ന്യൂഡൽഹി: പാർലമെന്റിൽ ബഡ്‌ജറ്റ് സമ്മേളനത്തിന് മുന്നോടിയായി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് രാംനാഥ് കോവിന്ദ് നയപ്രഖ്യാപനം നടത്തുന്നത്. കാർഷിക നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിച്ചു. ഇടത് എം പിമാർ സഭയ്‌ക്ക് മുന്നിൽ ധർണ നടത്തുകയാണ്.

കാർഷിക നിയമങ്ങളെ ന്യായീകരിച്ചായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. നിയമങ്ങൾ കർഷകർക്ക് പുതിയ അവകാശങ്ങൾ നൽകുന്നു. നിലവിലുളള അവകാശങ്ങൾ നിയമങ്ങൾ ഇല്ലാതാക്കുന്നില്ലെന്നും രാഷ്ട്രപതി പറഞ്ഞു. റിപ്പബ്ലിക് ദിനത്തിലെ അപമാനകരമായ സംഭവങ്ങൾ നിർഭാഗ്യകരമാണ്. ദേശീയ പതാകയെ അപമാനിച്ചത് ദൗർഭാഗ്യകരമാണ്. അഭിപ്രായ പ്രകടനത്തിന് ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുവെന്നും നിയവും ചട്ടവും പാലിക്കണമെന്ന് ഭരണഘടന പഠിപ്പിക്കുന്നുവെന്നും രാഷ്ട്രപതി വ്യക്തമാക്കി.കാർഷിക നിയമങ്ങളിൽ സുപ്രീംകോടതി തീരുമാനം എന്തായാലും അത് കേന്ദ്രസർക്കാർ അംഗീകരിക്കും. സമാധാനപൂർണമായ സമരങ്ങളോട് യോജിക്കും. കാർഷികനിയമങ്ങൾ കർഷകർക്ക് കൂടുതൽ അധികാരവും സൗകര്യങ്ങളും നൽകും.

നിയമങ്ങളെ കുറിച്ചുളള തെറ്റിദ്ധാരണ നീക്കാൻ സർക്കാർ തയ്യാറാണെന്നും രാഷ്ട്രപതി പറഞ്ഞു.മഹാമാരിക്കെതിരായ ഈ പോരാട്ടത്തിൽ നമുക്ക് നിരവധി പൗരന്മാരെ നഷ്‌ടമായി. ഈ കൊറോണ കാലഘട്ടത്തിൽ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു. കൊവിഡ് മൂലം ആറ് എം പിമാർ അകാലത്തിൽ നമ്മെ വിട്ടുപോയി. എല്ലാവർക്കും ആദരാജ്ഞലി അർപ്പിക്കുന്നുവെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു.കൊവിഡ് മഹാമാരിക്കിടെ നടക്കുന്ന ഈ ബഡ്‌ജറ്റ് സമ്മേളനം വളരെ പ്രധാനമാണ്. ഈ വർഷം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വർഷത്തിലേക്ക് നമ്മൾ പ്രവേശിക്കാൻ പോകുകയാണ്. ഇന്ത്യ ഐക്യത്തോടെ നിന്ന് പ്രതിസന്ധികൾ മറികടന്നിട്ടുണ്ട്. ഇനിയും രാജ്യം ഒറ്റക്കെട്ടായി നിന്ന് പ്രതിസന്ധികൾ മറികടക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here