മുംബൈ: സൈബർ ആക്രമണത്തിൽ 45 ലക്ഷത്തോളം ഉപഭോക്താക്കളുടെ വ്യക്തിഗതവിവരങ്ങൾ ചോർന്നതായി പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യ. വ്യോമഗതാഗതവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈകാര്യംചെയ്യുന്ന ടെക്നോളജി കമ്പനിയായ എസ്.ഐ.ടി.എ.യുടെ സെർവറുകളിൽ 2021 ഫെബ്രുവരിയിലാണ് സൈബർ ആക്രമണമുണ്ടായത്. ആഗോള എയർലൈൻ കൺസോർഷ്യമായ സ്റ്റാർ അലയൻസിൽ ഉൾപ്പെട്ട കമ്പനികൾക്ക് വിമാനയാത്രക്കാരുടെ വ്യക്തിഗതവിവരങ്ങൾ കൈകാര്യംചെയ്യുന്നതുൾപ്പെടെയുള്ള സേവനങ്ങളാണ് എസ്.ഐ.ടി.എ. നൽകുന്നത്. ഉപഭോക്താക്കളുടെ പേര്, ഫോൺനമ്പർ, പാസ്പോർട്ട് വിവരങ്ങൾ, ടിക്കറ്റ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ എന്നിവയുൾപ്പെടുന്ന വ്യക്തിഗതവിവരങ്ങളാണ് ചോർന്നിട്ടുള്ളത്.

അതേസമയം, സി.വി.വി., സി.വി.സി. നമ്പറുകൾ ഈ സെർവറിൽ സൂക്ഷിക്കാറില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കി.

2011 ഓഗസ്റ്റ് 26-നും 2021 ഫെബ്രുവരി 20-നും ഇടയിൽ ടിക്കറ്റ് ബുക്കുചെയ്തവരുടെ വിവരങ്ങളാണ് ചോർന്നിട്ടുള്ളത്. സ്റ്റാർ അലയൻസിൽ ഉൾപ്പെട്ട വിമാനക്കമ്പനികളുടെ ഫ്രീക്വന്റ് ഫ്ലൈയർ വിഭാഗത്തിലുള്ള ഉപഭോക്താക്കളുടെ വിവരങ്ങളാണ് ചോർന്നതിലധികവും. 26 വിമാനക്കമ്പനികളാണ് സ്റ്റാർ അലയൻസിലുള്ളത്. ഇതിലുൾപ്പെട്ട സിങ്കപ്പൂർ എയർലൈൻസ്, 5.8 ലക്ഷം യാത്രക്കാരുടെ വിവരങ്ങൾ ചോർന്നിട്ടുണ്ടെന്ന് കഴിഞ്ഞ മാർച്ചിൽ വെളിപ്പെടുത്തിയിരുന്നു. യാത്രക്കാർക്ക് സേവനങ്ങൾ ഉറപ്പാക്കുന്നതിനായി ഫ്രീക്വന്റ് ഫ്ളൈയർ മെമ്പർഷിപ്പുള്ള യാത്രക്കാരുടെ വിവരങ്ങൾ ഈ കമ്പനികൾ പങ്കുവെക്കാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here