ന്യൂഡൽഹി: കർഷക സമരത്തിന്റെ പ്രഭവകേന്ദ്രമായ പഞ്ചാബിലെ നഗര തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വൻ ജയം. ബിജെപിക്കും മുൻ സഖ്യകക്ഷിയായ അകാലിദളിനും കനത്ത പരാജയം. കർഷക സമരം ശക്തി പ്രാപിച്ച ശേഷം നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പാണിത്.

ഫലം പ്രഖ്യാപിച്ച 6 കോർപറേഷനുകളും – ഹോഷിയാർപുർ, കപൂർത്തല, അബോഹർ, പഠാൻകോട്ട്, ബട്ടാല, ഭട്ടിൻഡ – കോൺഗ്രസ് പിടിച്ചെടുത്തു. മോഗയിൽ 50 ൽ 20 സീറ്റു നേടി വലിയ ഒറ്റക്കക്ഷിയായി. അകാലിദളിന് 15 സീറ്റാണ് ഇവിടെ. 10 സ്വതന്ത്രരുടെ നിലപാട് നിർണായകമാവും. ബിജെപിക്ക് ഒരു സീറ്റേയുള്ളൂ. മൊഹാലിയിൽ 2 വാർഡുകളിൽ റീപോളിങ് നടന്നതിനാൽ ഇന്നാണു ഫലപ്രഖ്യാപനം.

109 മുനിസിപ്പാലിറ്റികളിലും നഗര പഞ്ചായത്തുകളിലും ഫലമറിഞ്ഞ 77ൽ 63 എണ്ണം കോൺഗ്രസിനാണെന്ന് പാർട്ടി അറിയിച്ചു. അകാലിദളും ആം ആദ്മിയും യഥാക്രമം എട്ടും രണ്ടും വീതം മുനിസിപ്പാലിറ്റികൾ നേടി. ആദ്യമായി തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആം ആദ്മി പാർട്ടിക്ക് വിചാരിച്ച മുന്നേറ്റമുണ്ടാക്കാനായില്ല.

ബിജെപി ഭരിച്ചിരുന്ന പഠാൻകോട്ടും 53 വർഷമായി അപ്രാപ്യമായിരുന്ന ഭട്ടിൻഡയും പിടിച്ചെടുത്തതാണ് കോൺഗ്രസ് ജയത്തിനു തിളക്കമേറ്റുന്നത്. അകാലിദൾ നേതാവും മുൻമന്ത്രിയുമായിരുന്ന ഹർസിമ്രത് കൗർ ബാദലിന്റെ മണ്ഡലമാണിത്. കർഷക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ചാണ് അകാലിദൾ മുന്നണി വിട്ടത്.

ഭട്ടിൻഡയിൽ 50 ൽ 43 വാർഡുകളും കോൺഗ്രസ് നേടി. പഠാൻകോട്ടിൽ 50 ൽ 37 വാർഡും. ബിജെപി ഭരിച്ചിരുന്ന സൗജൻപുർ മുനിസിപ്പാലിറ്റിയും കോൺഗ്രസ് നേടി. ഫിറോസ്പുരിൽ 33 സീറ്റുകളും കോൺഗ്രസിനാണ്.

ഒട്ടേറെ സ്വതന്ത്രരും ഇത്തവണ ജയിച്ചിട്ടുണ്ട്. 13 സീറ്റുകളുള്ള ജോഗ നഗർ പഞ്ചായത്തിൽ സിപിഐ പിന്തുണയുള്ള സ്വതന്ത്രർക്കാണ് 12 സീറ്റുകളും.

ബിജെപി സ്ഥാനാർഥികൾക്കു മിക്കയിടങ്ങളിലും ദയനീയ പരാജയം നേരിടേണ്ടി വന്നു. പലയിടത്തും മത്സരിക്കാൻ പോലും ആളെക്കിട്ടിയിരുന്നില്ല.

അടുത്ത വർഷം തിരഞ്ഞെടുപ്പു നടക്കാനിരിക്കെ കോൺഗ്രസിന് ആത്മവിശ്വാസമേറ്റുന്നതാണ് ഈ വിജയം.

കർഷക രോഷവും ഇന്ധനവിലയും

കർഷക സമരത്തിന് കോൺഗ്രസ് സർക്കാരും മുഖ്യമന്ത്രി അമരീന്ദർ സിങ്ങും നൽകിയ പിന്തുണയും സമരത്തിന്റെ പേരിൽ പഞ്ചാബിലേക്കുള്ള ട്രെയിൻ തടഞ്ഞ കേന്ദ്രസർക്കാർ നടപടിയും നഗരപ്രദേശങ്ങളിൽ വലിയ ചലനമുണ്ടാക്കിയിരുന്നു. ഇന്ധനവിലയിലുണ്ടായ വലിയ വർധനയും ജനവികാരം ബിജെപിക്ക് എതിരാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here