ന്യൂഡൽഹി : പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും. 11ന് രാഷ്ട്രപ്രതി റാംനാഥ് കോവിന്ദ് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. കോൺഗ്രസടക്കം 16 പ്രതിപക്ഷ കക്ഷികൾ കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രസംഗം ബഹിഷ്കരിക്കും. ഈവർഷത്തെ സാമ്പത്തിക സർവേ ഇന്നു സഭകളിൽ വയ്ക്കും.

ഈ വർഷത്തെ ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. രാജ്യസഭാധ്യക്ഷൻ എം. വെങ്കയ്യ നായിഡു 31ന് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ലോക്സഭയിലെ കക്ഷിനേതാക്കളുടെ യോഗം ഇന്നോ നാളെയോ നടന്നേക്കും.

കഴിഞ്ഞ സമ്മേളനം പോലെ ഇരുസഭാ ഹാളുകളും ഗാലറികളും ഉപയോഗിച്ച്, കോവിഡ് നിബന്ധനകൾ പാലിച്ചാണു സമ്മേളനം നടത്തുക. രാജ്യസഭ രാവിലെ 9 മുതൽ ഒന്നു വരെയും ലോക്സഭ വൈകിട്ട് 4 മുതൽ 9 വരെയുമാകും സമ്മേളിക്കുക. കോവിഡ് നെഗറ്റീവ് റിപ്പോർട്ട് ഇല്ലാത്ത ഒരാളെയും പാർലമെന്റ് വളപ്പിൽ പ്രവേശിപ്പിക്കില്ല.

ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഫെബ്രുവരി 15നു തീരും. രണ്ടാംഘട്ടം മാർച്ച് 8 മുതൽ ഏപ്രി‍ൽ 8 വരെ നീളും.

കാർഷിക നിയമത്തെച്ചൊല്ലി പ്രതിപക്ഷം സർക്കാരുമായി കൊമ്പുകോർക്കുമെന്നുറപ്പാണ്. ഇന്ന് രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിക്കുന്നത് അതിന്റെ ഭാഗമായാണെന്നു നേതാക്കൾ പറഞ്ഞു. മായാവതിയുടെ ബിഎസ്പി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികൾ ബഹിഷ്കരണത്തിൽ പങ്കെടുക്കും. കോൺഗ്രസ്, ഇടതുകക്ഷികൾ, യുപിഎ ഘടകകക്ഷികൾ എന്നിവയ്ക്കു പുറമേ തൃണമൂൽ കോൺഗ്രസും ശിവസേനയും അകാലിദളും നാഷനൽ കോൺഫറൻസ്, എഐയുഡിഎഫ്, എംഡിഎംകെ, സമാജ്‌വാദി പാർട്ടി എന്നീ കക്ഷികളും ബഹിഷ്കരണത്തിലുണ്ട്.

പ്രതിപക്ഷം പാർലമെന്റിന് അകത്തും പുകത്തും കർഷക നിയമങ്ങളെ ജനാധിപത്യപരമായി എതിർക്കുമെന്ന് കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും പറഞ്ഞു.

ബജറ്റ് ആപ്പിലൂടെ

ഈ വർഷത്തെ ബജറ്റ് പൂർണമായി പേപ്പർരഹിതമായിരിക്കുമെന്നു സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പാർലമെന്റംഗങ്ങൾക്കും പൊതുജനങ്ങൾക്കും ബജറ്റ് മൊബൈൽ ആപ് വഴി ലഭ്യമാകും. നാഷനൽ ഇൻഫർമാറ്റിക് സെന്ററാണു തയാറാക്കുന്നത്.

‘കേന്ദ്രത്തിന്റെ പങ്കും അന്വേഷിക്കണം’

ഡൽഹിയിലുണ്ടായ അക്രമത്തിനു പിന്നിൽ കേന്ദ്ര സർക്കാരിന്റെ പങ്കും അന്വേഷിക്കണമെന്നു പ്രതിപക്ഷം സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രണ്ടര മാസത്തോളമായി സമരം ചെയ്യുന്ന കർഷകരിൽ 155 പേർ മരിച്ചു. സംഭവങ്ങൾ ഈ രീതിയിലേക്കു പോയതിനു പിന്നിൽ കേന്ദ്രത്തിന്റെ പങ്കും നിഷ്പക്ഷമായി അന്വേഷിക്കണം.

കോൺഗ്രസിന് പങ്കുണ്ടെന്നു ‍ബിജെപി

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കുമെന്ന പ്രതിപക്ഷ നിലപാടിനെതിരെ ബിജെപി. കർഷക സമരത്തിന്റെ പേരിൽ ഡൽഹിയിൽ നടന്ന അക്രമങ്ങൾക്കു പിന്നിൽ കോൺഗ്രസിനു പങ്കുണ്ടെന്നും പാർട്ടി വക്താവ് ഗൗരവ് ഭാട്ടിയ ആരോപിച്ചു. രാഷ്ട്രീയത്തിന്റെ പേരിൽ രാജ്യതാൽപര്യങ്ങളെ കോൺഗ്രസ് ഒറ്റുകൊടുക്കുകയാണെന്നും ബിജെപി വക്താവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here