ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് റിപ്പബഌക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍റാലിയുമായി ബന്ധപ്പെട്ട് നടന്ന അക്രമത്തില്‍ പരിക്കേറ്റത് 86 പോലീസുകാര്‍ക്ക്. സംഭവത്തില്‍ ഡല്‍ഹി പോലീസ് 15 കേസുകളും റജിസ്റ്റര്‍ ചെയ്തു. എട്ട് ബസുകളും 17 സ്വകാര്യ വാഹനങ്ങള്‍ക്കും കേടുപാടു പറ്റി. മുകര്‍ബാ ചൗക്ക്, ഗാസിപുര്‍, ഐടിഓ, സീമാപുരി, നാംഗ്‌ളോയി ടി പോയിന്റ്, ടിക്രി ബോര്‍ഡര്‍, റെഡ്‌ഫോര്‍ട്ട് എന്നിവിടങ്ങളിലെല്ലാം അക്രമം നടന്നു. ഗാസിപൂര്‍, ടിക്രി, സിംഗു അതിര്‍ത്തി എന്നിവിങ്ങളില്‍ കര്‍ഷകര്‍ ബാരിക്കേഡുകള്‍ തകര്‍ത്തു.

പല തവണ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തിയ ഡല്‍ഹി പോലീസ് സമാധാനപരമായ റാലി എന്ന ഉറപ്പിന്‌മേലായിരുന്നു ഡല്‍ഹി പോലീസ് സംയുക്ത കിസാന്‍ മോര്‍ച്ചയ്ക്ക് റാലി നടത്താന്‍ അനുമതി നല്‍കിയത്. എന്നാല്‍ റാലി തുടങ്ങിയ രാവിലെ എട്ടു മണിയോടെ തന്നെ സംഘര്‍ഷങ്ങളും തുടങ്ങുകയായിരുന്നു. 8.30 യോടെ 6000 – 7000 ട്രാക്ടറുകള്‍ സിംഗു അതിര്‍ത്തിയില്‍ നിന്നും സെന്‍ട്രല്‍ ഡല്‍ഹിയിലേക്ക് പോകാന്‍ തുടങ്ങിയെന്നും പോലീസ് പറയുന്നു. വാളും കൃപാണും ഉള്‍പ്പെടെ ആയുധധാരികളായ വിഭാഗമായിരുന്നു കര്‍ഷകരെ നയിച്ചത്.

ഇവര്‍ മുകര്‍ബ ചൗക്കിനും ട്രാന്‍സ്‌പോര്‍ട്ട് നഗറിനും ഇടയിലും വെച്ചിരുന്ന ബാരിക്കേഡുകള്‍ ഒന്നൊന്നായി തകര്‍ക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്തതായും പോലീസ് പറയുന്നു. ഗാസിപൂരില്‍ നിന്നും സിംഗു അതിര്‍ത്തിയില്‍ നിന്നും വന്ന കര്‍ഷകരുടെ ഒരു വലിയ കൂട്ടം പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഇരിക്കുന്നിടത്തേക്കും ഓടിക്കയറി. ഇവരെ തടയാന്‍ ശ്രമിച്ചതാണ് അക്രമത്തിന് കാരണമായി മാറിയതെന്നും പോലീസ് പറയുന്നു. ഇരുമ്പു വേലികളും അഴികളും ഡിവൈഡറുകളും തകര്‍ത്ത കര്‍ഷകര്‍ ബാരിക്കേഡിന് സമീപം വിന്യസിപ്പിച്ചിരുന്ന പോലീസുകാരുടെ മുകളിലൂടെ ഓടുകയും ചെയ്തതായി പോലീസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. തുടര്‍ന്ന് റെഡ്‌ഫോര്‍ട്ടിലേക്ക് പോയ കര്‍ഷകര്‍ അതിന്റെ പൂമുഖത്ത് കയറുകയും കൊടിമരത്തിലും മറ്റും കയറി തങ്ങളുടെ മതപരമായ പതാക ഉയര്‍ത്തുകയും മറ്റും ചെയ്തു. ഇത് തടയാന്‍ പോലീസ് ശ്രമം നടത്തിയെങ്കിലും കഴിഞ്ഞിരുന്നില്ല.

വൈകുന്നേരത്തോടെയാണ് കര്‍ഷകര്‍ ട്രാക്ടര്‍ റാലി അവസാനിപ്പിച്ചത്. പോലീസ് നിര്‍ദേശം അവഗണിച്ചും അക്രമം നടത്തല്‍, കലാപം, പൊതുമുതല്‍ നശിപ്പിക്കല്‍, നിയമപാലകരെ ഡ്യൂട്ടി തടസ്സപ്പെടുത്തി ക്രൂരമായി മര്‍ദ്ദിക്കല്‍ തുടങ്ങിയ കേസുകളും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം തങ്ങളുടെ സമാധാനപരമായി സമരത്തിലേക്ക്് കടന്നുകയറി സാമൂഹ്യവിരുദ്ധരാണ് അക്രമം നടത്തിയതെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച പറയുന്നത്. ആറു മാസമായി ദുരിതം തുടരുകയാണ്. ഡല്‍ഹി അതിര്‍ത്തിയില്‍ സമരം തുടങ്ങിയി്ട് 60 ദിവസങ്ങള്‍ കഴിഞ്ഞു. ഇതുവരെ ഡല്‍ഹിയില്‍ ഉണ്ടായിട്ടില്ലാത്ത സംഭവമാണ് ഇപ്പോള്‍ അരങ്ങേറിയിരിക്കുന്നതെന്നും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here