ന്യൂഡൽഹി: പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറായി വിരമിച്ച ഐഎഎസ്
ഉദ്യോഗസ്ഥൻ അനൂപ് ചന്ദ്ര പാണ്ഡേയെ നിയമിച്ച് കേന്ദ്രസർക്കാർ. 1984 ബാച്ചിലെ ഉദ്യോഗസ്ഥനായ അനൂപ് ചന്ദ്ര പാണ്ഡേ ഉത്തർ പ്രദേശ് കേഡറിലായിരുന്നു. മുൻ തെരഞ്ഞെടുപ്പ് കമ്മീഷണറായ സുനിൽ അറോറ ഏപ്രിൽ 12ന് വിരമിച്ച സാഹചര്യത്തിലാണ് പുതിയ നിയമനം.

അനൂപ് ചന്ദ്ര പാണ്ഡേ കൂടി എത്തുന്നതോടെ മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഒഴിവുകൾ എല്ലാം നികത്തപ്പെടും. ഉത്തർ പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് പുതിയ നിയമനം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ സുശീൽ ചന്ദ്രയും തെരഞ്ഞെടുപ്പ് കമ്മീഷണറായ രാജീവ് കുമാറുമാണ് തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റംഗങ്ങൾ.

മുൻപ് ഉത്തർ പ്രദേശ് ചീഫ് സെക്രട്ടറിയിയായും സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ, വ്യവസായ വികസന കമ്മീഷണറായും അനൂപ് ചന്ദ്ര പാണ്ഡേ പ്രവർത്തിച്ചിട്ടുണ്ട്. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ അദ്ദേഹത്തിന് എംബിഎയും പുരാതന ചരിത്രത്തിൽ ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. 2019ലാണ് സർവീസിൽ നിന്ന് വിരമിച്ചത്. അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലയിൽ 2024 ഫെബ്രുവരി വരെ മാത്രമാണ് ഇദ്ദേഹത്തിന് ചുമതലയുണ്ടാകുക.

LEAVE A REPLY

Please enter your comment!
Please enter your name here