ന്യൂഡൽഹി: യു.കെയിൽ പരിവർത്തനം സംഭവിച്ച വൈറസ് രോഗബാധയുടെ സാഹചര്യത്തിൽ റിപബ്ളിക് ദിനത്തിൽ ഇന്ത്യയിലെത്താനുള‌ള തീരുമാനം ബ്രിട്ടീഷ് പ്രധാനമന്ത്രി പുനപരിശോധിച്ചേക്കും. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ കൗൺസിൽ അദ്ധ്യക്ഷനായ ഡോ.ചാന്ദ് നാഗ്പൗൾ ആണ് ഈ വിവരം അറിയിച്ചത്. ജനുവരി 26നാണ് ബോറിസ് ജോൺസൺ ഇന്ത്യയിലെത്തേണ്ടത്. യു.കെയിൽ തലസ്ഥാനമായ ലണ്ടനിലും ഇംഗ്ളണ്ടിന്റെ തെക്ക് കിഴക്കുമാണ് പുതിയ വൈറസ് ബാധ കൂടുതൽ. എന്നാൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യൻ പര്യടനം നടത്തുമോ എന്നതിനെ സംബന്ധിച്ച് യു.കെ സർക്കാർ ഇതുവരെ ഔദ്യോഗിക തീരുമാനം അറിയിച്ചിട്ടില്ല.ഇതുവരെ നാൽപതോളം രാജ്യങ്ങൾ ബ്രിട്ടനിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യം കണ്ടെത്തിയ വൈറസിനെക്കാൾ അതിവേഗം പ്രസരണം ചെയ്യപ്പെടുന്നതാണ് പുതിയ പരിവർത്തനം വന്ന വൈറസ് എന്ന് യു.കെ മുൻപ് അറിയിച്ചിരുന്നു.

ആയിരത്തോളം പേർക്കാണ് തെക്ക് കിഴക്കൻ ഇംഗ്ളണ്ടിൽ പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് യു.കെ ഹെൽത്ത് സെക്രട്ടറി മാ‌റ്റ് ഹാൻകോക്ക് അറിയിച്ചിരുന്നു. ഇന്നലെ 36,804 പേർക്കാണ് രാജ്യത്ത് വൈറസ്ബാധ സ്ഥിരീകരിച്ചത്. 21,10,314 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. യു.കെയിൽ പുതിയ കേസുകൾ വർദ്ധിച്ചതോടെ ഇന്ത്യയിലെത്തുന്ന ബ്രിട്ടനിൽ നിന്നുള‌ള യാത്രികർക്കും വിമാനജീവനക്കാർക്കും ആർടി-പിസിആർ പരിശോധന നടത്തണമെന്ന് കേന്ദ്രസർക്കാരും നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.അതേസമയം റിപബ്ളിക് ദിന പരേഡ് ക്യാമ്പിലെ എൺപതിലധികം സൈനികർക്ക് വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ആർമി ബേസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിപബ്ളിക് ദിനം, ആർമി ഡേ, ബീ‌റ്റിംഗ് റിട്രീ‌റ്റ് ചടങ്ങുകൾക്കായി സൈനിക സംഘം ഒന്നരമാസത്തോളമായി ഡൽഹിയിലുണ്ട്. ഇവരിൽ ചിലർക്ക് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർക്കെല്ലാം വൈറസ് ബാധ സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here