ന്യൂഡൽഹി: കാർഷിക ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ സമരം ചെയ്യുന്ന കർഷകർക്ക്‌ പിന്തുണയുമായി പ്രശസ്‌ത പോപ്പ്‌ ഗായിക റിഹാനയും പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യൂൺബർഗുമുൾപ്പെടെയുള്ളവർ രംഗത്ത്‌. രാജ്യത്തിനകത്തും പുറത്തുമുള്ള രാഷ്ട്രീയ നേതാക്കൾ, പരിസ്ഥിതി പ്രവർത്തകർ, ചലച്ചിത്ര താരങ്ങൾ, ഗായകർ, സാംസ്‌കാരിക പ്രവർത്തകർ, സാമ്പത്തികവിദഗ്‌ധർ, അക്കാദമിക്‌ രംഗത്തുള്ളവർ, അഭിഭാഷകർ തുടങ്ങി നിരവധി പ്രമുഖർ സാമൂഹ്യമാധ്യമങ്ങളിലൂടെ സർക്കാരിനെ നിശിതമായി വിമർശിച്ചു. ഇതോടെ വിശദീകരണവുമായി വിദേശകാര്യ വകുപ്പ്‌ രംഗത്തെത്തി. തെറ്റായ വസ്‌തുക്കളുടെ അടിസ്ഥാനത്തിലാണ്‌ കർഷകസമരത്തെക്കുറിച്ചുള്ള പ്രമുഖ അന്തർദേശീയ വ്യക്തിത്വങ്ങളുടെ പ്രതികരണങ്ങളെന്നും വിവരങ്ങൾ ശരിയായി മനസ്സിലാക്കാൻ ശ്രമിക്കണമെന്നും വിദേശമന്ത്രാലയം അസാധാരണമായ അടിയന്തര പ്രസ്‌താവനയിലൂടെ പ്രതികരിച്ചു.

കരീബിയൻ പോപ്പ്‌ ഗായിക റിഹാന ചൊവ്വാഴ്‌ചയാണ്‌ കർഷകരെ അടിച്ചമർത്തുന്ന ബിജെപി സർക്കാരിനെ ട്വിറ്ററിലൂടെ വിമർശിച്ചത്‌. കർഷകസമരത്തിന്റെ ചിത്രവും ഇന്റർനെറ്റ്‌ വിച്ഛേദിച്ചത്‌ അറിയിച്ചുള്ള സിഎൻഎന്നിന്റെ വാർത്തയും സഹിതമായിരുന്നു റിഹാനയുടെ ട്വീറ്റ്‌. ഫാർമേഴ്‌സ്‌ പ്രൊട്ടസ്റ്റ്‌ എന്ന ഹാഷ്‌ടാഗോടെ എന്തുകൊണ്ട്‌ നമ്മൾ ഇതേക്കുറിച്ച്‌ സംസാരിക്കുന്നില്ലെന്ന്‌ ട്വിറ്ററിൽ 10 കോടി അനുയായികളുള്ള റിഹാന ആരാഞ്ഞു.

ഇന്ത്യയിലെ പത്തുവയസ്സുകാരിയായ പരിസ്ഥിതി പ്രവർത്തക ലിസിപ്രിയ കൻഗുജമിന്റെ അഭ്യർഥനയെത്തുടർന്ന്‌ ഗ്രെറ്റ ത്യൂൺബർഗും കർഷക സമരത്തിന്‌ പിന്തുണയുമായെത്തി. യുഎസ്‌ വൈസ്‌പ്രസിഡന്റ്‌ കമല ഹാരിസിന്റെ അനിയത്തിയുടെ മകളും എഴുത്തുകാരിയുമായ മീന ഹാരിസ്‌, നടിയും മാധ്യമപ്രവർത്തകയുമായ മിയ ഖലീഫ, യുഎസ്‌ ജനപ്രതിനിധി സഭാംഗം ജിം കോസ്‌റ്റ, ക്ലോഡിയ വെബ്ബ്‌, ഗായകരായ ജയ്‌ ഷോൻ, ഡോ. സിയൂസ്‌ തുടങ്ങിയവർ കർഷക സമരത്തെ പിന്തുണച്ച്‌ രംഗത്തുവന്നു.

ലോകത്തെ ഏറ്റവും പഴക്കംചെന്ന ജനാധിപത്യം ഒരു മാസംമുമ്പ്‌ ആക്രമിക്കപ്പെട്ടതും ഏറ്റവും വലിയ ജനാധിപത്യം നിലവിൽ ആക്രമിക്കപ്പെടുന്നതും യാദൃച്ഛികമല്ലെന്ന്‌ മീന ഹാരിസ്‌ ട്വിറ്ററിൽ കുറിച്ചു. അക്കാദമിക രംഗത്തെ പ്രമുഖരായ 40 പേർ കർഷകരെ പിന്തുണച്ച് പ്രസ്‌താവനയിറക്കി.

LEAVE A REPLY

Please enter your comment!
Please enter your name here