ന്യൂഡൽഹി: രാജ്യത്ത് ജനാധിപത്യം എന്നൊന്നില്ല. ഉണ്ടെന്ന തോന്നൽ മാത്രമാണുള‌ളതെന്ന് അഭിപ്രായപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കാർഷിക ബില്ലുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്‌ട്രപതി രാം നാഥ് കോവിന്ദിനെ കണ്ട് നിവേദനം നൽകിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഈ നിയമങ്ങൾ റദ്ദാക്കാതെ കർഷകർ തിരികെപോകില്ല. ഇവ പിൻവലിക്കാൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനം വിളിക്കണം.’ രാഹുൽഗാന്ധി ആവശ്യപ്പെട്ടു.

നേരത്തെ രാഷ്‌ട്രപതി ഭവനിലേക്ക് കോൺഗ്രസ് നടത്താനിരുന്ന മാർച്ച് ഡൽഹി പൊലീസ് തടഞ്ഞിരുന്നു. കോൺഗ്രസ് ആസ്ഥാനത്തോട് ചേർന്നുള‌ള സ്ഥലങ്ങളിൽ 144 പ്രഖ്യാപിച്ചിരുന്നു. തുടർന്ന് കോൺഗ്രസ് ആസ്ഥാനത്ത് തന്നെ പാർട്ടി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. കുത്തിയിരുപ്പ് സമരം നടത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉൾപ്പടെ നേതാക്കളെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. മുൻപ് കോൺഗ്രസ് പ്രകടനം വിലക്കിയ പൊലീസ് അറുപതോളം കോൺഗ്രസ് പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തു. അറസ്‌റ്റിലായവരെ മന്ദിർ മാർഗ് പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

മൂന്ന് പേർക്ക് മാത്രം രാഷ്‌ട്രപതിയെ കാണാൻ അനുമതി ലഭിച്ചതിനെ തുടർന്ന് രാഹുൽഗാന്ധി, ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് എന്നിവർ രാഷ്‌ട്രപതിയെ കണ്ട് കാർഷിക ബില്ലിനെതിരെ രണ്ട്കോടി ജനങ്ങൾ ഒപ്പിട്ട നിവേദനം സമർപ്പിച്ചു. തുടർന്ന് മാദ്ധ്യമങ്ങളെ കണ്ട രാഹുൽഗാന്ധി പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിച്ചു.

ചൈനയുമായി നടക്കുന്ന സൈനിക ചെറുത്തുനിൽപ്പിൽ പ്രധാനമന്ത്രി പ്രതികരിക്കാത്തതിനെ രാഹുൽഗാന്ധി വിമർശിച്ചു. ‘ഭരിക്കാനറിയാവുന്ന മൂന്നോ നാലോ പേരുടെ തലപ്പത്തായി ഒന്നും മനസ്സിലാകാത്ത കാര്യപ്രാപ്‌തിയില്ലാത്ത അയോഗ്യനായ ഒരു മനുഷ്യനാണ് നമ്മുടെ ഭരണ സംവിധാനത്തിലുള‌ളത്.’ പ്രധാനമന്ത്രിയെ വിമർശിച്ച് രാഹുൽഗാന്ധി അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here