ന്യൂഡൽഹി:മഹാമാരിക്കെതിരെ വാക്‌സിൻ ഉത്‌പാദിപ്പിക്കാനും മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും ആവശ്യമായ ശേഷി ഇന്ത്യയ്ക്ക് ഉണ്ടെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. പകർച്ചവ്യാധിക്ക് ശേഷമുള്ള ആഗോള സമ്പദ് വ്യവസ്ഥയെ കെെപിടിച്ച് ഉയർത്തുന്നതിൽ ഇന്ത്യ സുപ്രധാന പങ്കുവഹിക്കുമെന്നും മന്ത്രി പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ പങ്കാളിത്ത ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.ആരോഗ്യ മേഖലയും അതിലെ നിക്ഷേപവും വളരെ നിർണായകമാണ്. ആശുപ‌ത്രി നിർമാണം, മറ്റു കെട്ടിട നിർമാണം, ടെലിമെഡിസിൻ കെെകാര്യം ചെയ്യുക എന്നിവയുടെ ശേഷി വർദ്ധിപ്പിക്കേണ്ടത് ആവശ്യമാണ്.ആവശ്യമുള്ളത്ര വാക്‌സിൻ നിർമിക്കാനും മനുഷ്യ രാശിയുടെ നന്മയ്ക്കായി ലോകം മുഴുവൻ ഇത് വിതരണം ചെയ്യാനും ഇന്ത്യയ്ക്ക് ഭാഗ്യമുണ്ടെന്നും നിർമല സീതാരാമൻ പറഞ്ഞു.

ഇന്ത്യുടെ വലിപ്പം,ജനസംഖ്യ,മറ്റു സാദ്ധ്യതകൾ എന്നിവ കണക്കിലെടുത്ത് ആഗോള സമ്പദ് വ്യവസ്ഥയെ മറ്റുരാജ്യങ്ങൾക്കൊപ്പം പിടിച്ചുയർത്തുന്നതിൽ ഇന്ത്യ പ്രധാന പങ്കുവഹിക്കുമെന്ന് കരുതുന്നതായും ധനകാര്യമന്ത്രി കൂട്ടിച്ചേർത്തു. ആഗോള സാമ്പത്തിക പുരോഗതിക്ക് ഇന്ത്യ മികച്ച സംഭാവന നൽകുമെന്നും അവർ പറഞ്ഞു. ആരോഗ്യ വകുപ്പിൽ നിന്നും ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അടുത്ത ബഡ്‌ജറ്റിൽ അവ പരിഗണിക്കുമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here