റായ്പൂർ: ഛത്തീസ്​ഗഢിലെ ബിജാപ്പൂരിൽ മാവോവാദി വേട്ടക്കിടെ ബന്ദിയാക്കപ്പെട്ട സി.ആർ.പി.എഫ് കോബ്ര കമാൻഡർ രാകേശ്വർ സിങ് മൻഹാസിനെ വിട്ടയച്ചു. ജവാനെ വിട്ടയച്ച കാര്യം സി.ആർ.പി.എഫ് സ്ഥിരീകരിച്ചു. ഏപ്രിൽ മൂന്നിന് നടന്ന രക്തരൂക്ഷിത ഏറ്റുമുട്ടലിനിടെയാണ് ജവാനെ മാവോയിസ്റ്റുകൾ ബന്ദിയാക്കിയത്. 22 ജവാന്മാർ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചിരുന്നു. ഒരു സ്​ത്രീ ഉൾപെടെ അഞ്ചു മാവോവാദികളും കൊല്ലപ്പെട്ടിരുന്നു. അഞ്ച് ദിവസത്തെ തടങ്കലിന് ശേഷമാണ് ജവാനെ മോചിപ്പിച്ചിരിക്കുന്നത്.

ജവാനെ വിട്ടയക്കാൻ മാവോവാദികൾ ഉപാധികൾ മുന്നോട്ടുവെച്ചതാ‍യി റിപ്പോർട്ടുണ്ടായിരുന്നു. ഇവ സർക്കാർ അംഗീകരിച്ചോ ഇല്ലയോ എന്ന കാര്യം വ്യക്തമായിട്ടില്ല. ബിജാപ്പൂരിലെ സി.ആർ.പി.എഫ് ക്യാമ്പിലെത്തിച്ച രാകേശ്വറിനെ ആരോഗ്യ പരിശോധനക്ക് വിധേയനാക്കി.

മാവോവാദികളുമായി മധ്യസ്ഥ ചർച്ചക്ക് പദ്മശ്രീ ധരംപാൽ സൈനിയേയും ഗോണ്ട്വാന സമാദ് മേധാവി തേലം ബൊറൈയ്യയെയും സർക്കാർ നിയോഗിച്ചിരുന്നു. ഇവരുടെയും നൂറുകണക്കിന് ഗ്രാമീണരുടെയും സാന്നിധ്യത്തിലാണ് ജവാനെ മോചിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. ഏഴ് പ്രാദേശിക മാധ്യമപ്രവർത്തകരും മധ്യസ്ഥരോടൊപ്പം മാവോവാദികളുമായുള്ള സംഭാഷണത്തിൽ പങ്കെടുത്തു

സുക്മ ജില്ലയിലെ സുക്മ-ബൈജാപൂർ അതിർത്തിയിലെ വനമേഖലയിലാണ് ഏപ്രിൽ മൂന്നിന് മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലുണ്ടായത്. മാവോവാദി സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെ വെടിവെപ്പ് ഉണ്ടാകുകയായിരുന്നു. കോബ്ര യൂനിറ്റ്, സി.ആർ.പി.എഫ്, ഡിസ്ട്രിക് റിസർവ് ഗാർഡ് ജവാൻമാരാണ് വീരമൃത്യു വരിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here