ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ കോവിഡ് പ്രതിരോധത്തിന് അഞ്ച് സുപ്രധാന പദ്ധതികള്‍ പ്രഖ്യാപിച്ച് എം.കെ സ്റ്റാലിന്‍. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളാണ് ആദ്യദിനം തന്നെ സ്റ്റാലിന്‍ നടപ്പാക്കിയത്.

ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് കൊറോണ ആശ്വാസ ഫണ്ട് എന്ന പേരില്‍ 4000 രൂപ വീതം അനുവദിക്കും. ആദ്യഘട്ടമെന്ന നിലയില്‍ ഈ മാസം 2000 രൂപ അനുവദിക്കും. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സി.എം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്‌കീമിന്റെ പ്രയോജനം സ്വകാര്യ ആശുപത്രികളിലേക്കും നീട്ടി. ഇത് സ്വകാര്യ ആശുപത്രികളില്‍ നല്‍കേണ്ടിവരുന്ന ഭീമമായ ചികിത്സ ചെലവില്‍ വലിയ ആശ്വാസം നല്‍കുന്നതാണ്.

തിരഞ്ഞെടുപ്പ് കാലത്ത് വനിതാ വോട്ടര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ചു. ജോലിക്കാരായ സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും ബസ് നിരക്കില്‍ ഇളവ് നല്‍കി. തമിഴ്‌നാട് സര്‍ക്കാര്‍ സഹകരണ പാല്‍ ഫെഡറേഷന്‍ വിപണിയില്‍ ഇറക്കുന്ന ആവിന്‍ പാല്‍ വില മൂന്ന് രൂപ കുറച്ചു. പാല്‍, പാചകവാതക വില വര്‍ധന തിരഞ്ഞെടുപ്പില്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

എല്ലാ ജില്ലകളിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഒരു വകുപ്പിന്റെ രൂപീകരണത്തിലും അദ്ദേഹം ഇന്ന് ഒപ്പുവച്ചു. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ആദ്യ നൂറു ദിവസത്തിനുള്ളില്‍ ഒരു കോടിയിലേറെ കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സ്റ്റാലിന്‍ വാഗ്ദാനം ചെയ്തിരുന്നു.

ഇന്നു രാവിലെയാണ് സ്റ്റാലിനടക്കം 33 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here