കൊച്ചി: ഭയന്നിരുന്നത് ഒന്നും ഉണ്ടായില്ല എന്നതും പ്രതീക്ഷിക്കാത്ത ചില അനുകൂല ഘടകങ്ങളുണ്ടായതും ഈ ബജറ്റിനെ ഓഹരി വിപണിക്ക് അനുകൂലമാക്കി മാറ്റിയെന്ന് ബഡ്ഡിങ് പോർട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തലിന്റെ വിലയിരുത്തൽ. നൂറ്റാണ്ടിലെ ഏറ്റവും മികച്ച ബജറ്റാകും എന്ന പ്രഖ്യാപനത്തിന്റെ പ്രതീക്ഷകളിൽ രാജ്യം കാത്തിരുന്ന ബജറ്റ് അത്രയ്ക്കു വന്നില്ലെങ്കിലും കഴിഞ്ഞ പത്തു വർഷത്തെ ഏറ്റവും മികച്ച ബജറ്റായിരുന്നു ഇതെന്നു പറയാം. നികുതി വർധനകളും സെസുകളുമെല്ലാം ഉണ്ടാകുമെന്ന ഭയത്തിൽ വിപണി വ്യാപരം ആരംഭിച്ച ദിനത്തിലെ ബജറ്റിൽ അവയൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല, മുതിർന്ന പൗരൻമാർക്ക് നികുതി ഇളവു കൊടുക്കുന്നതു പോലെയുള്ള നടപടിയുണ്ടായത് ബജറ്റിനെ ജനപ്രിയമാക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്.

മൂലധന ചെലവ് വർധിപ്പിക്കുന്നതും നിരവധി റോഡുകളും വിമാനത്താവളങ്ങളും പോലെയുള്ള ഇൻഫ്രാസ്ട്രക്ചർ വികസനങ്ങൾക്കായി ഈ വർഷം തന്നെ അഞ്ചു ലക്ഷം കോടി ചെലവഴിക്കുന്നതിനുള്ള നടപടികൾ ബജറ്റിനെ മികച്ചതാക്കാൻ സഹായിച്ചു. പ്രഖ്യാപനങ്ങളുടെ ആദ്യഘട്ടം മുതൽ തന്നെ ഇൻഫ്രാസ്ട്രക്ചർ ഓഹരികൾ മുന്നേറുന്നതാണ് കണ്ടത്. ബാങ്കിങ് മേഖലകളിൽ ഉണ്ടാകുമെന്നു കരുതിയിരുന്ന കടുത്ത നടപടികൾ ഇല്ലാതെ പോയതും പൊതുമേഖലാ ബാങ്കുകളുടെ റീക്യാപിറ്റലൈസേഷനു തുക വകയിരുത്തിയതും പൊതുമേഖലാ ബാങ്കുകളിൽ ചിലത് സ്വകാര്യവൽക്കരിക്കുന്നതിനുള്ള തീരുമാനവും ബാങ്കിങ് സെക്ടറിന് അനുകൂലമായി. ജനറൽ ഇൻഷുറൻസ് കമ്പനികളിൽ സ്വകാര്യവൽക്കരണം വരുന്നതും എൽഐസി സ്വകാര്യവൽക്കരണ നടപടി പ്രഖ്യാപിച്ചതും കഴിഞ്ഞ വർഷം പ്രഖ്യാപിച്ച സ്വകാര്യവൽക്കരണ നടപടികൾ പൂർത്തിയാക്കുന്നതും പുതിയവയുടെ പട്ടിക പ്രസിദ്ധീകരിക്കാൻ ഒരുങ്ങുന്നതും ഓഹരി വിപണിക്ക് അനുകൂലമാകുന്നതാണ്.

കോട്ടൺ പോലെയുള്ളവയുടെ എക്സൈസ് നികുതിയിൽ വർധന വരുത്തിയത് കർഷകർക്ക് അനുകൂലമായ തീരുമാനമാണ്. നൈലോൺ നൂൽ പോലെയുള്ള ചില ഘടകങ്ങളുടെ ഇറക്കുമതി അനുമതി ടെക്സ്റ്റൈൽ മേഖലയ്ക്കും എസ്എംഇ മേഖലയ്ക്കും അനുകൂലമാണ്. ചില ഉൽപന്നങ്ങളുടെ എക്സൈസ് നികുതി കുറച്ചത് ഇന്ത്യൻ കമ്പനികൾക്ക് സഹായകരമാണ്. ഏഴ് ടെക്സ്റ്റൈൽ പാർക്കുകൾ വരുമെന്ന പ്രഖ്യാപനം മേഖലയ്ക്ക് അനുകൂലമാകും. ഫാർമ പാർക്കുകൾ വരുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രഖ്യാപനത്തിൽ ഇല്ലാതെ പോയത് സെക്ടറിന് ദോഷമായി. ഐടി മേഖലയ്ക്കും കാര്യമായ പ്രഖ്യാപനമില്ലാതിരുന്നതിനാൽ നിലവിൽ ഈ രണ്ടു സെക്ടറുകളാണ് ഇപ്പോൾ വിപണിയിൽ നെഗറ്റീവായി വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റി, സെൻസെക്സ് റെക്കോർഡുകളിലേയ്ക്കു തിരികെ പോകുന്ന സാഹചര്യത്തിലും ഫാർമ സെക്ടറിന് അനുകൂലമായി ഇല്ലാതെ പോയതിന്റെ നിരാശ പ്രകടമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here