Close-up medical syringe with a vaccine.

ന്യൂഡൽഹി: ഇന്ത്യയിൽ  കോവിഡ് വാക്സീന്റെ രണ്ടാം ഡോസ് വിതരണം 13 മുതൽ തുടങ്ങും. ഇന്ത്യയിൽ പകുതിയലധികം ആരോഗ്യപ്രവർത്തകർക്കും ആദ്യ ഡോസ് നൽകുന്നത് ഇന്നത്തോടെ പൂർത്തിയാവും. കഴിഞ്ഞ 3 മുതൽ പൊലീസ്, മറ്റു സേനാംഗങ്ങൾ തുടങ്ങിയ കോവിഡ് പോരാളികൾക്കും വാക്സീൻ നൽകുന്നുണ്ട്. 50 വയസ്സിനു മുകളിലുള്ളവർക്കുള്ള വാക്സീൻ വിതരണവും വൈകാതെ തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കേരളത്തിലെ ആരോഗ്യപ്രവർത്തകരിൽ 57.9% പേർ വാക്സീനെടുത്തു കഴിഞ്ഞു. രാജ്യത്തെ 13 സംസ്ഥാനങ്ങളാണ് പകുതിയിലധികം ആരോഗ്യപ്രവർത്തകർക്കു വാക്സീൻ നൽകിയത്. മധ്യപ്രദേശിലാണ് ഏറ്റവുമധികം പേർ കുത്തിവയ്പെടുത്തത്– 73.6%. മണിപ്പുർ, പുതുച്ചേരി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ കുത്തിവയ്പ് പുരോഗമിച്ചിട്ടില്ല.

ലോകത്ത് ഏറ്റവും വേഗത്തിൽ 40 ലക്ഷം പേർക്കു വാക്സീൻ നൽകിയ രാജ്യം ഇന്ത്യയാണ്. യുഎസ് ഇതിനായി 20 ദിവസമെടുത്തപ്പോൾ ഇന്ത്യയിൽ 18 ദിവസമേ വേണ്ടിവന്നുള്ളൂ.

 

പ്രതികരണം തേടി 17 മുതൽ ‘റാസ് ’

 

∙ കോവിഡ് വാക്സീൻ കുത്തിവയ്പിനെ തുടർന്നുള്ള വിപരീതഫലങ്ങൾ തിരിച്ചറിയാനും തുടർനടപടികൾ സ്വീകരിക്കാനും റാപ്പിഡ് അസെസ്മെന്റ് സിസ്റ്റം (റാസ്) എന്ന പുതിയ സംവിധാനം ഒരുക്കുന്നു. 17 ന് നിലവിൽ വരും.

വാക്സീനെടുത്തവർക്ക് തൊട്ടടുത്ത ദിവസം വ്യക്തിഗത എസ്എംഎസ് ലഭിക്കും. ഇതിൽ പ്രതികരണം അറിയിക്കാൻ പ്രത്യേക ലിങ്കുണ്ടാകും. 5 ചോദ്യങ്ങൾക്കാണ് മറുപടി നൽകേണ്ടത്. എസ്എംഎസിനോട് പ്രതികരിച്ചില്ലെങ്കിൽ തൊട്ടടുത്ത ദിവസം ഫോൺവിളിയെത്തും. മറുപടി നൽകുംവരെ ഫോൺവിളി തുടരും. ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയമാണ് ഈ സംവിധാനം ഒരുക്കുന്നത്.

 

97% സംതൃപ്തർ; 19 മരണവും

 

വാക്സീനെടുത്തവരിൽ 8563 പേർക്കാണ് ഇതുവരെ വിപരീതഫലം റിപ്പോർട്ട് ചെയ്തത്. ഇതിൽ 34 പേരെ മാത്രമേ ആശുപത്രിയിലാക്കിയുള്ളൂ. വാക്സീനെടുത്തവരിൽ 19 പേർ മരിച്ചു. ഇതു പരിശോധനാവിധേയമാക്കാൻ വിവിധ തലത്തിൽ സമിതികളുണ്ട്. ദേശീയതലത്തിലെ സമിതി വൈകാതെ ചേരും.

വാക്സീനോടുള്ള വൈമുഖ്യം കുറഞ്ഞു വരുന്നതായി നിതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. വാക്സീനെടുത്തവരിൽ 97% പേരും സംതൃപ്തരാണെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here