ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്താൻ തീരുമാനിച്ചിരിക്കുന്ന ട്രാക്ടർ റാലി അലങ്കോലപ്പെടുത്താനും കർഷക സമരം അട്ടിമറിക്കാനും വ്യാപക ശ്രമമെന്നു കർഷക നേതാക്കൾ. കൃഷി നിയമങ്ങൾക്കെതിരെ കർഷകർ സമരം ചെയ്യുന്ന സിംഘു അതിർത്തിയിൽ കർഷക നേതാക്കളെ കൊലപ്പെടുത്താൻ നിയോഗിക്കപ്പെട്ട സംഘത്തിലെ അംഗമെന്ന് ആരോപിച്ച് ഒരാളെ പിടികൂടി. വെള്ളിയാഴ്ച രാത്രിയോടെ മുഖംമൂടിധാരിയായ അക്രമിയെ മാധ്യമങ്ങൾക്കു മുന്നിൽ ഹാജരാക്കിയതിനുശേഷം കർഷകർ പൊലീസിന് കൈമാറി.

ട്രാക്ടർ റാലി അലങ്കോലപ്പെടുത്താനും കർഷക നേതാക്കളെ കൊലപ്പെടുത്താനും രണ്ട് സംഘങ്ങളെ പ്രതിയോഗികൾ നിയോഗിച്ചതായും കർഷകർ ആരോപിച്ചു. പ്രതിഷേധക്കാരുടെ കയ്യിൽ ആധുധം ഉണ്ടോയെന്നു പരിശോധിക്കുകയാണ് തങ്ങളുടെ ചുമതലയെന്നും ജനുവരി 26ലെ റാലിയിൽ നുഴഞ്ഞു കയറി ആക്രമണത്തിനു പദ്ധതിയിട്ടതായും കർഷകർ ഹാജരാക്കിയ മുഖംമൂടിധാരി മാധ്യമങ്ങളോടു പറഞ്ഞു. നാല് കർഷക നേതാക്കളെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി ഇയാൾ സമ്മതിച്ചു. പൊലീസിന്റെ ഒത്താശയോടെയാണ് പദ്ധതിയെന്നു അവകാശപ്പെട്ട ഇയാൾ ഗൂഢാലോചന നടത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ പേര് അക്കമിട്ടു നിരത്തുകയും ചെയ്തു.

ജനുവരി 19 മുതൽ രണ്ട് സംഘങ്ങളായി സിംഘു അതിർത്തിയിൽ തമ്പടിച്ചിരിക്കുകയാണെന്നും കർഷകർ പൊലീസിനു നേരെ വെടിയുതിർക്കുന്നുവെന്നു വരുത്തി തീർക്കാനാണ് ശ്രമമെന്നും ഇയാൾ പറയുന്നു. കർഷകരുടെ കയ്യിൽ ആയുധങ്ങൾ ഉണ്ടെന്നു സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും ഇയാൾ പറയുന്നു. വെള്ളിയാഴ്ച സംശയാസ്പദമായി രീതിയിലാണ് ഇയാളെ പിടികൂടിയതെന്നും ചോദ്യം ചെയ്യലിൽ ഇയാൾ എല്ലാം തുറന്നു പറഞ്ഞുവെന്നും കർഷകർ അവകാശപ്പെട്ടു.

കേന്ദ്ര സർക്കാരും കർഷക സംഘടനകളും തമ്മിൽ നടത്തിയ 11–ാം ചർച്ചയും പരാജയപ്പെട്ടിരുന്നു. അടുത്ത ചർച്ച എന്നു വേണമെന്ന കാര്യത്തിൽ പോലും തീരുമാനമെടുക്കാതെയാണ് ഇരുകൂട്ടരും പിരിഞ്ഞത്. പ്രക്ഷോഭം അവസാനിപ്പിച്ചാൽ നിയമങ്ങൾ നടപ്പാക്കുന്നത് ഒന്നര വർഷത്തേക്കു മരവിപ്പിക്കാമെന്ന വാഗ്ദാനം കർഷകർ തള്ളിയതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ കേന്ദ്രം, കൂടുതൽ വിട്ടുവീഴ്ചകൾക്കില്ലെന്നു വ്യക്തമാക്കി. അടുത്ത ചർച്ചയുടെ തീയതി നിശ്ചയിക്കുന്നില്ലെന്നും ആവശ്യമെങ്കിൽ കർഷകർ അറിയിച്ചാൽ മതിയെന്നും കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തോമറും പീയൂഷ് ഗോയലും വ്യക്തമാക്കി. 3 നിയമങ്ങളും പിൻവലിക്കാതെയുള്ള ഒരു ഒത്തുതീർപ്പുമില്ലെന്നു കർഷകർ ആവർത്തിച്ചു.

നിയമങ്ങൾ മരവിപ്പിക്കാമെന്ന വാഗ്ദാനം തള്ളാനുള്ള തീരുമാനം കർഷകർ ആദ്യം മാധ്യമങ്ങളെ അറിയിച്ചതിൽ കേന്ദ്രം എതിർപ്പ് അറിയിച്ചു. പരമാവധി വഴങ്ങിയെന്നും കൂടുതലൊന്നും ചെയ്യാനില്ലെന്നും മന്ത്രിമാർ പറഞ്ഞു. വാഗ്ദാനങ്ങൾ നൽകി പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നു കർഷകരും പ്രതികരിച്ചു. റിപ്പബ്ലിക് ദിനത്തിൽ പ്രഖ്യാപിച്ച കിസാൻ പരേഡുമായി മുന്നോട്ടുപോകുമെന്നും പരമാവധി കർഷകരോടു ട്രാക്ടറുകളുമായി ഡൽഹി അതിർത്തിയിലെത്താൻ ആഹ്വാനം ചെയ്തിട്ടുണ്ടെന്നും പിന്നാലെ സംഘടനകൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here