ന്യൂഡൽഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 136–-ാം സ്ഥാപകദിനത്തലേന്ന്‌ രാഹുൽഗാന്ധി വിദേശത്തേക്ക്‌ പറന്നു. ഞായറാഴ്‌ച രാവിലെ ഖത്തർ എയർവേയ്‌സ്‌ വിമാനത്തിൽ രാഹുൽ ഇറ്റലിയിലേക്ക്‌ തിരിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. വ്യക്തിപരമായ സന്ദർശനമാണെന്നും ഏതാനും ദിവസം രാഹുൽ വിദേശത്തായിരിക്കുമെന്നും കോൺഗ്രസ്‌ വക്താവ്‌ രൺദീപ്‌ സുർജേവാല അറിയിച്ചു. എങ്ങോട്ടാണ്‌ രാഹുൽ പോയതെന്ന്‌ അദ്ദേഹം വെളിപ്പെടുത്തിയില്ല.

സ്ഥാപകദിനത്തോട്‌ അനുബന്ധിച്ച്‌ പാർടി ആസ്ഥാനത്ത്‌ തിങ്കളാഴ്‌ച നടന്ന ചടങ്ങുകളിൽ രാഹുലിന്റെ അഭാവം മുഴച്ചുനിന്നു. മാധ്യമങ്ങളുടെ ചോദ്യത്തിൽനിന്ന്‌ പ്രിയങ്കാഗാന്ധി ഒഴിഞ്ഞുമാറി. രാഹുലിന്റെ വിദേശയാത്രയെ ന്യായീകരിക്കാൻ സൽമാൻഖുർഷിദ്‌ പ്രയാസപ്പെട്ടു. രാഹുൽ മുത്തശ്ശിയെ കാണാൻ പോയതാണെന്ന്‌ എഐസിസി ജനറൽസെക്രട്ടറി കെ സി വേണുഗോപാൽ വിശദീകരിച്ചു.

ആരോഗ്യപ്രശ്‌നങ്ങൾ കാരണം സോണിയാഗാന്ധിയും പാർടി ആസ്ഥാനത്ത്‌ എത്തിയിരുന്നില്ല. എ കെ ആന്റണിയാണ്‌ പതാക ഉയർത്തിയത്‌. കർഷകപ്രക്ഷോഭം ഉൾപ്പെടെ രാജ്യത്തെ പിടിച്ചുകുലുക്കുന്ന സംഭവപരമ്പരകൾ നടക്കുന്ന അവസരത്തിലാണ്‌ രാഹുൽ ഇന്ത്യ വിട്ടത്‌‌. സമരം ചെയ്യുന്ന കർഷകരെ സന്ദർശിക്കാനോ അവരുമായി സംസാരിക്കാനോ രാഹുൽ തയ്യാറായില്ലെന്ന്‌ ഭാരതീയ കിസാൻ യൂണിയൻ നേതാവ്‌ രാകേഷ്‌ ടിക്കായത്‌ പ്രതികരിച്ചു. വലിയ രാഷ്ട്രീയസംഭവങ്ങൾ നടക്കുന്ന അവസരങ്ങളിൽ രാജ്യം വിടുന്നത്‌ രാഹുൽഗാന്ധിയുടെ പതിവായിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവർത്തനത്തിന്റെ ഗൗരവത്തെ തന്നെ ചോർത്തിക്കളയുന്ന നടപടിയാണിതെന്നും ചില ദേശീയമാധ്യമങ്ങൾ വിലയിരുത്തി.

രാഹുലിനെ പരിഹസിച്ച്‌ ബിജെപി നേതാക്കൾ രംഗത്തെത്തി. കോൺഗ്രസ്‌ സ്ഥാപകദിനം ആചരിക്കുമ്പോൾ രാഹുലിനെ കാൺമാനില്ലെന്ന്‌ മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവ്‌രാജ്‌സിങ്‌ ചൗഹാൻ ട്വീറ്റ്‌ ചെയ്‌തു. രാഹുൽ ‘ടൂറിസ്റ്റായ രാഷ്ട്രീയക്കാരൻ’ ആണെന്ന്‌ ബിജെപി വൈസ്‌ പ്രസിഡന്റ്‌ ഡി കെ അരുണ പരിഹസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here