ചെയർമാൻ ബെൻ പോൾ, ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പർമാർ, ഫൊക്കാന ട്രസ്റ്റി ബോർഡ് മുൻ ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബ്‌, മറ്റു  ബോർഡ് മെമ്പർമാർ , ടെക്നീക്കൽ  കോർഡിനേറ്റർ പ്രവീൺ തോമസ്, പൊളിറ്റിക്കൽ ഫോറം ഇമ്മിഗ്രേഷൻ കമ്മിറ്റി ചെയർമാൻ കുര്യൻ പ്രക്കാനം, ലീല മാരേട്ട്, എന്നിവർ അറിയിച്ചു. 
 
2020-2022  വർഷത്തെ പ്രവർത്തങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിക്കുന്ന ജോർജി വർഗീസ്-സജിമോൻ ആന്റണി ടീമിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നതായി ഫൊക്കാന മുൻ പ്രസിഡണ്ടുമാരായ ഡോ. എം.അനിരുദ്ധൻ, ഡോ. പാർത്ഥസാരഥിപിള്ള, മന്മദൻനായർ, കമാണ്ടർ ജോർജ് എം.കോരുത്, ജി.കെ.പിള്ള, പോൾ കറുകപ്പള്ളിൽ, മറിയാമ്മ പിള്ള, ജോൺ പി.ജോൺ, തമ്പി ചാക്കോ, മാധവൻ ബി. നായർ എന്നിവർ അറിയിച്ചു.
Topic: Fokana 2020-22 Inauguration Ceremony പ്രവർത്തനോ ഉദ്ഘാടനം via Zoom
Time: Dec 19, 2020 09:30 AM Eastern Time (US and Canada)
 
Join Zoom Meeting
 
Meeting ID: 864 879 8150
One tap mobile
+13126266799,,8648798150# US (Chicago)
+13017158592,,8648798150# US (Washington D.C)
Meeting ID: 864 879 8150
Find your local number: https://us02web.zoom.us/u/kzByQT2RM

LEAVE A REPLY

Please enter your comment!
Please enter your name here